Saturday 23 April 2022 02:07 PM IST : By സ്വന്തം ലേഖകൻ

സാനുമാഷ് നെറുകയിൽ തൊട്ട് പ്രാർഥിച്ചു...തിരിച്ചു വരണമേയെന്ന് കൊതിച്ചു...: വേദനയായി ആ ചിത്രം

john-paul-4

അസുഖത്തിന്റെ തടവ് ഭേദിച്ച് ജോൺ പോൾ ചുറുചുറുക്കോടെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് സുഹൃത്തുക്കൾ പ്രതീക്ഷിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ ചേർന്ന് സുമനസ്സുകളിൽ നിന്നു സഹായം തേടിയതും എത്രയും വേഗം അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയെന്ന ആഗ്രഹത്തോടെയായിരുന്നു. എന്നാൽ പ്രാർഥനകളും കാത്തിരിപ്പുകളും വെറുതെയായി....കഥ പറഞ്ഞ് കൊതി തീരാതെ ജോണ്‍ പോൾ പോയി...

ശ്വാസതടസവും മറ്റു അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ രണ്ടു മാസത്തോളമായി ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹം.

അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ജോൺ പോളിനെ സാനു മാഷ് സന്ദർശിച്ചതിന്റെ ചിത്രം സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കരുതുന്നതിലും ഗുരുതരമാണെന്ന് മലയാളികളറിഞ്ഞത്. അതോടെ നാനാഭാഗത്തു നിന്നും കനിവിന്റെയും കരുതലിന്റെയും കരങ്ങൾ അദ്ദേഹത്തിലേക്ക് നീണ്ടു...ഒടുവിൽ ഒക്കെയും വിഫലമായിരിക്കുന്നു....

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളാണ് ജോൺ പോൾ. എഴുതിയതിലേറെയും മലയാളികൾ എന്നെന്നും ഓർക്കുന്ന, വീണ്ടും വീണ്ടും കാണുന്ന സിനിമകൾ. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി എന്നിങ്ങനെ കാലങ്ങളെ അതിജീവിച്ചവയാണവ...

71 വയസ്സിൽ ഇതിഹാസ സമാനമായ ആ ജീവിതം അവസാനിക്കുമ്പോൾ ഗ്രന്ഥകാരൻ, നടൻ, നിർമാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ ഇടം അടയാളപ്പെടുത്തിയിരുന്നു.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു. ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.