Saturday 31 July 2021 01:53 PM IST : By സ്വന്തം ലേഖകൻ

ഏഴ് സംവിധായകർ, ഒരു സിനിമ: ഗുണ്ടാ നേതാവായി പൃഥ്വിയും നായികയായി മഞ്ജുവും: ‘കാപ്പ’ സംവിധായകരുടെ ‘ട്വന്റി ട്വന്റി’

kaappa

അരങ്ങിലും അണിയറയിലും മലയാള സിനിമയിലെ പ്രതിഭാശാലികളായ ഒരു സംഘം സംവിധായകരുടെ സജീവ സാന്നിധ്യവുമായി ‘കാപ്പ’ ഒരുങ്ങുന്നു.

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമിച്ച്, വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’യിൽ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാരിയർ, അന്ന ബെൻ തുടങ്ങി വൻതാരനിരയും അണിനിരക്കുന്നു. ജി.ആർ ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത്. സാനു ജോണ്‍ വർഗീസാണ് ക്യാമറാമാൻ. എഡിറ്ററായി മഹേഷ് നാരായണനും എത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ വേണു, പൃഥ്വിരാജ്, ജി.ആർ ഇന്ദുഗോപന്‍, സാനു ജോണ്‍ വർഗീസ്, മഹേഷ് നാരായണന്‍ തുടങ്ങി ചിത്രത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെല്ലാം മലയാളത്തിന്റെ പ്രിയസംവിധായകർ കൂടിയാണ്. മാത്രമല്ല, റൈറ്റേഴ്സ് യൂണിയന്റെ നേതൃനിരയിലും ബി.ഉണ്ണികൃഷ്ണനും എ.കെ സാജനും ഉൾപ്പടെ സംവിധായകരുടെ നീണ്ട നിരയുണ്ട്. റൈറ്റോഴ്സ് യൂണിയൻ ‘കാപ്പ’യുടെ നിർമാണ നിർവഹണ ചുമതല ഏൽപ്പിച്ചിരിക്കുന്നതും രണ്ട് യുവസംവിധായകരെയാണ് – ദിലീഷ് നായരെയും ജിനു ഏബ്രഹാമിനെയും. അങ്ങനെയെങ്കിൽ, ‘കാപ്പ’യെ സംവിധായകരുടെ ‘ട്വന്റി ട്വന്റി’യെന്നു വിശേഷിപ്പിക്കാം.

മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ജി.ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ലയാണ് ‘കാപ്പ’യാകുന്നത്. തിരുവനന്തപുരം നഗരം പശ്ചാത്തലമാക്കി ഗുണ്ടാ ഗ്യാംഗുകളുടെ കുടിപ്പകയുടെ കഥ പറയുന്ന ‘കാപ്പ’ ഏറെ വൈകാതെ ചിത്രീകരണമാരംഭിക്കും. ‘ദയ എന്ന പെണ്‍കുട്ടി’, ‘മുന്നറിയിപ്പ്’, ‘കാര്‍ബണ്‍’, ‘ആണും പെണ്ണും’ ആന്തോളജിയിലെ ‘രാച്ചിയമ്മ’ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത, വിഖ്യാത ഛായാഗ്രാഹകൻ കൂടിയായ വേണു തന്റെ കരിയറിലെ വേറിട്ട ഒരു സംരംഭമായാണ് ‘കാപ്പ’യെ പരിഗണിക്കുന്നതെന്നാണ് ആദ്യ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

റൈറ്റേഴ്‌സ് യൂണിയന്റെ ഫണ്ട് ശേഖരണാര്‍ത്ഥമാണ് ‘കാപ്പ’ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.

kaappa-2

ഇപ്പോൾ തന്റെ പുതിയ സംവിധാന സംരംഭമായ ‘ബ്രോ ഡാഡി’യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്. മോഹൻലാൽ നായകനാകുന്ന ചിത്രം ഹൈദരാബാദിലും കേരളത്തിലുമായാണ് പൂർത്തിയാകുക. ‘കുരുതി’, ‘തീർപ്പ്’, ‘ആടുജീവിതം’, ‘ജനഗണമന’, ‘കടുവ’, ‘സ്റ്റാർ’ തുടങ്ങി ഒരു പിടി ചിത്രങ്ങളും പൃഥ്വി നായകനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ആദ്യമായാണ് പൃഥ്വിയും മഞ്ജു വാരിയരും ഒന്നിച്ചഭിനയിക്കുന്നത്. പൃഥ്വി സംവിധാനം ചെയ്ത ‘ലൂസിഫറി’ൽ മഞ്ജുവായിരുന്നു നായികയെങ്കിലും ഇരുവരും ഒന്നിച്ചുള്ള സീനുകൾ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ദീർഘ കാലത്തിനു ശേഷം ആസിഫും പൃഥ്വിയും ഒന്നിച്ചഭിനയിക്കുന്നു എന്നതും മഞ്ജുവും ആസിഫും ഒന്നിക്കുന്നു എന്നതും കാപ്പയുടെ ഹൈലൈറ്റുകളാണ്.

പൃഥ്വി നായകനാകുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുത്തിലും ഇന്ദുഗോപന്‍ പങ്കാളിയാണ്. സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ‘ഒറ്റക്കയ്യന്‍’ എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമാ രംഗത്തേക്കെത്തിയ ഇന്ദുഗോപൻ, അർജുൻ അശോകൻ നായകനായ ‘വൂൾഫ്’ എന്ന ചിത്രത്തിനാണ് അടുത്തിടെ തിരക്കഥയൊരുക്കിയത്. ബിജു മേനോന്‍ നായകനാകുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’ ആണ് ഇന്ദുഗോപന്റെ തിരക്കഥയിലൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം.