Monday 01 January 2024 11:46 AM IST : By സ്വന്തം ലേഖകൻ

‘ഇനിയും അനുഭവങ്ങളെയങ്ങനെ പാട്ടിന് വിടാൻ പറ്റില്ല’: ‘ലാൽ ജോസിന്റെ കൊച്ചുവർത്തമാനങ്ങൾ’ തുടങ്ങുന്നു

lal-jose

തന്റെ ജീവിതാനുഭവങ്ങളും സിനിമയിലെ വിശേഷങ്ങളും പങ്കുവയ്ക്കാൻ യൂ ട്യൂബ് ചാനലുമായി മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസ്. ‘ലാൽ ജോസിന്റെ കൊച്ചുവർത്തമാനങ്ങൾ’ എന്നാണ് ചാനലിന്റെ പേര്. പുതുവർഷത്തിൽ ജനുവരി ഒന്നാം തീയതി അഞ്ചു മണിക്ക് ചാനൽ പ്രവർത്തനം തുടങ്ങും.

‘ലാൽ ജോസിന്റെ കൊച്ചുവർത്തമാനങ്ങൾ...

സംഗതി ഈ പുതുവർഷത്തിൽ ജനുവരി ഒന്നാം തീയതി അഞ്ചു മണിക്ക് തുടങ്ങുകയാണ്...

കൂടെയുണ്ടാകുമല്ലോ...

ഏവർക്കും പുതുവത്സരാശംസകൾ!

പ്രിയരേ,

ഡിസംബർ മാസമാകുമ്പോ എവിടെ നിന്നെങ്കിലും അടുത്ത വർഷത്തേക്കുള്ള ഒരു പുത്തൻ ഡയറി ആരുടെയെങ്കിലും സ്നേഹസമ്മാനമായി കയ്യിലെത്തും. ധാരാളം ഡയറികൾ കയ്യിൽ വന്ന വർഷങ്ങളിൽ ഇതിലൊക്കെ എഴുതി നിറയ്ക്കാനും മാത്രം അനുഭവങ്ങൾ വരും കൊല്ലത്തിൽ ഉണ്ടാകണമെന്ന് കൊതിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഒരു നല്ല ഡയറി എടുത്ത് അടുക്കോടും ചിട്ടയോടും അനുഭവങ്ങൾ എഴുതണമെന്ന് പ്രതിജ്ഞയെടുത്ത പുതുവർഷങ്ങൾ എത്രയോ പിന്നിട്ടു. നാലു താളിനപ്പുറം കടന്നിട്ടില്ല.അനുഭവങ്ങൾ ഇല്ലാഞ്ഞിട്ടല്ല. എഴുതാനുള്ള അച്ചടക്കവും കെല്പും ഇല്ലഞ്ഞിട്ടാണ്.

ഇനിയും അനുഭവങ്ങളെയങ്ങനെ പാട്ടിന് വിടാൻ പറ്റില്ല. കൊറെ വല്യമനുഷ്യരെ അതിലധികം നല്ല മനുഷ്യരെ കണ്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. നല്ല നല്ല സ്ഥലങ്ങളിൽ പോയി എല്ലാം മറന്നിരുന്നിട്ടുണ്ട്.

ആകെ പിടിച്ചുലയ്ക്കുന്ന കഥകളെത്ര കേട്ടിരിക്കുന്നു. എഴുതാൻ വയ്യാത്തകൊണ്ട് പറയാമെന്ന് വച്ചു. ഒരു കൊച്ചുകാമറ ഓൺ ചെയ്തുവെച്ച് അതിന്റെ കണ്ണിലേക്ക് നോക്കി ഓരോരോ കൊച്ചുവർത്തമാനങ്ങൾ...

പത്ത് മിനിറ്റിൽ താഴെയുള്ള ഓരോ വീഡിയോകൾ... അവ അപ് ലോഡ് ചെയ്യാൻ ഒരു യൂട്യൂബ് ചാനൽ...

ലാൽ ജോസിന്റെ കൊച്ചുവർത്തമാനങ്ങൾ...

സംഗതി ഈ പുതുവർഷത്തിൽ ജനുവരി ഒന്നാം തീയതി അഞ്ചു മണിക്ക് തുടങ്ങുകയാണ്...

കൂടെയുണ്ടാകുമല്ലോ...’.– ചാനൽ തുടങ്ങുന്ന സന്തോഷം പങ്കുവച്ച് ലാൽ ജോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.