നിവിൻ പോളിയെ നായകനാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബേബി ഗൾ ആകുന്നത് രുദ്ര. പിറന്നു വീണ് അഞ്ചാം ദിവസത്തിൽ ഒരു സിനിമയിലെ നായിക ആകുകയെന്ന അപൂർവ ഭാഗ്യമാണ് ഈ പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ് ബാനറിൽ നിർമിക്കുന്ന സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരന്റെ മകളാണ് രുദ്ര.
തിരുവനന്തപുരത്താണ് ബേബി ഗേൾ ചിത്രീകരണം ആരംഭിച്ചത്. ഇതിനിടെ കുഞ്ഞിന്റെ നൂലുകെട്ടിന്റെ ദിവസമെത്തി. നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്. കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ചടങ്ങ്. രുദ്ര എന്ന പേര് ആദ്യം ചൊല്ലി വിളിച്ചത് സംവിധായകൻ അരുൺ വർമ, ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർ ചേർന്നാണ്. നിവിൻ പോളിയും മറ്റ് അണിയറപ്രവർത്തകരും ഒത്തുചേർന്നതോടെ നൂലുകെട്ട് അവിസ്മരണീയമായ ചടങ്ങായി മാറി.
മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിന് ബോബി സഞ്ജയ് തിരക്കഥ എഴുതുന്നു.