Thursday 09 May 2024 12:20 PM IST : By സ്വന്തം ലേഖകൻ

‘രോമാഞ്ചം’ ഇനി സംഗീതിന്റെ ‘കപ്കപി’, റിലീസ് കാത്തു നിൽക്കാതെ മടക്കം

sangeeth-2

താൻ സംവിധാനം ചെയ്ത ‘കപ്കപി’ എന്ന ഹിന്ദി ചിത്രം റിലീസിനു തയാറെടുക്കവേയാണ് സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ അപ്രതീക്ഷിത വിയോഗമെന്നത് നീരാ നൊമ്പരമാകുന്നു. സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ‘രോമാഞ്ചം’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘കപ്കപി’.

പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഒരാഴ്ച മുൻപു വരെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ജൂണിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ബ്രാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിക്കുന്നത്.

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

2023ലെ മലയാളത്തിലെ ബ്ലോക്ബസ്റ്റർ ഹിറ്റുകളിലൊന്നായിരുന്നു ‘രോമാഞ്ചം’. തമിഴിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.