സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ചിത്രങ്ങൾക്കു താഴെ അധിക്ഷേപ കമന്റുമായി എത്തിയവര്‍ക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി ഗായിക സയനോര ഫിലിപ്പ്.
‘ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങൾ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live! ഇതിന്റെ അർഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങളെങ്കിൽ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’.– സയനോര കുറിച്ചു.
പുത്തൻ ലുക്കിലുള്ള വേറിട്ട ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെയാണ് സയനോരയ്ക്കെതിരെ ചിലര്‍ രംഗത്തെത്തിയത്. വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു പലരുടെയും വിമർശനം.
നിരവധിയാളുകളാണ് ഗായികയ്ക്കു പിന്തുണയറിയിച്ചു രംഗത്തെത്തുന്നത്.