Tuesday 28 June 2022 01:14 PM IST : By സ്വന്തം ലേഖകൻ

‘പലതും വെളിയിൽ വരും... എന്നെ ചൊറിയരുത് ഞാൻ മാന്തും’: ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ

shammy

കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകൻ. അമ്മ സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരം മണ്ഡലത്തിൽ രണ്ടു സ്ത്രീകൾക്ക് വീട് നിർമിച്ചു നൽകിയെന്നും മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എംഎൽഎ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാർ അങ്ങനെ പറഞ്ഞതെന്നും ഷമ്മി തിലകൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

തന്നെക്കൊണ്ട് നാട്ടുകാർക്ക് ശല്യമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം എംഎൽഎയ്ക്ക് എങ്ങനെ ഇവിടെയുള്ള കാര്യത്തെക്കുറിച്ച് ധാരണ ഉണ്ടായി. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ് തനിക്കെതിരെ കേസുകൾ ഉണ്ടാക്കിയത്. ആ പേര് പറയുന്നില്ല.

‘അമ്മ’ മാഫിയ സംഘമാണെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞതും കള്ളമാണ്. ‘അമ്മ’ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞതാണ്. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.

അമ്മയില്‍ ഭാരവാഹിയായിരിക്കാനുള്ള ഏക നിബന്ധന മറ്റ് സംഘടനകളില്‍ അംഗമാകരുതെന്നാണ്. എന്നാല്‍ ഗണേഷ്‌കുമാര്‍ ടിവി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ആജീവനാന്ത പ്രസിഡന്റാണെന്നും താരം കൂട്ടിച്ചേർത്തു. അച്ഛൻ തിലകനോട് കാട്ടിയതു തന്നെയാണ് താരസംഘടന തന്നോടും കാണിക്കുന്നതെന്നും തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി മാധ്യമങ്ങളോട് പറഞ്ഞു.