ലഹരിമരുന്നു കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കൊക്കെയ്ൻ കേസ് ഇതായിരുന്നു. 2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും വെറുതെ വിടുകയായിരുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വ. രാമന്‍ പിള്ളയാണ് ഹാജരായത്.
2015 ജനുവരി 30 നാണ് കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്ന് ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായത്. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഫ്ലാറ്റിൽനിന്നു കൊക്കെയ്ൻ കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ കാക്കനാട്ടെ ഫൊറന്‍സിക് ലാബില്‍ രക്തസാംപിളുകൾ പരിശോധിച്ചപ്പോൾ കൊക്കെയ്ന്റെ സാന്നിധ്യമില്ല എന്നായിരുന്നു റിപ്പോർട്ട്.