കൊച്ചി നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുള്ളവരും.
ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് ഹോട്ടലിൽ എത്തിയത്.
പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞു. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല.
റെയ്ഡിനെക്കുറിച്ച് ഷൈന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്നാണ് അനുമാനം.
ഹോട്ടലിന്റെ റിസപ്ഷനിൽ എത്തിയ പൊലീസ് സംഘം ഷൈൻ ടോം ചാക്കോ താമസിക്കുന്ന മുറി ഏതാണെന്ന് അന്വേഷിച്ചു.
തുടർന്ന് 314–ാം നമ്പർ മുറി ലക്ഷ്യമാക്കി പൊലീസ് എത്തുമ്പോഴേക്കും ഷൈൻ മുറിയുടെ ജനാലവഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി രക്ഷപ്പെടാൻ നീക്കം നടത്തിയിരുന്നു. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. പിന്നാലെ അവിടെനിന്നു നീന്തൽ കുളത്തിലേക്ക് എത്തിയ ഷൈൻ, പടിക്കെട്ടുകളിലൂടെ ഓടിയാണ് റിസപ്ഷന്റെ ഭാഗത്തേക്ക് എത്തിയത്. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈൻ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇത്രയും സാഹസപ്പെട്ട് ഷൈൻ രക്ഷപ്പെടണമെങ്കിൽ അദ്ദേഹത്തിന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ അനുമാനം. ഷൈനിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതേ സമയം സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ ആണെന്ന് നടി വിൻ സി അലോഷ്യസ് വെളുപ്പെടുത്തിയത് വലിയ ചർച്ചയാകുകയാണ്.