തന്റെ പാർകൗർ അഭ്യാസത്തിന്റെ വിഡിയോ നടൻ സിജു വിൽസൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലാകുന്നു. പുതിയ സിനിമയിലെ പാർകൗർ അഭ്യാസത്തിന്റെ വിഡിയോയാണ് സിജു പോസ്റ്റ് ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിൽസൺ നായകനായെത്തുന്ന മാസ് ആക്‌ഷൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ വിഡിയോ. ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സുദേവ് നായർ, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് വിഡിയോയ്ക്ക് കയ്യടികളുമായി എത്തുന്നത്.
സിദ്ദീഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ് കെ വി, നമ്രിത, ലെന എന്നിവരും സിജുവിന്റെ പുതിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സംവിധാനം. ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ് നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിലാഷ് അർജുനൻ.
സന്ദീപ് സദാനന്ദനും ദീപു എസ് നായരുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം രാഹുൽ രാജ്. കണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കും.