മലയാളത്തിന്റെ പ്രിയനടി സുബി സുരേഷ് വിടപറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുന്നു. അപ്രതീക്ഷിതമായിരുന്നു സുബിയുടെ വിയോഗം.
‘സുബി...സഹോദരി, നീ പോയിട്ടു ഒരു വർഷം ആകുന്നു. ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം, നിന്നെ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു. നിന്റെ അവസാന യാത്രയിലും നിന്റെ കൂടെ ഞാൻ ഉണ്ടായിരുന്നു. തീർച്ചയായും മറ്റൊരു സ്നേഹതീരത്ത് നമ്മൾ ഒന്നിച്ചുകാണും’. –സുബിയുടെ ഓർമകൾ പങ്കുവച്ച് നടൻ ടിനി ടോം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടി കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കെത്തുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.