Friday 05 January 2024 03:00 PM IST

‘അന്ന് കാമസൂത്ര പോലുള്ള പരസ്യത്തിൽ അഭിനയിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി?’: ശ്വേത മേനോന്റെ മറുപടി

Vijeesh Gopinath

Senior Sub Editor

swetha-menon-insta ചിത്രം: ശ്വേത മേനോൻ ഇൻസ്റ്റഗ്രാം

അച്ഛന്റെയും അമ്മയുടെയും പേരന്റിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ‌ ശ്വേതയ്ക്ക് എത്ര മാർക്ക് കിട്ടും?

ദേവ, ചരിത്ര വിദ്യാർഥി, ഗവ. കോളജ്, മടപ്പള്ളി

അവരെ പോലെയാകാൻ എനിക്കു പ റ്റിയിട്ടില്ല. പക്ഷേ, അങ്ങനെ ആകാനുള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പാഠങ്ങൾ പഠിക്കുന്നു.

കുട്ടികളും മാറി. അന്നത്തെ കാലത്തു സ്വപ്നങ്ങൾ കുറവായിരുന്നു. ഇപ്പോഴത്തെ കുട്ടികളുടെ മോഹങ്ങൾ വലുതാണ്. കുഞ്ഞുവാവയ്ക്കു വരെ വലിയ ആഗ്രഹങ്ങൾ.

മകൾ സബൈന ആറാം ക്ലാസിലാണ്. അമ്മ എന്ന രീതിയിൽ എന്നെയും മകൾ എന്ന രീതിയിൽ അവളെയും മനസ്സിലാക്കാൻ ഞങ്ങള്‍ രണ്ടാളും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കാൽനൂറ്റാണ്ടായി സിനിമയിൽ. സദാ സന്തോഷത്തോടെയും ബോൾഡായും കാണുന്നു. എന്താണു സക്സസ് മന്ത്ര ?

സിന്ധു നായർ, അധ്യാപിക, എസ്‌വിഎച്ച്‌എസ്

പൊങ്ങലടി, പത്തനംതിട്ട

ജീവിതത്തിൽ നെഗറ്റീവ് ആയതൊന്നും സിനിമ തന്നിട്ടില്ല. എന്റെ കാഴ്ചപ്പാട് കൃത്യമായിരുന്നു. സ്കൂൾ‌ കാലം മുതൽക്കേ ഇഷ്ടപ്പെടാത്ത എന്തു കാര്യവും തുറന്നു പറയുന്ന ആളാണ് ഞാൻ. ഇന്നും അങ്ങനെയാണ്.

ലൈഫ് വളരെ ചെറുതല്ലേ? നമ്മളെന്നും ഹാപ്പിയായി ഇരിക്കണം. ഞാൻ ഒരു ദിവസം പോലും സങ്കടപ്പെട്ട് ഈ ഇൻഡസ്ട്രയിൽ ജോലി നോക്കിയിട്ടില്ല. എനിക്കു വർക്ക് കിട്ടിയില്ലെങ്കിൽ നോ പ്രോബ്ലം. മറ്റുള്ളവർ ഗ്ലാമറസ് ആയി നോക്കിയാല്‍ നോ പ്രോബ്ലം. നിങ്ങളുടെ കാഴ്ചപ്പാടല്ല ഞാൻ. എന്റേതായ ചിന്തയുണ്ട്. അതാണ് ഞാൻ.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി. പക്ഷേ, പുതുതലമുറ നായകൻമാർക്കൊപ്പം അധികം കണ്ടിട്ടില്ല. എന്തുകൊണ്ടാകാം?

നീതു ദീപു, ഡിജിറ്റൽ മാർക്കറ്റർ, ഹോങ്കോങ്

എനിക്ക് ഇപ്പോഴും സിനിമയിൽ പ്രണയിക്കണം എന്നാണ്. നല്ല കഥാപാത്രങ്ങളല്ലെങ്കിൽ വെറുതെ ഒരു അമ്മയായൊക്കെ അഭിനയിക്കാൻ മടിയാണ്.

കാത്തിരിപ്പ് രസമുള്ള പരിപാടിയാണ്. അതിൽ ഒരു റൊമാൻസ് ഉണ്ട്. സിനിമയോട് ആ പ്രണയത്തിലാണു ഞാൻ. അതുകൊണ്ടു തന്നെ എനിക്ക് ഇഷ്ടമല്ലാത്ത കഥാപാത്രങ്ങൾ വരുമ്പോൾ നോ പറയാൻ ഒരു മടിയുമില്ല.

നാൻ തിരുമ്പി വരുവേൻ...

അന്ന് പൂർണമായും

ജഡ്ജ്മെന്റൽ ആയ സമൂഹത്തിൽ കാമസൂത്ര പോലുള്ള പരസ്യത്തിൽ അഭിനയിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി? വേണ്ടിയിരുന്നില്ലെന്നു പിന്നീടു തോന്നിയോ?

നീത നടരാജ്, എഴുത്തുകാരി, കോട്ടയം.

ഒരിക്കലുമില്ല. ജീവിതത്തിൽ എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിച്ചിട്ടില്ല. കാമസൂത്രയുടെ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. സെറ്റിലുള്ള ആൾക്കാരെന്തു വിചാരിക്കും എ ന്നു ചിന്തിച്ചിട്ടില്ല, പിന്നെയല്ലേ സമൂഹം.

പലപ്പോഴും ഞാൻ മുൻപ് ചെയ്ത കാര്യങ്ങൾ ഇന്ന് ഒ രു മടിയും കൂടാതെ സമൂഹം ചെയ്യുന്നുണ്ട്. ഉദാഹരണം പറയാം. കളിമണ്ണിൽ‌ പ്രസവം ചിത്രീകരിച്ചെന്നു പറഞ്ഞുചിലർ വിമർശിച്ചു. ഇന്ന് സോഷ്യൽ മീഡിയയിൽ നോക്കൂ. എത്ര ഇൻഫ്ലുവൻസേഴ്സ്, നടിമാർ പ്രസവകാലം ചിത്രീകരിക്കുന്നു. ഞാനാണെങ്കിൽ ഒരു സിനിമയ്ക്കു വേണ്ടിയാണു ചെയ്തത്. ഇന്നാണെങ്കിലോ ഗർഭധാരണത്തിന്റെ ഒാരോ ദിവസവും അല്ലേ പോസ്റ്റ് ചെയ്യുന്നത്.

വിവാദങ്ങളെ എങ്ങനെയാണ് നേരിടുന്നത്. പല വിവാദങ്ങളും സ്ട്രെസ് ഉണ്ടാക്കിയോ?

ദിവ്യ ദിവാകർ, വില്യാപ്പള്ളി, വടകര

ഒറ്റവരിയിൽ ഉത്തരം പറയാം. കായ്ക്കുന്ന മാവിലേ കല്ലേറുണ്ടാവൂ. ഞാനങ്ങനെയാണ് അതിനെ കാണുന്നത്.

അച്ഛൻ‌ പറഞ്ഞിട്ടുണ്ട്, ‘മോളേ, എന്തു ജോലി ചെയ്താലും ആത്മാർഥമായി ചെയ്യണം. സിനിമ കണ്ടു കഴിഞ്ഞു പുറത്തു വന്നാൽ ശ്വേത മേനോ നെ കുറിച്ചു പറയരുത്. ആ കഥാപാത്രത്തെ കുറിച്ചേ പറയാവൂ.’ സംവിധായകരുടെയും എഴുത്തുകാരുടെയും കഴിവുകൾ കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ എനിക്കു കിട്ടിയിട്ടുണ്ട്.

എന്റെ വിശ്വാസം പറയാം, ഏജ് ഒരു ഇഷ്യു അല്ല, വെറും ടിഷ്യു മാത്രം. നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുമ്പോൾ വിവാദം ഒക്കെ ആര് ഒാർക്കുന്നു.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ