Thursday 02 December 2021 12:03 PM IST : By സ്വന്തം ലേഖകൻ

‘ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കൾ ലാലേട്ടന്റെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നു ബോധ്യപ്പെട്ട മാസങ്ങൾ’: ആശംസകൾ നേർന്ന് വി.എ ശ്രീകുമാർ

sreekumar

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ആശംസകൾ നേർന്ന് സംവിധായകൻ വി.എ ശ്രീകുമാർ.

ശ്രീകുമാറിന്റെ കുറിപ്പ് –

ഏറ്റവും കൂടുതൽ റിലീസിങ് സ്ക്രീനുകൾ!

റിലീസിന് മുൻപ് 100 കോടി കളക്ഷൻ!

വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്. പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാർ മലയാളത്തിന് നൽകുന്നത് പുതിയ സാധ്യതകളാണ്. 25 വർഷം പ്രിയേട്ടനും ലാലേട്ടനും മനസിൽ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാർ. കാലാപാനി എന്ന ദൃശ്യാനുഭവം 25 വർഷങ്ങൾക്ക് മുൻപ് നൽകിയ പ്രിയേട്ടൻ മരയ്ക്കാറിലൂടെ നൽകുന്നത് എന്താകും എന്നറിയാൻ ഞാനും കാത്തിരിക്കുന്നു- കടൽ കാണാത്ത കടൽ സിനിമ, സാങ്കേതികതയുടെ അൽഭുത സമുദ്രം തന്നെയാകും!

ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കൾ ലാലേട്ടന്റെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബൈയിൽ നടക്കുകയാണ്. ലാലേട്ടനെ വമ്പൻ ബാനറുകൾ പ്രതീക്ഷിക്കുന്നു. ഒടിടിയിൽ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്.

കുഞ്ഞാലി മരയ്ക്കാർ വമ്പൻ വിജയമാകും. യഥാർത്ഥ ബിഗ് ബജറ്റ് സിനിമകൾക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്.

മലയാളത്തിന്റെ ബിഗ് സിനിമകൾക്കായി ആന്റണി പെരുമ്പാവൂർ എടുക്കുന്ന മുൻകൈ എത്ര പ്രശംസിച്ചാലും മതിയാകില്ല.

സിനിമ ഞാൻ തിയറ്ററിൽ കാണും. കുഞ്ഞാലി മരയ്ക്കാറിന് എല്ലാ ഭാവുകങ്ങളും.