Friday 12 January 2024 10:59 AM IST : By സ്വന്തം ലേഖകൻ

‘അന്യഭാഷ സിനിമകൾ കൊണ്ട് തിയറ്ററുകള്‍ നിറയ്ക്കുമ്പോൾ മലയാള സിനിമകൾ എങ്ങനെ ഇവിടെ റിലീസ് ചെയ്യും ?’: വിജയ് ബാബുവിന്റെ കുറിപ്പ്

vijay-babu

ആർക്കും അറിയില്ലാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ഇവിടെയുള്ള പ്രധാന വിതരണക്കാർ കേരളത്തിലെ തിയറ്ററുകളിൽ കൊണ്ടിടുകയാണെന്നും ഇത്തരം വിതരണക്കാർ തിയറ്റർ ഉടമകളുടെ മേൽ സമ്മർദം ചെലുത്തി അന്യഭാഷ സിനിമകൾ കൊണ്ട് തിയറ്ററുകള്‍ നിറയ്ക്കുമ്പോൾ മലയാള സിനിമകൾ എങ്ങനെ ഇവിടെ റിലീസ് ചെയ്യുമെന്നും നടനും നിർമാതാവുമായ വിജയ് ബാബു.

‘‘ആർക്കും അറിയില്ലാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ഇവിടെയുള്ള പ്രധാന വിതരണക്കാർ കേരളത്തിലെ തിയറ്ററുകളിൽ കൊണ്ടിടുകയാണ്. ഇത്തരം വിതരണക്കാർ തിയറ്റർ ഉടമകളുടെ മേൽ സമ്മർദം ചെലുത്തി അന്യഭാഷ സിനിമകൾ കൊണ്ട് തിയറ്ററുകള്‍ നിറയ്ക്കുമ്പോൾ മലയാള സിനിമകൾ എങ്ങനെ ഇവിടെ റിലീസ് ചെയ്യും ? കണ്ടന്‍റ് സാധ്യതയുള്ള മലയാള സിനിമകളെ അവഗണിച്ചാണ് ഇതുപോലുള്ള പേരറിയാ സിനിമകൾക്ക് കൂടുതൽ സ്ക്രീൻസും ഷോയും തിയറ്റർ ഉടമകൾ നൽകുന്നത്.

മലയാള സിനിമകളുടെ ഐഡന്റിറ്റി ഇതുമൂലം നഷ്ടപ്പെടും. പാൻ ഇന്ത്യൻ, പാൻ സൗത്ത്, ബോളിവുഡ്, ഹോളിവുഡ്, പിന്നെ വലിയ മലയാളം സിനിമകൾ മാത്രം ഇവിടെ റിലീസ് ചെയ്യും. മറ്റുള്ള കൊച്ചു മലയാള സിനിമകൾ പത്തോ അതിലധികമോ ആയി ഒരു മഴക്കാലത്ത് ഒറ്റ ദിവസം റിലീസ് ചെയ്യും.

എന്റെ ഖൽബ് എന്ന സിനിമ ഇതിനിടയിൽനിന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് റിലീസിനൊരുങ്ങുകയാണ്. അസോസിയേഷനോട് ഒരു അപേക്ഷയുണ്ട്, ഇതൊരു ദുരവസ്ഥയാണ്. നിങ്ങളുടെ കണ്ണ് തുറക്കണം. കഴിഞ്ഞ ക്രിസ്മസിനു മാത്രമാണ് മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരൊറ്റ മലയാള സിനിമ മാത്രം റിലീസ് ചെയ്തത്’. – വിജയ് ബാബു കുറിച്ചു.

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖൽബ്. രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്നു.

ഖൽബിനൊപ്പം നാല് അന്യഭാഷ ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസിനെത്തുന്നത്. ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ, ശിവകാർത്തികേയന്റെ അയലാൻ, തെലുങ്ക് ചിത്രം ഹനുമാൻ, അരുൺ വിജയ്‍യുടെ മിഷൻ എന്നീ സിനിമകൾ കേരളത്തിലും നാളെ റിലീസ് ചെയ്യും.