പരാതിയിൽ പറയുന്ന നടന്റെ പേര് പുറത്തു വിട്ടത് ശരിയായ നടപടിയല്ലെന്ന് സിനിമാ സംഘടനകളിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടി വിൻ സി. അലോഷ്യസ്. നടൻ ഭാഗമായ സിനിമകളുടെ ഭാവിയെ ഈ പ്രശ്നം ബാധിക്കുമെന്ന ആശങ്ക തനിക്കുണ്ടെന്നും വിൻ സി. മാധ്യമങ്ങളോട് പ്രതികരിച്ചു.
‘വ്യക്തിയുടെ പേര് പുറത്ത് വന്നത് ‘അമ്മ’യിൽ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും അല്ല എന്ന് ആണ് ഞാൻ അറിയുന്നത്, വ്യക്തമായി അറിയില്ല. ആരാണ് ആ പേര് പുറത്തു വിട്ടതെങ്കിലും ഏറ്റവും വലിയ വിശ്വാസമില്യായ്മയാണ് കാണിച്ചിരിക്കുന്നത്. ഞാൻ ഇപ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയാണ്. മര്യാദയ്ക്ക് എന്റെ നിലപാടും എടുത്ത് എനിക്ക് പറയാനുള്ളത് മാത്രം പറഞ്ഞ് മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. കാരണം ഒരു പരാതി നൽകിയാൽ വ്യക്തിയുടെ പേര് മാധ്യമങ്ങളിലേക്കും പൊതു സമൂഹത്തിലേക്കും പോയാൽ ആ സിനിമയുടെ ഭാവി എന്താകും എന്ന ആശങ്ക ഉണ്ട്. എന്നെ നല്ല രീതിയിൽ പരിഗണിച്ച സിനിമയാണ് അത്. അദ്ദേഹത്തെ വച്ച് മുന്നോട്ട് പോകുന്ന പല സിനിമകളും നിർമാതാക്കളും ഉണ്ട്.
പേര് ഊഹിക്കുന്നവർക്ക് ഊഹിക്കാം, പക്ഷേ വ്യക്തമായി പേര് പറയുമ്പോൾ അയാളുമായി ബന്ധപ്പെട്ട സിനിമകളെ അത് ബാധിക്കും. സിനിമയിൽ പണം മുടക്കിയിരിക്കുന്ന ഒരുപാട് പാവം സിനിമാപ്രവർത്തകർ അത് ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഞാൻ പേര് പുറത്തുവിടരുത് എന്ന് പറഞ്ഞത്’’.– വിൻസി പറഞ്ഞു.