ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വിൻ സി. അലോഷ്യസ്‍. ഒന്നിച്ചഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് അടുത്തിടെ വിൻ സി പറഞ്ഞിരുന്നു. ഇതിൽ കൂടുതൽ വിശദീകരണമെന്ന നിലയിലാണ് പുതിയ വെളിപ്പെടുത്തലുമായി വിൻ സി. എത്തിയത്.
‘ഞാൻ ഭാഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രമായിരുന്ന ആർട്ടിസ്റ്റ് ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നുമുണ്ടായ എക്സ്പീരിയൻസ് മോശമായിരുന്നു. അദ്ദേഹം ഇത് ഉപയോഗിച്ച് വളരെ മോശമായ രീതിയിൽ എന്തു പറഞ്ഞാലും മനസ്സിലാകാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറിയിട്ടുണ്ട്. മോശം എന്ന് പറയുമ്പോൾ ഞാൻ അത് വ്യക്തമാക്കാം. ഒരിക്കൽ എന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ എന്റെ അടുത്ത് വന്നിട്ട് ‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’ എന്നൊക്കെ എന്നോട് പറഞ്ഞു. എല്ലാവരുടെയും മുന്നിൽവെച്ച് എന്നോട് അങ്ങനെ മോശമായ രീതിയിൽ പെരുമാറിയപ്പോൾ പിന്നീട് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മറ്റൊരു അവസരത്തിൽ ഞങ്ങൾ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നതൊക്കെ മറ്റൊരു കാര്യമാണ്. പക്ഷേ സിനിമ സെറ്റിൽ ഉപയോഗിച്ച് അത് മറ്റുള്ളവർക്ക് ഉപദ്രവകരം ആകുമ്പോൾ സഹിക്കാൻ കഴിയില്ല. അതെല്ലാം സഹിച്ചുകൊണ്ട് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ അഭിനയിക്കാനും എനിക്ക് താൽപര്യമില്ലായിരുന്നു. എന്റെ വ്യക്തിപരമായ അനുഭവം കാരണം ഞാൻ എടുക്കുന്ന തീരുമാനമാണിത്.
സെറ്റിൽ ഇങ്ങനെ ഒരു സംഭവമുണ്ടായത് എല്ലാവരും അറിയുകയും സംവിധായകൻ ഇദ്ദേഹത്തോട് പോയി സംസാരിക്കുകയും ചെയ്തു. ഇദ്ദേഹം പ്രധാന നടൻ ആയതുകൊണ്ട് ആ സിനിമ എങ്ങനെയെങ്കിലും തീർക്കാൻ എല്ലാവരും ബുദ്ധിമുട്ടുന്ന നിസ്സഹായാവസ്ഥ ഞാൻ നേരിട്ട് കണ്ടു. എനിക്ക് ബുദ്ധിമുട്ട് നേരിട്ടപ്പോൾ പല അവസരത്തിലും അവർ എന്നോട് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് എന്നെ കംഫർട്ടബിൾ ആക്കാൻ നോക്കി. എന്നോട് ക്ഷമ പറഞ്ഞത് കൊണ്ട് കൊണ്ട് മാത്രമാണ് ഞാൻ ആ സെറ്റിൽ തുടർന്നു പോയത്. പിന്നീട് എനിക്ക് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആ സിനിമ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയൊക്കെയോ കടിച്ചുപിടിച്ച് ഞാൻ തീർത്ത ഒരു സിനിമയാണ് അത്. അതൊരു നല്ല സിനിമയായിരുന്നു. പക്ഷേ ആ ഒരു വ്യക്തിയുടെ കയ്യിൽ നിന്നും എനിക്ക് കിട്ടിയ അനുഭവം എനിക്ക് ഒക്കെ ആയിരുന്നില്ല. അതിന്റെ പേരിലാണ് ഇത്തരം ഒരു പ്രസ്താവന ഞാൻ നടത്തിയത്’.– വിൻ സി പറയുന്നു.