Tuesday 22 April 2025 11:33 AM IST : By സ്വന്തം ലേഖകൻ

ഷൈൻ മാപ്പ് പറഞ്ഞു, മോശമായി പെരുമാറില്ലെന്നും ഉറപ്പ്: വിന്‍ സിയുടെ പരാതി ഒത്തുതീര്‍പ്പിലേക്കെന്നു സൂചന

winc-2

സിനിമാ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍ സി അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പിലേക്കെന്നു സൂചന. തിങ്കളാഴ്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ഐസി യോഗത്തില്‍ ഷൈന്‍ വിന്‍സിയോട് മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ‘സൂത്രവാക്യം’ സിനിമയുടെ ഭാവി കൂടി കണക്കിലെടുത്താണ് ഒത്തുതീർപ്പത്രേ.

വിന്‍ സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്‌ക്കൊറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐസിസി കേട്ടു. ഐസിയുടെ ഏത് തീരുമാനവും അംഗീകരിക്കാമെന്നായിരുന്നു വിന്‍ സിയുടെ അഭിപ്രായം. തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിലെ അതൃപ്തി വിന്‍ സി അറിയിച്ചു. താന്‍ മനഃപൂർവം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും പറഞ്ഞ ഷൈന്‍ ആ ശൈലി ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. തന്റെ പെരുമാറ്റം മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഷൈന്‍ പറഞ്ഞു. വിന്‍ സി ഒറ്റയ്ക്കും ഷൈന്‍ ടോം ചാക്കോ കുടുംബത്തിനൊപ്പവുമാണ് എത്തിയത്.

അതേ സമയം, ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കാനുള്ള തീരുമാനമാകും ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടാകുക എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാകും ‘അമ്മ’യും ഫിലിം ചേമ്പറും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കടുത്ത

നിലപാടിലേക്ക് പോകേണ്ട എന്നാണ് സംഘടനകളുടെ തീരുമാനമത്രേ.