എന്റെ പാട്ടുകളിൽ അറിയാതെയും അറിഞ്ഞും അവളുണ്ട്, എന്റെ ഇഷ്ടദേവിക്ക് 66 വയസ്സ്: ഭാര്യയ്ക്ക് പിറന്നാൾ ആശംസയുമായി കൈതപ്രം Kaithapram’s heartfelt birthday wishes for his wife
പ്രിയതമയുടെ പിറന്നാൾ സുദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഭാര്യ ദേവകി ദാമോദരന്റെ പിറന്നാൾ ദിനത്തിലാണ് സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവച്ചത്. തന്റെ എല്ലാ കാര്യത്തിനും പിന്നിൽ ഭാര്യ ഉണ്ടെന്നും അവരുടെ സഹായമില്ലാതെ പറ്റുകയില്ലെന്നും കൈതപ്രം കുറിച്ചു. ഭാര്യയോടൊപ്പം ഇരിക്കാൻ ഒരു ദിവസം കൂടി ലഭിച്ചതിന്റെ സന്തോഷവും കൈതപ്രം പങ്കുവച്ചു.
കൈതപ്രം പങ്കുവച്ച കുറിപ്പ്:
വിവാഹ ശേഷം ഞാൻ ഏറ്റവും സ്നേഹിക്കുന്ന വ്യക്തിയുടെ പിറന്നാളാണ് ഇന്ന്. ദേവി എന്ന ദേവകി ദാമോദരൻ. അതിനു മുൻപ് നമുക്ക് പരിചയമില്ലല്ലോ. പിന്നീട് എന്റെ എല്ലാ കാര്യങ്ങൾക്കും പിന്നിൽ അവളുണ്ട്, കുടുംബത്തിലെ പല കാര്യങ്ങളും അന്നും ഇന്നും എനിക്കറിയില്ല. ഇന്ന് എനിക്ക് അനാരോഗ്യം അനുഭവപ്പെട്ടതിനു ശേഷം ഭാര്യയുടെ സഹായമില്ലാതെ പറ്റുകയുമില്ല. 66 വയസ്സായിരിക്കുന്നു ഇന്ന് എന്റെ ഇഷ്ടദേവിക്ക്.
എന്റെ ആയിരക്കണക്കിന് പാട്ടുകളിൽ അറിയാതെയും അറിഞ്ഞും അവളുണ്ട്. എന്റെ വിവാഹ ജീവിതം സുന്ദരമാണ്. ആരോഗ്യപരമായി എനിക്ക് പ്രശ്നമുണ്ടെങ്കിലും മനസ്സുകൊണ്ട് ഞങ്ങളെപ്പോഴും ചേർന്നലിഞ്ഞാണ്.
എന്റെ ദേവിയെ- എന്റെ കുടുംബിനിയോട് അലിഞ്ഞിരിക്കുന്ന ഏറ്റവും പുതിയ ദിവസത്തിന് നന്ദി- ഈ ദിവസങ്ങൾക്ക് ഇനിയും കാത്തിരിക്കും.
ചുരുങ്ങിയ സമയത്തിനകം തന്നെ കൈതപ്രത്തിന്റെ സ്നേഹാശംസ ശ്രദ്ധേയമായി. നിരവധി പേരാണ് ദേവകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രതികരണങ്ങൾ അറിയിക്കുന്നത്. സിത്താര കൃഷ്ണകുമാർ, അരുൺ അലത്ത് ഉൾപ്പെടെയുള്ള ഗായകരും പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആയിരുന്നു ദേവകി ദാമോദരന്റെ പിറന്നാൾ.