എം.ജി. ശ്രീകുമാറിന്റെ പാട്ട് ദൈവവരം; ശബ്ദം കൊണ്ടു ജീവിക്കുന്നയാളെന്നു ഏടിലൂടെ സാക്ഷ്യപ്പെടുത്തിയതു വൈത്തീശ്വരൻ Lekha Shares a Divine Experience at Vaidheeswaran Temple
പാട്ടു പോലെ തന്നെ എം.ജി. ശ്രീകുമാറിന്റെ ജീവിതത്തിനു തിളക്കമേകുന്ന മറ്റൊന്നുണ്ട്, ദൈവവിശ്വാസം. വനിതയ്ക്കു നൽകി അഭിമുഖത്തിലാണ് എം.ജി. ശ്രീകുമാറും ഭാര്യ ലേഖയും പ്രാർഥനയുടെയും ഈശ്വര കടാക്ഷത്തിന്റെയും അനുഭവങ്ങൾ പറഞ്ഞത്.
‘‘പാടാന്‍ ശബ്ദം തരണേ എന്നാണു പ്രാർഥിക്കുന്നത്. ഈ പ്രായത്തിലും സ്റ്റേജിൽ നിൽക്കുമ്പോൾ ഫുൾ എനർജിയാണ്. ആ ഭാഗ്യം എന്നും തരണേ എന്നാണു പ്രാർഥന,’’ എം.ജി ശ്രീകുമാർ പറഞ്ഞു.
അതിനു സാക്ഷ്യമെന്നോണം ഭാര്യ ലേഖ ഓർത്തെടുത്തതു വർഷങ്ങൾക്കു മുൻപു വൈത്തീശ്വരൻ കോവിലിൽ വച്ചുണ്ടായ ഒരു അനുഭവം. ‘‘വർഷങ്ങൾക്കു മുൻപു വൈത്തീശ്വരൻ കോവിലിൽ വച്ച് ഏട് എടുത്തപ്പോൾ ‘ശബ്ദം കൊണ്ടു ജീവിക്കുന്ന ഒരാൾക്കൊപ്പമാണു ജീവിത’മെന്നു ഫലം കണ്ടിരുന്നു. അന്ന് ശ്രീക്കുട്ടന്റെ കാര്യം ചിന്തിച്ചിട്ടു പോലുമില്ലല്ലോ.
പ്രതിസന്ധികളിലൊക്കെ ദൈവങ്ങളാണു കൂട്ട്. തിരുവനന്തപുരത്തെ വീട്ടിൽ വച്ചു വെളുപ്പിനു രണ്ടരയ്ക്കുണർന്ന് കുളിച്ചു നാമം ജപിച്ച് അമ്പലത്തിൽ പോകുമായിരുന്നു. അവിടെ പൂജാമുറിയിൽ 40 വർഷമായി തെളിയുന്ന കെടാവിളക്കുണ്ട്. മുറ്റത്തെ കൂവളമരത്തിനു ചുവട്ടിലും മുടങ്ങാതെ തിരി വയ്ക്കും. പ്രാർഥനയാണ് ശക്തി. എന്തു പ്രശ്നമുണ്ടെങ്കിലും പ്രാർഥിച്ചാൽ മനസ്സു പോസിറ്റീവാകും,’’ പ്രാർഥനയുടെ ശക്തിയെ കുറിച്ചു ലേഖ വാചാലയാകുന്നു.
പാട്ട് അല്ലാതെ എം.ജി. ശ്രീകുമാറിന്റെ ഇഷ്ടങ്ങളിലും കൗതുകമുണ്ട്. ‘‘പത്താം ക്ലാസ് വരെ ക്രിക്കറ്റ് കളിക്കാരനായിരുന്നു. വെയിലുകൊണ്ട് വിയർപ്പു താഴ്ന്നു പനിയും ചുമയും പതിവായപ്പോൾ വീട്ടിൽ ക്രിക്കറ്റിനു വിലക്കായി. പുളിങ്കമ്പു കൊണ്ടുള്ള അടി കുറേ കിട്ടിയിട്ടുമുണ്ട്.
പാട്ടിൽ തിരക്കായപ്പോഴാണു ബാങ്ക് ജോലി രാജിവച്ചത്. രാഷ്ട്രീയത്തിലിറങ്ങുമോ എന്നു പലരും ചോദിക്കും. എല്ലാ രാഷ്ട്രീയക്കാരോടും അടുപ്പമുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പിന് രാഷ്ട്രീയത്തെക്കാൾ വ്യക്തിയെ നോക്കിയാണ് വോട്ട് ചെയ്യുന്നത്. അതിലപ്പുറം ഒന്നുമില്ല.
പിന്നെയൊരു ഇഷ്ടമുള്ളത് ‘വെടിവയ്പാ’ണ്. ആലപ്പുഴ റൈഫിൾ ക്ലബിലെ ഓണററി അംഗമാണ്. അവിടെ പിസ്റ്റൾ വച്ച് ബുൾസ് ഐ ഷോട് പരിശീലിക്കുന്നതു വലിയ ഹരമാണ്. സമയം കിട്ടുമ്പോൾ പാചകം ചെയ്യും, നോൺ ആണ് പരീക്ഷിക്കുന്നത്,’’ എം.ജി. ശ്രീകുമാർ ട്രേഡ് മാർക് ചിരിയോടെ പറയും.
ശ്രീക്കുട്ടന്റെ പാട്ടിനു കൂട്ടായ ലേഖ പാടുമോ ? ആ ചോദ്യത്തിനു ലേഖയുടെ മറുപടി ഇങ്ങനെ, ‘‘പാട്ട് പഠിച്ചിട്ടുണ്ട്. പക്ഷേ, പാട്ടുകാരന്റെ ഭാര്യയായതിൽ പിന്നെ മൂളിപ്പാട്ടു പോലും പാടിയിട്ടില്ല. സിനിമയിൽ അഭിനയിക്കാൻ പലവട്ടം അവസരം വന്നിട്ടുണ്ട്. അതിനോടും ‘നോ’ ആയിരുന്നു മറുപടി.’’