Thursday 11 January 2024 11:29 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ചെറുപ്പത്തിൽ പലതവണ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, പക്ഷേ..’; മാനസികാരോഗ്യത്തെക്കുറിച്ച് എ.ആർ. റഹ്മാൻ

ar-rahmaan

മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും എ.ആർ. റഹ്മാൻ പറയുന്നു. ഓക്‌സ്‌ഫഡ് യൂണിയൻ ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാർഥികളുമായി സംവദിക്കവെയാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍. 

‘എനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു, നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാകില്ല. അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണ് ഇത്. 

നിങ്ങൾ സ്വാർഥതയോടെയല്ല ജീവിക്കുന്നതെങ്കിൽ ജീവിതത്തിന് ഒരു അർഥമുണ്ട്. മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കുമ്പോഴാണ് ജീവിതം മുന്നോട്ടു നയിക്കപ്പെടുന്നത്. എല്ലാവർക്കും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരിക്കും. അസാധാരണമായ എന്തൊക്കെയോ നിങ്ങളെ കാത്തിരുപ്പുണ്ട്. 

എല്ലാവരുടെയും ജീവിതത്തിൽ ഇരുണ്ട കാലഘട്ടങ്ങളുണ്ടാകും. ഈ ലോകത്തിലെ നമ്മുടെ ജീവിതം വളരെ ചുരുങ്ങിയ കാലം മാത്രമാണ്. നാം ജനിച്ചു, ജീവിച്ചു, പിന്നെ മരിക്കുന്നു. ശേഷം എവിടേക്കാണു പോകുന്നതെന്ന് നമുക്കറിയില്ല. ഓരോ വ്യക്തിക്കും മരണാനന്തര ജീവിതത്തെക്കുറിച്ച് അവരവരുടെ ഭാവനയ്ക്കും വിശ്വാസത്തിനുമനുസരിച്ചുള്ള കാഴ്ചപ്പാടുകളുണ്ടാകും.’- എ.ആർ. റഹ്മാൻ പറയുന്നു.  

Tags:
  • Movies