Friday 14 October 2022 10:54 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ എന്റെ പോക്കറ്റിലുള്ള പർസ് സലിമിന് കൊടുത്തു, ‘ഇതിൽ നിറയെ കാശ് വീഴട്ടെ’ എന്നാശംസിച്ചു’: ജി.വേണുഗോപാലിന്റെ കുറിപ്പ്

venugopal

1999 ല്‍ ‘മമ്മൂട്ടി ഷോ’യുടെ ഭാഗമായി യു.എസ്. എ യിലും യു.കെ യിലും പോയപ്പോഴുള്ള നടൻ സലിം കുമാറിനൊപ്പമുള്ള രസകരമായ അനുഭവങ്ങൾ പങ്കുവ വച്ചു ഗായകൻ ജി.വേണുഗോപാൽ.

ജി.വേണുഗോപാലിന്റെ കുറിപ്പ് –

1999 ലായിരുന്നു ‘മമ്മൂട്ടി ഷോ’, യു.എസ്. എ യിലും യു.കെ യിലും. അന്ന് വലിയൊരു ഗ്രൂപ്പിന്റെ ഭാഗമായി പോയ ഓർമ്മകൾ ! കോമഡി, മിമിക്രി വിഭാഗത്തിൽ പുതിയൊരാൾ അന്ന് കൂടെ വന്നു. സലിം കുമാർ. സിനിമയിൽ അപ്രസക്തമായ ഒന്ന് രണ്ട് റോളുകൾ മാത്രമേ സലിം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ഭാഷാ പരിജ്ഞാനവും, നേരിനോടുള്ള കൂറും ആർജ്ജവവും, ജീവിതത്തിലെന്തും നർമ്മത്തിലൂടെ കാണാനുള്ള കഴിവും, സലിമിന് വേറിട്ടൊരു വ്യക്തിത്വം നൽകിയിരുന്നു. ഹോട്ടൽ മുറികളിലെത്തിയാൽ സലിം ആദ്യം ചെയ്യുന്നത്, കട്ടിലിൽ ഒരു കസേര വലിച്ചിട്ട്, അതിൽ കയറി, ടോയ്‌ലറ്റിൽ നിന്നുള്ള ടിഷ്യു പേപ്പർ സ്മോക് അലാമിൽ തിരുകിക്കയറ്റും. എന്നിട്ട് ഒരു ചിമ്മിനിയിൽ നിന്നെന്നപോലെ നിർത്താതെ പുകയൂതും. അമേരിക്കയിലെ മിക്ക ആഡിറ്റോറിയമുകളിലും കർശനമായ ‘no smoking’ നിർദ്ദേശമുണ്ട്. ന്യൂയോർക്കിലെ പ്രശസ്തമായ ‘Colden Centre’ ഇൽ ഉൾപ്പെടെ ഞങ്ങളുടെ സ്പോൺസർ വിജയേട്ടന് ഫൈൻ കെട്ടേണ്ടി വന്നിട്ടുണ്ട്. അവസാനം ഞങ്ങൾ സലിമിനോട് തമാശിച്ചു ,നിന്റെ പ്രതിഫലത്തുകയെക്കാൾ നിനക്ക് ഫൈൻ തുകയാകുമല്ലോ എന്ന്. തിരിച്ച് വരാൻ സമയം ഞാൻ എന്റെ പോക്കറ്റിലുള്ള പർസ് സലിമിന് കൊടുത്തു. ‘ഇതിൽ നിറയെ കാശ് വീഴട്ടെ’ എന്നാശംസിച്ചു. എന്തായാലും തൊട്ടടുത്ത വർഷം , രണ്ടായിരമാണ്ടിൽ റിലീസ് ചെയ്ത ‘സത്യമേവജയതേ’ എന്ന സിനിമയ്ക്ക് ശേഷം സലിമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിലെ വേദനാ നിർഭരമായ നിമിഷങ്ങളെയെല്ലാം ചിരി കൊണ്ട് നേരിടുന്ന, പറവൂരിൽ സ്വന്തം വീടായ ‘Laughing Vill’ യിൽ ചിരിച്ചും ചിരിപ്പിച്ചും സസുഖം വാഴുന്ന സലിമിന് നന്മയും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു.