Saturday 18 November 2023 11:08 AM IST : By സ്വന്തം ലേഖകൻ

ലോകസമക്ഷം നമുക്ക് ഹാജരാക്കാനുള്ള വേൾഡ് ക്ലാസ് കലാകാരൻ: ഈ കർമയോഗിയുടെ കാലത്ത് ജീവിക്കാനായത് ഭാഗ്യം

g-venugopal-8

മലയാളിയുടെ ഹൃദയങ്ങളെ തൊട്ടുണർത്തുന്ന ഗന്ധർവ സ്വരം ആ നാം കേൾക്കാൻ തുടങ്ങിയിട്ട് 62 വർഷമാകുന്നു. ഡോ. കെ.ജെ.യേശുദാസിന്റെ ആദ്യഗാനത്തിന് 62 വയസ്സു തികഞ്ഞ വേളയിൽ ഹൃദയംതൊടും കുറിപ്പ് പങ്കുവയ്ക്കുകയാണ് ഗായകൻ ജി.വേണുഗോപാൽ. മലയാളികൾക്ക് ലോക സമക്ഷം ഹാജരാക്കാൻ "world class" എന്ന ലേബലുള്ള അത്യപൂർവ്വമായ ഒരു വ്യക്തിയാണ് യേശുദാസെന്ന് വേണുഗോപാൽ കുറിക്കുന്നു.

‘അദ്ദേഹത്തെ ഓരോ പ്രാവശ്യം നേരിട്ട് കാണുമ്പോഴും എന്റെ കൈകൾ ദാസേട്ടൻ കൂട്ടിപ്പിടിക്കുമ്പോഴും, ഉള്ളിലെ എന്നിലെ കൊച്ചുകുട്ടി ഉണരും. കേട്ട പാട്ടുകളും കണ്ട സ്വപനങ്ങളും യാഥാർഥ്യമാകും. ധൈര്യമായ് മുന്നിലേക്കു പോകാനുള്ള ഊർജം ആ സ്പർശം തരും. നമ്മുടെ മലയാളത്തിന് ലോക സമക്ഷം ഹാജരാക്കാൻ "world class" എന്ന ലേബലുള്ള അത്യപൂർവ്വമായ ഒരു വ്യക്തിയാണ് മുന്നിൽ നിൽക്കുന്നതെന്ന ബോധം വരും.’– വേണുഗോപാൽ കുറിക്കുന്നു.

ജി.വേണുഗോപാലിന്റെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർക്കിടയിൽ ചർച്ചയായത്. നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. 1961 നവംബർ 14നാണ് ‘കാൽപാടുകൾ’ എന്ന സിനിമയ്ക്കായി 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ആദ്യമായി റിക്കോർഡ് ചെയ്തത്. പാടാൻ നിശ്ചയിച്ചിരുന്ന തട്ടുപൊളിപ്പൻ പാട്ട് പനിമൂലം പാടാനാകാതെ വന്നപ്പോൾ നിയോഗം പോലെ കൈവന്നതു ശ്രീനാരായണ ഗുരുവിന്റെ വിഖ്യാതമായ നാലുവരി ശ്ലോകം ചൊല്ലി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

കുറിപ്പിന്റെ പൂർണരൂപം

62 വർഷമായി ഈ ശബ്ദം ഉള്ളിൽ കേറിയിട്ട് എന്നോർക്കുമ്പോൾ, എന്തെന്നില്ലാത്ത സന്തോഷം! 62 എന്റെ പ്രായം കൂടിയാണ്. എന്റെ തലമുറയിൽ ജനിച്ച ഏതാണ്ടെല്ലാ മലയാളികൾക്കും അവരുടെ അച്ഛനമ്മമാരുടേതു പോലെ, അല്ലെങ്കിൽ അതിലുമേറെ മനസ്സിലും കാതിലും അവരുടെ ഓർമകളിലും മുഴങ്ങുന്ന ഒരു നാദം! അദ്ദേഹത്തെ ഓരോ പ്രാവശ്യം നേരിട്ട് കാണുമ്പോഴും എന്റെ കൈകൾ ദാസേട്ടൻ കൂട്ടിപ്പിടിക്കുമ്പോഴും, ഉള്ളിലെ എന്നിലെ കൊച്ചുകുട്ടി ഉണരും. കേട്ട പാട്ടുകളും കണ്ട സ്വപനങ്ങളും യാഥാർഥ്യമാകും. ധൈര്യമായ് മുന്നിലേക്കു പോകാനുള്ള ഊർജം ആ സ്പർശം തരും. നമ്മുടെ മലയാളത്തിന് ലോക സമക്ഷം ഹാജരാക്കാൻ "world class" എന്ന ലേബലുള്ള അത്യപൂർവ്വമായ ഒരു വ്യക്തിയാണ് മുന്നിൽ നിൽക്കുന്നതെന്ന ബോധം വരും.

കെട്ട കാലത്തിനും തകർന്ന ബിംബങ്ങൾക്കും ചേരിതിരിഞ്ഞ മനസ്സുകൾക്കുമതിർത്തികൾക്കുമിടയിൽ, ഇക്കഴിഞ്ഞ 62 വർഷവും അണുവിട സ്വന്തം കർമത്തിൽ നിന്നും മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാത്ത ഈ കർമയോഗി ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം ജീവിക്കാനും വേദികളും സംഗീതവും പങ്കിടാനും സാധിച്ച ഭാഗ്യത്തെക്കുറിച്ചും ഞാൻ ബോധവാനാകും. ദാസേട്ടാ, എന്നുമെന്നും പ്രാർഥനയും നിറഞ്ഞ സ്നേഹവും ആദരവും മാത്രം.