Thursday 17 April 2025 12:23 PM IST

‘ആ നാടിന്റെ ഒരുമയാണ് ഞാൻ അവിടെ കണ്ടത്, കലാജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തം’: കെ. ജി. മാർക്കോസ് പറയുന്നു

V.G. Nakul

Senior Content Editor, Vanitha Online

KG-MARKOSE

ഈ ഈസ്റ്റർ കാലം മലയാളത്തിന്റെ പ്രിയഗായകൻ കെ.ജി. മാർക്കോസിനെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാണ്. പാട്ടിന്റെ വഴിയിൽ ശ്രുതി തെറ്റാതെയുള്ള യാത്ര 45 വർഷത്തിലേക്കെത്തുമ്പോൾ, സിനിമയിലും വേദികളിലും വീണ്ടും സംഗീതനിലാവിൽ നനഞ്ഞു നിൽക്കുകയാണ് ഈ അനുഗ്രഹീത പ്രതിഭ. അതിന്റെ ആനന്ദം ഇരട്ടിയാക്കുന്നതായി അടുത്തിടെ കൊല്ലം കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ സംഗീത പരിപാടി.

ക്ഷേത്ര ഉൽസവത്തിന്റെ ഭാഗമായാണ് കെ.ജി. മാർക്കോസിന്റെ ഗാനമേള സംഘടിപ്പിക്കപ്പെട്ടത്. പ്രിയഗായകന്റെ വരവ് ഗ്രാമം ആഘോഷമാക്കി. ആയിരങ്ങളാണ് ആ മാത്രിക സ്വരം കേൾക്കാൻ തടിച്ചു കൂടിയത്. വേദിയിലെത്തി ആദ്യ ഗാനം പാടിക്കഴിഞ്ഞതും സദസ്സിൽ നിന്നു ആവശ്യമുയർന്നു – മാർക്കോസിന്റെ എവർഗ്രീൻ ഭക്തിഗാനം ‘ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം’ പാടണം. ഇരുപത്തിയഞ്ച് വർഷം മുൻപാണ് ‘ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം’ മാർക്കോസ് ആദ്യമായി പാടിയത്. പിന്നീടുള്ള കാലമിത്രയും അദ്ദേഹത്തിന്റെ അടയാളമായി മാറിയ ഗാനം.

ഒരേ സ്വരത്തിൽ വീണ്ടും വീണ്ടും ആരവമുയർന്നു, ‘ഇസ്രായേലിൻ നാഥന്‍’ പാടണം...ഒടുവിൽ നിരന്തര ആവശ്യം പരിഗണിച്ച്, ആ ഗാനത്തോടെയാണ് അദ്ദേഹം ഗാനമേള അവസാനിപ്പിച്ചത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, കേരളത്തിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന ഒത്തൊരുമയുടെ മഹനീയ മാതൃക നാമോരോരുത്തരും ഒരിക്കൽ കൂടി ഹൃദയത്തിലേറ്റു വാങ്ങി.

‘‘ഗാനമേള തുടങ്ങി അധികം വൈകാതെ തന്നെ ‘ഇസ്രായേലിൻ നാഥൻ’ പാടണമെന്ന് സദസ്സില്‍ നിന്ന് ആവശ്യമുയർന്നു. ‘പാടാം പാടാം’ എന്നു പറഞ്ഞ് ഞാൻ മറ്റു പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. എന്നിട്ടും സദസ്സ് സമ്മതിച്ചില്ല. ‘ഇസ്രയേലിൻ നാഥൻ’ പാടണം എന്ന ആവശ്യം വീണ്ടും വീണ്ടും ശക്തമായി. എങ്കിലും ചെറിയ ടെൻഷൻ തോന്നി, എന്തെങ്കിലും കുഴപ്പമുണ്ടായാലോ ? ‘പാടാം പാടാം’ എന്നു പറഞ്ഞു രണ്ടു രണ്ടര മണിക്കൂർ തള്ളിക്കൊണ്ടു പോയി. ഒടുവിൽ ആളുകളുടെ നിർബന്ധം കടുത്തപ്പോൾ ഗാനമേളയിലെ അവസാന പാട്ടായി ‘ഇസ്രയേലിൻ നാഥൻ’ പാടി. വലിയ കരഘോഷത്തോടെയാണ് ജനം അതേറ്റെടുത്തത്. മനസ്സ് നിറഞ്ഞ സന്തോഷം തോന്നി. വൈകാരികമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നു പോയത്. ശേഷം ഫോട്ടോ എടുക്കാനും അഭിനന്ദിക്കാനും ആളുകളുടെ തിരക്കായിരുന്നു’’.– മാർക്കോസ് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘പണ്ടൊക്കെ എവിടെ പരിപാടി അവതരിപ്പിച്ചാലും ഏതു പാട്ടും പാടാം. ആരും തടയില്ല, പ്രശ്നങ്ങളുമുണ്ടാകില്ല. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. ഇടം ഏതാണോ അതിനനുസരിച്ചാകണം പാട്ടുകൾ തിരഞ്ഞെടുക്കേണ്ടത്. പേടിയാണ്, ഇന്ന പാട്ട് ഇവിടെ പാടിയാൽ പ്രശ്നമാകുമോ എന്ന്. പാട്ട് ഉൾപ്പടെ സദുദ്ദേശ്യപരമായ എല്ലാ കലാരൂപങ്ങളും ആസ്വദിക്കാനുള്ളതാണ്. അവ ജാതീയമായും രാഷ്ട്രീയമായുമൊക്കെ കള്ളിതിരിച്ചു സമീപിക്കുന്ന ഒരു പ്രവണത ഇപ്പോൾ കൂടുതലാണ്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയാണ് ഇപ്പോൾ പരിപാടികള്‍ അവതരിപ്പിക്കേണ്ടത്. എന്തെങ്കിലും തരത്തിൽ കുഴപ്പമാകുമോ, അല്ലെങ്കിൽ കുഴപ്പമാക്കുമോ എന്ന ആശങ്കയുണ്ട്.

KG-MARKOSE

ഞാൻ പാടാൻ മടിച്ചപ്പോൾ ആ നാടാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. അവർ പറഞ്ഞത്, ആ ഗ്രാമത്തിന്റെ മതസൗഹാർദത്തിന്റെ മനോഹരമായ കഥയാണ്. ഒരു കലാകാരൻ എന്ന നിലയിൽ ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരം ഇത്തരം അനുഭവങ്ങളാണ്. മാത്രമല്ല, ഇരുപത്തി അഞ്ച് കൊല്ലം മുൻപ് പാടിയ ഒരു പാട്ട് ഇപ്പോഴും ആളുകള്‍ മനസ്സിൽ കൊണ്ടു നടക്കുന്നു എന്നതും വളരെ വലിയ അംഗീകാരമാണ്. കലാജീവിതത്തിലെ അവിസ്മരണീയമായ ഒരു മുഹൂർത്തമായിരുന്നു അത്’’.– അദ്ദേഹം പറയുന്നു.

‘‘പണ്ടും ഇങ്ങനെ പല പാട്ടുകളും ആളുകൾ ആവശ്യപ്പെടും. ഞാനും എന്റെ ഓർക്കസ്ട്രയിലെ ബഷീറും ചേർന്ന് ‘ഭൂമി കറങ്ങുന്നുണ്ടോടാ...’ എന്ന പാട്ട് ഒരു പ്രത്യേക സ്റ്റൈലിൽ പാടുന്നതു കേൾക്കാൻ മാത്രമായി എവിടെ പരിപാടിയുണ്ടെങ്കിലും വരുന്നവരുണ്ടായിരുന്നു. അതൊക്കെ ഇപ്പോഴും ഓർത്തു പറയുന്നവരുണ്ട്’’.

കഴിഞ്ഞ വർഷം ‘പ്രേമലു’ എന്ന ബ്ലോക് ബസ്റ്റർ സിനിമയില്‍ മാർക്കോസ് പാടിയ ‘തെലങ്കാന ബൊമ്മലു’ പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മാര്‍ക്കോസ് ആലപിച്ച സിനിമാ ഗാനമായിരുന്നു അത്.

ആ ഗംഭീര തിരിച്ചുവരവിനെക്കുറിച്ചു ചോദിച്ചപ്പോൾ മാർക്കോസ് പറഞ്ഞതിങ്ങനെ –

‘‘വരവുണ്ട്. വേണ്ടവർ കാണണം കേൾക്കണം. അത്രേയുള്ളൂ. പക്ഷേ, സാധാരണ മനുഷ്യർക്കിടയിലേക്ക് ഗാനമേളയുമായി പോകുമ്പോഴാണല്ലോ അവർ നമ്മളെ, നമ്മൾ പാടിയ പാട്ടുകളെയൊക്കെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് നേരിൽ മനസ്സിലാകുക’’.

വിവിധ ഭാഷകളിൽ വിവിധ ഭാവങ്ങളിൽ മാർക്കോസ് പാടിത്തന്ന പാട്ടുകൾ ഇപ്പോഴും സംഗീതാസ്വാദകരുടെ കാതുകളിൽ അലയടിക്കുന്നു. ആ യാത്ര അദ്ദേഹം തുടരുകയാണ്...