Monday 15 January 2024 10:47 AM IST : By സ്വന്തം ലേഖകൻ

സൂപ്പർഹിറ്റുകൾക്ക് ഈണമിട്ട പ്രതിഭ, കെ.ജെ. ജോയ്ക്ക് വിടനൽകി സംഗീതലോകം

kj-joy

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ. ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്.

1975-ൽ പുറത്തിറങ്ങിയ ലവ് ലെറ്റർ ആണ് കെ.ജെ. ജോയ് സംഗീതം പകർന്ന ആദ്യ ചിത്രം. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു.

എൻസ്വരം പൂവിടും ഗാനമേ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, കസ്തൂരിമാൻ മിഴി, സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങി ധാരാളം സൂപ്പർഹിറ്റുകളൊരുക്കി അദ്ദേഹം. 1994ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.