Wednesday 10 January 2024 12:48 PM IST : By സ്വന്തം ലേഖകൻ

അങ്ങനെ യേശുദാസ് വെള്ള പാന്റ്സും ഷർട്ടും ഉപേക്ഷിച്ചു, മുണ്ടും ജുബ്ബയും തിരഞ്ഞെടുത്തു: ഏറെ പ്രിയം ബെസ്റ്റോട്ടലിന്റെ ആതിഥ്യം

yesudas-kottayam 1) യേശുദാസിന്റെ ഫോട്ടോകൾ അടങ്ങിയ ആൽബവുമായി സാജു സ്രാമ്പിക്കൽ. 2) യേശുദാസും ബെസ്റ്റോട്ടൽ ഉടമയായിരുന്ന ഉടമയായിരുന്ന പി.എം. രാഘവന്റെ സഹോദരൻ പി.എം. ലക്ഷ്മണനും. കോട്ടയം ബെസ്റ്റോട്ടലിനു മുന്നിൽ നിന്നെടുത്ത ഫോട്ടോ

മലയാളികളുടെ പ്രിയ ഗായകൻ യേശുദാസിനെ തൂവെള്ള മുണ്ടിലും ജുബ്ബയിലും കാണാൻ തുടങ്ങിയിട്ടു കാലമേറെ. യേശുദാസ് വെള്ള പാന്റ്സും ഷർട്ടും എന്ന വേഷം ഉപേക്ഷിച്ചതു കോട്ടയത്തു വച്ചാണ്. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഗാനമേളയായിരുന്നു പരിപാടി. ചങ്ങനാശേരിക്കുള്ള യാത്രാമധ്യേ യേശുദാസും കുടുംബവും സ്വർണവ്യാപാരിയായ സാജു സ്രാമ്പിക്കലിന്റെ വടവാതൂരിലെ വീട്ടിലെത്തി. ഭാര്യ പ്രഭയും സഹോദരി ജയമ്മയും കുടുംബവും കൂടെയുണ്ട്. ഗാനമേളയ്ക്ക് പോകാൻ ഒരുങ്ങുമ്പോഴാണു യേശുദാസിന്റെ വസ്ത്രങ്ങൾ വച്ചിരുന്ന പെട്ടി എടുത്തില്ലെന്നതു ശ്രദ്ധയിൽപെട്ടത്. വെള്ള പാന്റ്സും ഷർട്ടുമാണു പതിവ്. ഇഷ്ടവേഷവും അതു തന്നെ. എല്ലാവരും പരിഭ്രമിച്ചു. യേശുദാസാകട്ടെ കൂസലില്ലാതെ സാജുവിന്റെ അലമാരയിൽനിന്ന് ഒരു വെള്ള മുണ്ടും ജുബ്ബയും എടുത്തണിഞ്ഞു ഗാനമേളയ്ക്കു പോയി.  പിന്നീട് അതായി ദാസിന്റെ ഇഷ്ട വേഷം. സാജുവിന്റെ സ്വകാര്യ ശേഖരത്തിൽ അന്നത്തെ ജുബ്ബയും മുണ്ടും ഇപ്പോഴും ഉണ്ട് !

വേഷങ്ങൾ  പകർന്ന ഗാനമേള

തിരുവനന്തപുരത്തു തരംഗിണി സംഗീത റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങുന്നതിന്റെ ധനശേഖരണാർഥം കേരളത്തിലെ എല്ലാ ജില്ലകളിലും യേശുദാസ് ഗാനമേള നടത്തി. കോട്ടയം നെഹ്റു‌ സ്റ്റേഡിയത്തിലെ ഗാനമേളയ്ക്ക് ഒരു പുതുമയുണ്ടായിരുന്നു. യേശുദാസ് അന്ന് ഓരോ പാട്ടും പാടിയത് അതിന് ഇണങ്ങുന്ന വേഷം അണിഞ്ഞാണ്.  ‘സുറുമ നല്ല സുറുമ’ എന്ന പാട്ടു പാടാനെത്തിയതു സുറുമ വിൽപനക്കാരന്റെ വേഷത്തിലായിരുന്നു. അന്നു 12 വേഷങ്ങളിൽ യേശുദാസ് വേദിയിലെത്തി. ആ ഗാനമേള ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു പല വേദികളിലും ഈ രീതി പിന്തുടർന്നു.

അഭയദേവിന്റെ പ്രതിഫലം

മലയാള സിനിമ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന അഭയദേവ് ആണു യേശുദാസിന് ആദ്യം പ്രതിഫലം നൽകിയത്. ശാന്തിനിവാസം (1960) എന്ന തെലുങ്ക് സിനിമ 1962ൽ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയത് അഭയദേവായിരുന്നു. അതിൽ 10 ഗാനങ്ങളും എഴുതിയതും അഭയദേവാണ്.  കെ.പി. ഉദയഭാനു, പി.ബി.ശ്രീനിവാസ്, പി.ലീല, എ.പി.കോമള, ജിക്കി എന്നിവർക്കൊപ്പം യേശുദാസും പാടി. മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. അഭയദേവിൽനിന്ന് അന്നു പ്രതിഫലം വാങ്ങി മടങ്ങിയ യേശുദാസ് അധികം വൈകാതെ തിരക്കുള്ള ഗായകനായി മാറി. വർഷങ്ങൾക്കു ശേഷം അരുണാചലം സ്റ്റുഡിയോ യേശുദാസ് വിലയ്ക്കു വാങ്ങുകയും ചെയ്തു.

രുചിയോർമകളിൽ ബെസ്റ്റോട്ടൽ

ആറര പതിറ്റാണ്ടിലേറെ കോട്ടയത്തിന്റെ രുചിയോർമകളിൽ നിറഞ്ഞുനിന്ന ബെസ്റ്റോട്ടൽ യേശുദാസിന്റെയും ഇഷ്ട ഇടമായിരുന്നു. ഗാനമേള സംഘം താമസിച്ചിരുന്നതു സെൻട്രൽ ജംക്‌ഷനിലെ ബെസ്റ്റോട്ടലിലായിരുന്നു. യേശുദാസ് താമസിച്ചിരുന്ന മുറിയുടെ അന്നത്തെ വാടക 5 രൂപയായിരുന്നെന്നു ബെസ്റ്റോട്ടൽ ഉടമയായിരുന്ന എ.പി.എം.ഗോപാലകൃഷ്ണൻ ഓർമിക്കുന്നു.  ഒരു കോവിലിൽ നിന്നിറങ്ങുന്ന പുണ്യമുണ്ട് ഇവിടെ നിന്നിറങ്ങുമ്പോഴെന്നാണു ബെസ്റ്റോട്ടലിലെ താമസത്തെക്കുറിച്ച് യേശുദാസ് പറഞ്ഞിരുന്നതെന്നു ഗോപാലകൃഷ്ണൻ ഓർക്കുന്നു.

ഹോട്ടലിലെ പൊറോട്ടയും ചിക്കനും ഏറെ സ്വാദോടെ കഴിച്ചിരുന്നു. പ്രശസ്ത ഗായകരായ ജയവിജയന്മാരുടെ വിവാഹ സ്വീകരണം ഉൾപ്പെടെ ബെസ്റ്റോട്ടലിൽ നടന്നിട്ടുള്ള സ്നേഹ വിരുന്നുകളിലും യേശുദാസ് നിറസാന്നിധ്യമായിരുന്നു. ഗോപാലകൃഷ്ണന്റെ പിതാവ് പി.എം. രാഘവനാണു കോട്ടയത്തു ബെസ്റ്റോട്ടൽ ആരംഭിക്കുന്നത്.