Monday 09 May 2022 09:46 AM IST : By സ്വന്തം ലേഖകൻ

പാട്ട് പകുതിയിൽ നിർത്തി ശരത് പോയി...: വേദിയിൽ കുഴഞ്ഞ് വീണ് ഗായകൻ മരിച്ചു

kollam-sarath

എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അനുകരിച്ച് പാടുന്നതിലൂടെ ശ്രദ്ധേയനായ പ്രശസ്ത ഗായകൻ കൊല്ലം ശരത്ത് അന്തരിച്ചു (ആര്‍. ശരത്ചന്ദ്രന്‍ നായര്‍). 52 വയസായിരുന്നു.

ഞായറാഴ്ച വൈകുന്നേരം, കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹ പാര്‍ട്ടിക്കിടെ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞു വീണ ശരത്തിനെ കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനാണ് ശരത്. സ്ത്രീശബ്ദത്തില്‍ പാട്ടുപാടി ഗാനമേളവേദികളില്‍ തിളങ്ങാറുണ്ട് ശരത്. മുൻപ് ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു.

ഒടുവിൽ പാടിക്കൊണ്ടിരുന്ന പാട്ട് മുഴുവനാക്കാതെ ശരത് പോയി....അടുത്ത ബന്ധു ആവശ്യപ്പെട്ടത് പ്രകാരം ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ആഴക്കടലിന്റെ… എന്ന ഗാനം ആലപിക്കവെ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്ന് വീഴുകയായിരുന്നു.

കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിനു സമീപം വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരി ദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തില്‍.