Wednesday 21 June 2023 03:32 PM IST

‘വേണം മനസ്സിന് ആനന്ദവും ശരീരത്തിനു ആരോഗ്യവും...’; സംഗീതയോഗ സമന്വയം ഒരുക്കി സംഗീത അധ്യാപകരായ ദമ്പതികള്‍

Priyadharsini Priya

Senior Content Editor, Vanitha Online

devaki688

സംഗീതവും യോഗയും സമന്വയിപ്പിച്ച് വേറിട്ട മ്യൂസിക് വിഡിയോയുമായി സംഗീത അധ്യാപകരായ ദമ്പതികള്‍. അധ്യാപകരായ സുധീഷും ദേവകി നന്ദകുമാറും ശിഷ്യരും ചേര്‍ന്നാണ് മനോഹരമായ മ്യൂസിക് ആല്‍ബം ഒരുക്കിയത്. മ്യൂസിക് ശിക്ഷൻ എന്ന ഓൺലൈൻ സംഗീത വിദ്യാലയത്തിന്റെ സ്ഥാപകരാണ് ദമ്പതികളായ സുധീഷും ദേവകി നന്ദകുമാറും. 

ലോക സംഗീതദിനവും അന്താരാഷ്ട്ര യോഗദിനവുമായ ജൂൺ 21നാണ് ‘അദ്വൈയ- സംഗീത് യോഗ് സംയോഗ്’ എന്ന പേരില്‍ സംഗീതയോഗ സമന്വയം ഒരുക്കിയിരിക്കുന്നത്. സംഗീതവും യോഗയും ഒരുമിക്കുന്ന ഒരു വിസ്മയരൂപമാണ് ‘അദ്വൈയ- സംഗീത് യോഗ് സംയോഗ്’ എന്ന കലാസൃഷ്ടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ ശബ്ദം നൽകുന്നു. അതോടൊപ്പം യോഗ അവതരിപ്പിക്കുന്നത് മ്യൂസിക് ശിക്ഷനിലെ വിദ്യാർഥിനിയും യോഗിനിയുമായ സെനി ഒഗ്രിസെഗ് ആണ്. 

devaki889

സംഗീത ദിനവും യോഗാദിനവും ഒരുമിച്ചു വരുന്ന സുദിനത്തിൽ മരണത്തെ അതിജീവിച്ച മാർക്കണ്ഡേയ മുനിയുടെ മഹാമൃത്ത്യുഞ്ജയ സ്തോത്രത്തിന്റെ ഐതിഹ്യ പശ്ചാത്തലവും യോഗയും സംയോജിപ്പിച്ചിരിക്കുന്നു. മനുഷ്യ മനസ്സിനു ആനന്ദവും ശരീരത്തിന് ആരോഗ്യവും പ്രദാനം ചെയ്യുന്നതാണ് സംഗീത യോഗ സംയോഗമെന്ന് അധ്യാപികയായ ദേവകി നന്ദകുമാര്‍ പറയുന്നു. മ്യൂസിക് ശിക്ഷനിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ദേവകി നന്ദകുമാര്‍ വനിതാ ഓണ്‍ലൈനുമായി പങ്കുവച്ചു.  

"കോവിഡിനൊക്കെ മുന്‍പ് 2012 ലാണ് ഞങ്ങള്‍ ഓണ്‍ലൈന്‍ മ്യൂസിക് ക്ലാസ് തുടങ്ങിയത്. ഞാനും ഭര്‍ത്താവും ചേര്‍ന്നാണ് മ്യൂസിക് ശിക്ഷൻ എന്ന പേരില്‍ ക്ലാസ് ആരംഭിച്ചത്. ഞങ്ങള്‍ രണ്ടുപേരും കര്‍ണാടിക് വോക്കല്‍സ് ആണ്. അതുകൊണ്ടുതന്നെ ആദ്യം കര്‍ണാടിക് വോക്കല്‍സ് മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ.. 2020 മുതല്‍ മ്യൂസിക് ഉപകരണങ്ങള്‍, ഹിന്ദുസ്ഥാനി, വെസ്റ്റേണ്‍ വോക്കല്‍ തുടങ്ങിയവ ആരംഭിച്ചു. ഇപ്പോള്‍ പതിനഞ്ചോളം അധ്യാപകര്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ പഠിപ്പിക്കുന്നുണ്ട്.

devaki4445

ഞങ്ങള്‍ക്ക് വെബ്സൈറ്റുണ്ട്, അതുവഴിയാണ് കോഴ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാവുക. ക്ലാസുകള്‍ സ്കൈപ്പ്, ഗൂഗിള്‍ മീറ്റ്, സൂം എന്നിവയിലൂടെയാണ് ലഭ്യമാവുക. ഞങ്ങള്‍ ഗ്രൂപ്പ് ക്ലാസ് അല്ല കൊടുക്കുന്നത്. ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ ഒരു ക്ലാസ് എന്ന രീതിയിലാണ് പഠനം. 45 മിനിറ്റ് ആണ് ഒരു ക്ലാസിന്റെ ദൈര്‍ഘ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നൂറിലധികം വിദ്യാര്‍ഥികള്‍ ഞങ്ങളിലൂടെ സംഗീതം പഠിക്കുന്നുണ്ട്.

വിദേശത്തുള്ളവര്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് വ്യത്യസ്തമാണ്. മാസത്തിലുള്ള നാല് ഓണ്‍ലൈന്‍ ക്ലാസിനു പുറമെ പ്രീ- റെക്കോര്‍ഡഡ് ലെസണ്‍സ് വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കാറുണ്ട്. അതുപോലെ ഞങ്ങളുടെ യൂട്യൂബ് ചാനലിലും റെക്കോര്‍ഡഡ് ക്ലാസുകളുടെ വിഡിയോ ലഭ്യമാണ്. ഒപ്പം പ്രാക്റ്റീസ് ചെയ്യാന്‍ ഓഡിയോകളും കുട്ടികള്‍ക്ക് അയച്ചുകൊടുക്കും.

devaki445

2020 മുതല്‍ ലോക മ്യൂസിക് ദിനത്തില്‍ ഞങ്ങളും കുട്ടികളും ചേര്‍ന്ന് മ്യൂസിക് വിഡിയോ ചെയ്യാറുണ്ട്. ഇപ്രാവശ്യം ഇന്റര്‍നാഷണല്‍ യോഗ ‍ഡേയും മ്യൂസിക് ഡേയും ഒരുമിച്ചാണ്. അതുകൊണ്ട് രണ്ടും ഒരുമിപ്പിച്ച് വിഡിയോ ചെയ്താലോ എന്ന് ചിന്തിച്ചു. എന്റെ വിദ്യാര്‍ഥിയായ സെനിയാണ് യോഗ പെര്‍ഫോം ചെയ്യുന്നത്. സെനി ഫിലിപ്പിയൻ സ്വദേശിയാണ്, ബെൽജിയത്തിലാണ് താമസം. സെനി യോഗിനി കൂടിയാണ്. നമ്മുടെ സംസ്കാരവും പൈതൃകവും ഇഷ്ടപ്പെട്ട് കേരളത്തില്‍ സംഗീതം പഠിക്കാന്‍ എത്തിയതാണ്. രണ്ടാഴ്ച മുന്‍പ് സെനി കേരളം സന്ദര്‍ശിച്ചിരുന്നു. ഒരാഴ്ച ഞങ്ങള്‍ക്കൊപ്പം താമസിച്ചു. യോഗ പോസുകള്‍ സെനിയും 85 വിദ്യാര്‍ഥികള്‍ പാട്ടു പാടിയും പെര്‍ഫോം ചെയ്തു. അങ്ങനെയാണ് ഈ പ്രോജക്റ്റ് പൂര്‍ത്തിയാക്കിയത്."- ദേവകി നന്ദകുമാര്‍ പറയുന്നു. 

Tags:
  • Movies