Thursday 07 March 2024 03:48 PM IST : By സ്വന്തം ലേഖകൻ

ഭയവും സസ്പെൻസും നിറച്ച് ഋതികയുടെ ‘വളരി’: തെലുങ്ക് ചിത്രത്തിൽ സംഗീത വിസ്മയമൊരുക്കി മലയാളിയായ ടിഎസ് വിഷ്ണു

valari

ഹൃദ്യമായ ഗാനങ്ങളും ഉദ്വേഗജനകമായ രംഗങ്ങളും കൊണ്ട് സമ്പന്നമായ തെലുങ്ക് ചിത്രം ‘വളരി’ ശ്രദ്ധനേടുന്നു. മൃതിക സന്തോഷിനി സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രത്തിന് സംഗീതമൊരുക്കിയത് മലയാളിയായ ടിഎസ്‌ വിഷ്‌ണുവാണ്. മാര്‍ച്ച് ആറ് മുതല്‍ ഇടിവി വിൻ ഓടിടിയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

സുധ കൊങ്കരയുടെ 'ഇരുതി സുട്രു' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ദേശീയ പുരസ്‌കാര ജേതാവ് ഋതിക സിങ്ങാണ് മുഖ്യ വേഷത്തിലെത്തുന്നത്. കെശാവ് ദീപക് സുബ്ബ രാജു, തമിഴ് താരം ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സംവിധായിക തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

2015ൽ പുറത്തിറങ്ങിയ അനൂപ് മേനോൻ ചിത്രം മാൽഗുഡി ഡേയ്‌സിന്‍റെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ടിഎസ് വിഷ്‌ണുവാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. മലയാളിയായ ടി എസ് വിഷ്‌ണുവിന്‍റെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്.

തിരുവനന്തപുരം സ്വദേശിയായ പരസ്യ ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്‌താണ് കലാരംഗത്തേക്ക് കടന്നു വരുന്നത്. സംവിധായകൻ പ്രിയദർശനോടൊപ്പവും ഛായാഗ്രഹകൻ സന്തോഷ് ശിവനോടൊപ്പവും പരസ്യ ചിത്രങ്ങളുടെ ഭാഗമായി വിഷ്ണു പ്രവർത്തിച്ചിട്ടുണ്ട്.