Wednesday 29 December 2021 03:27 PM IST

‘അവരെയൊക്കെ ‘ഫ, പുല്ലേ...’ എന്നു വിളിക്കാൻ തോന്നിയിട്ടുണ്ട്, നട്ടെല്ലില്ലാതെ കമന്റുകൾ ഇടുന്നവർ’: പാട്ടുകൂട്ടം പറയുന്നു

Vijeesh Gopinath

Senior Sub Editor

Super-4

പാട്ടും പാടി ഒന്നിച്ചിരിക്കാമെന്നു പറഞ്ഞ ആ വൈകുന്നേരം ആദ്യം വന്നത് ജ്യോത്സ്നയാണ്. ഹോട്ടലിന്റെ പോർച്ചിൽ കാർ നിർത്തി ഡോർ തുറന്ന് ഇറങ്ങിയതേ ഒാർമയുള്ളൂ. സ്വരസ്ഥാനം തെറ്റി തെന്നിപ്പോയ വാക്കു പോലെ വണ്ടി ഒറ്റച്ചാട്ടം. ഫസ്റ്റ് ഗിയറുമിട്ടു വച്ച് ഒാഫ് ചെയ്യാതെ കാറിൽ നിന്നു ചാടിയിറങ്ങിയാൽ ഇതും ഇതിനപ്പുറവും സംഭവിക്കുമല്ലോ...

വിധുപ്രതാപ് സംസാരിച്ചു തുടങ്ങിയതും ജ്യോത്സ്ന യുടെ ഡ്രൈവിങ്ങിനെക്കുറിച്ചാണ്. ‘‘മഴവിൽ മനോരമയിലെ സൂപ്പർ ഫോർ ഞങ്ങളുടെ നാലു പേരുടെ ജീവി തത്തിലും വളരെ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തി. അതിലൊന്നാണ് നിങ്ങൾ ഇപ്പോൾ കണ്ട കാർ സീൻ. ഡ്രൈവിങ് എന്നു കേട്ടാൽ ഒാടി രക്ഷപ്പെടുന്ന ജ്യോത്സ്ന വണ്ടിയോടിച്ചു സൂപ്പറായി സൂപ്പർ ഫോറിലേക്ക് വന്നു തുടങ്ങി.

പറക്കുംതളികയിൽ ദിലീപേട്ടൻ പറയുന്നതു പോലെ ‘ഇതു നമ്മൾ മുൻപുണ്ടാക്കിയ ബ്ലോക്കിന്റെ അത്രയ്ക്കില്ലെന്ന’ സീനൊക്കെ റോഡിലുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ ആളാകെ മാറി. ജ്യോത്സ്നയാണോ വണ്ടിയാണോ വഴി പഠിച്ചതെന്നറിയില്ല, കൃത്യമായി മഴവി ൽ മനോരമയിൽ കക്ഷി എത്തുന്നുണ്ട്.

ഇതിനുള്ള മറുപടി പിന്നീടു തരാമെന്നു പറഞ്ഞ് സൂപ്പർഫോറിലെ ‘ജോ ബേബി’ സിതാരയെയും റിമിയെയും കാത്തിരുന്നു.

എന്താണ് നിങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ രഹസ്യം?

റിമി: ഞങ്ങളെല്ലാവരും ഏതാണ്ട് ഒരേ കാലത്ത് പാടി തുടങ്ങിയവരാണ്. 2002 മുതൽ ഞാനും വിധുവും ജ്യോത്സ്നയും പാട്ടുമായി ഇവിടെയുണ്ട്. ഇരുപതു വർഷം എത്ര വേഗമാണല്ലേ പോയത്.

സിതാര: പിന്നെയും അ‌ഞ്ചുവർഷം കഴിഞ്ഞാണ് ഞാനെത്തുന്നത്. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴേ ചിന്നു (ജ്യോത്സ്ന) സ്റ്റാറാണ്. വിധുച്ചേട്ടൻ പാടിയ കവിതയൊക്കെ റിക്കോർഡ് ചെയ്തു വച്ച് സ്കൂളിലെ കലാമത്സരങ്ങൾക്ക് അമ്മയെന്നെ പഠിപ്പിച്ചിട്ടുണ്ട്.

പുതിയ ശബ്ദത്തിന് സാധ്യതയുണ്ടെന്ന് ഇവരുടെ തലമുറയാണ് തെളിയിച്ചത്. തൊട്ടു പിന്നാലെ വന്ന എന്നെപോലുള്ളവർക്ക് അത് സ്വപ്നം കാണാൻ ഊര്‍ജം തന്നു.

ജ്യോത്സ്ന: കൂട്ടത്തിലെ മൂത്താപ്പയാണ് വിധു. സീനിയര്‍ സിറ്റിസണ്‍. പാട്ടുംപാടി നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.

വിധു: കാറോടിക്കാനറിയില്ലെന്ന കാര്യം നാട്ടുകാരോടു പറഞ്ഞതിന്റെ പ്രതികാരമാണ് ഇപ്പോൾ കേട്ടത്.

സൂപ്പർ ഫോർ തുടങ്ങിയപ്പോൾ ഞങ്ങളിത്രയും കൂട്ടാകും എന്നോർത്തില്ല. ആദ്യ എപ്പിസോഡ് കഴിഞ്ഞപ്പോഴേ ഞങ്ങൾക്കിടയിലെ വൈബ് തിരിച്ചറിഞ്ഞു. ഈ ഷോയിൽ വിളിക്കുന്ന പേരാണ് ഇപ്പോൾ ഞങ്ങളെ പലരും വിളിക്കുന്നത്. ഞാൻ വിധു അണ്ണനായി. റിമി റിമു ആയി. ജ്യോത്സ്ന ജോ ബേബിയും സിതാര സിത്തുമണിയുമായി.

റിമി: യൂട്യൂബിലൊക്കെ കാണുന്ന തഗ് വിഡിയോകൾ ഞ ങ്ങളുടെ സൗഹൃദത്തിന്റെ തെളിവാണ്. ഷോയ്ക്കിടയിലുണ്ടായ കോമഡികളും പഞ്ച് ഡയലോഗുകളും മാത്രം എ ഡിറ്റ് ചെയ്ത് തഗ് ആക്കി ഒരുപാടുപേർ പോസ്റ്റ് ചെയ്യുന്നു. സ്ക്രിപ്റ്റ് നോക്കി പറഞ്ഞതല്ല ഇതൊന്നും. ഒരുമിച്ചിരുന്നപ്പോൾ ഉണ്ടാകുന്നതാണ്. ഷൂട്ട് ചെയ്യുന്ന ഫ്ലോറിലെ ചിരി കേട്ടാൽ ഇത് സംഗീതപരിപാടിയാണോ അതോ കോമഡി ഷോ ആണോ എന്നു സംശയം തോന്നിയേക്കാം.

വിധുവിനെ ആക്രമിക്കാൻ ഒരവസരം തരാം. പാടിയപ്പോൾ വിധുവിന് വെള്ളി വീണ അനുഭവം പറയാമോ?

വിധു: എന്നെ കളിയാക്കാനുള്ള അവസരം ഞാൻ മറ്റാർക്കും കൊടുക്കില്ല. ആ ഉത്തരം എനിക്കു തന്നെ പറയണം.

അഫ്സലിക്കയും അൻവറിക്കയും രഞ്ജിനിയും എല്ലാമുള്ള ഒരു ഷോ. കല്യാണരാമൻ ഇറങ്ങിയ സമയം. ‘കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാൻ എന്ന പാട്ട്. ഞാൻ പാടിത്തുടങ്ങി. ‘കഥയിലെ രാജകുമാരിയും ഗോ പ‘കുരാമനും’ എന്നായി. പാടിക്കഴിഞ്ഞാണ് കയ്യിൽ നിന്നു പോയെന്ന് മനസ്സിലായത്.

കേട്ടിരിക്കുന്നവർ ഇപ്പോൾ പൊട്ടിച്ചിരിക്കും എന്നോർത്ത് ഞാൻ മുന്നോട്ടു നോക്കി. പാട്ടിന്റെ ഒാളത്തിൽ വാക്കു മാറിപ്പോയത് ആരും കേട്ടില്ല. ‍ഭാഗ്യം രക്ഷപ്പെട്ടെന്നു പറഞ്ഞ് ഞാൻ ഒാർക്കസ്ട്രയെ നോക്കി. അവർ ചിരി കടിച്ചുപിടിച്ചിരിക്കുന്നു. തൊട്ടപ്പുറത്ത് നിന്ന് ര‍‌ഞ്ജിനിയും അഫ്സലിക്കയും വാ പൊത്തി ചിരിക്കുന്നു.

റിമി: വിധുവിനു പറ്റിയ മറ്റൊരു അബദ്ധം കൂടി ഞാൻ പറയാം. ഇതു സത്യമായും നടന്നതാണ്.

വിധു: റിമിയുെട നോട്ടം കണ്ടപ്പോഴേ മനസ്സിലായി മസാലയാണ് വരുന്നതെന്ന്. റിമി പറയാൻ പോകുന്നതിൽ സത്യം ഒരു തരിപോലും ഇല്ല, ആരും വിശ്വസിക്കരുത്.

റിമി: ഞാനും വിധുവും കൂടി ഒരു കല്യാണ ഫങ്ഷനു പാടുന്നു. ഇത്തരം പരിപാടികൾക്കു പോകുമ്പോൾ രണ്ടുമൂന്നു കാര്യമുണ്ട്. നമ്മൾ ഒരു സൈഡിൽ നിന്നു പാടും. അധികമാരും ശ്രദ്ധിക്കില്ല. ഭക്ഷണം കൊടുത്തു തുടങ്ങിയ സമയമാണെങ്കിൽ പറയാനുമില്ല. ആളുകളെല്ലാം അതിന്റെ പുറകെ ആയിരിക്കും. പാട്ടൊന്നും ആരും കേൾക്കില്ല,

ഞാനും വിധുവും കൂടി പാടി തകർക്കുകയാണ്. സ്റ്റേജിനു മുന്നിലൂടെ വിലകൂടിയ സാരിയും ഉടുപ്പുമൊക്കെയിട്ട് സുന്ദരിമാരായ ചേച്ചിമാരും പെൺകുട്ടികളും മന്ദം മന്ദം നടന്നു പോകുന്നു.

പൊന്മുടി പുഴയോരത്ത് എന്ന സിനിമയിലെ ‘ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി...’ എന്ന പാട്ട് അന്നത്തെ സൂപ്പർഹിറ്റാണ്. വിധു പാടി തുടങ്ങിയപ്പോൾ ‘ചിരി’ കാണാതെ പോയി. മുന്നിൽ കൂടി പോയ സുന്ദരിമാരെ നോക്കി വിധു പാടുകയാണ് ‘ഒരു കണി കണ്ടാൽ ഇതു കണ്ടാൽ അതുമതി....’

ജ്യോത്സ്ന: ഭാഗ്യത്തിന് അന്ന് സോഷ്യൽമീഡിയ ഒന്നുമില്ല. അല്ലെങ്കിൽ ‘ലിങ്ക് തുറന്നു നോക്കൂ, പെൺകുട്ടിയെ നോക്കി വിധു പാടിയതു കേട്ടാൽ നിങ്ങൾ ഞെട്ടും’ എന്ന് ഒാൺലൈൻ മീഡിയകളിൽ വന്നേനെ.

സിതാരയ്ക്ക് ഒരു ദിവസം എത്ര മണിക്കൂറാണ്?

ജ്യോത്സ്ന: ഒരു ദിവസം 28 മണിക്കൂറാക്കാൻ സിതാര അ പേക്ഷ കൊടുത്തിട്ടുണ്ടെന്നാണ് ഞങ്ങൾ പറയാറുള്ളത്. പാട്ടു പാടുന്നു, ഡാൻസ് പഠിക്കുന്നു, ബിസിനസ് ചെയ്യുന്നു, അഭിമുഖങ്ങൾ നടത്തുന്നു...

സിതാര: എല്ലാവരും ജോലി ചെയ്യുന്നുണ്ട്. നമ്മളത് ശ്രദ്ധിക്കുന്നില്ലെന്നേയുള്ളൂ. ഇതൊന്നും എനിക്കൊരു ഭാരമേയല്ല. എല്ലാത്തിനും സമയം കിട്ടാറുമുണ്ട്. ഇങ്ങനെ ജോലി ചെയ്യുമ്പോഴാണ് ‍ഞാൻ കൂടുതൽ കംഫർട്ടബിൾ.

ഈ ഒന്നര വർഷം കൊണ്ട് ഞങ്ങൾ ഒരുപാടു മാറി. പരസ്പരം സ്വാധീനിച്ച് ഒരുപാടു കാര്യങ്ങൾ ചെയ്യാറുണ്ട്. മ ധുരമുള്ളത് എന്തു കണ്ടാലും ആക്രാന്തപ്പെട്ട് എടുത്തു ക ഴിക്കുന്ന ആളായിരുന്നു ‍ഞാൻ. പക്ഷേ, റിമു ആരോഗ്യത്തി ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പറയും. അതിൽ ഞ ങ്ങൾ‌ ഇൻസ്പയേഡായി.

വിധു ആണെങ്കിലും യൂ‌ട്യൂബ് ചാനൽ ഉഷാറാക്കി. ചിന്നു ഗിറ്റാറും പിയാനോയും കൂടുതലായി പഠിക്കാൻ തുടങ്ങി. അതിനൊക്കെ പുറമേ ഡ്രൈവിങ്ങും. റിമു പുതിയ യൂട്യൂബ് ചാനൽ തുടങ്ങി, യോഗ പഠിച്ചു. ഈ മാറ്റങ്ങളെല്ലാം ഞങ്ങൾ പരസ്പരം പിന്തുണ നൽകുന്നതു കൊണ്ടാണ് ആവേശത്തോടു കൂടി ചെയ്യാനാകുന്നത്.

കോളജ് കഴിഞ്ഞാൽ ഇങ്ങനൊരു സൗഹൃദമൊന്നും പലപ്പോഴും ഉണ്ടാകില്ല. ഒരുമിച്ചു പ്രോഗ്രാമിനു പോയാൽപോലും ഇത്തരമൊരു കൂട്ടുകെട്ടുണ്ടാകണമെന്നില്ല.

നിങ്ങൾ നാലുപേരുടെയും പൊതു സ്വഭാവം എന്താണ്?

റിമി: ഞങ്ങള്‍ നാലു പേരും ഉറക്കെ ചിരിക്കുന്നവരാണ്. പരിസരം നോക്കാതെ ചിരിക്കുന്നവർ. എല്ലാവർക്കും ഇങ്ങനെ ചിരിക്കാൻ പറ്റില്ല. ചിരി ബ്രേക്കിട്ടാൽ നിൽക്കില്ല. ഒറ്റ കാര്യമേയുള്ളൂ, പുഞ്ചിരിക്കാൻ മാത്രം അറിയില്ല. പൊട്ടിച്ചിരി, അലറിച്ചിരി, അമിട്ടുചിരി, ഇക്കിളിചിരി തുടങ്ങിയ വെറൈറ്റികളിലുള്ള ചിരികളേ അറിയൂ.

ഒരു തമാശ പറഞ്ഞാൽ നാലുപേരും ഒരുപോലെ ആ സ്വദിക്കും. ഇങ്ങനെ ചിരിക്കാത്ത ഒരാളാണ് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നതെങ്കിൽ എല്ലാം പാളിപ്പോയേനെ.

സിതാര: സന്തോഷം മാത്രമേയുള്ളൂ ആ സെറ്റിൽ. പാടാൻ വരുന്ന കുട്ടികൾ പോലും ഇതൊരു കുടുംബം എന്ന രീതിയിലാണ് എടുക്കുന്നത്.

ഒരൊറ്റ പാട്ടിൽ പഠിപ്പിച്ചു കൊടുക്കാവുന്ന ഒന്നല്ല പാട്ട്. അതുകൊണ്ടു തന്നെ ചില നിർദേശങ്ങൾ കൊടുക്കും. അതിനേക്കാൾ കൂടുതലായി എല്ലാവരും കൂടി ഒരുമിച്ചിരുന്നു ചിരിക്കും. പാട്ടുപാടാനെത്തുന്നവരെ അങ്ങോട്ടും അ വർ ഇങ്ങോട്ടും കളിയാക്കും. ഒരു കുടുംബം പോലെയാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടു തന്നെ അവർ നന്നായി പാടുന്നുമുണ്ട്.

ജ്യോത്സ്ന എന്ന പേരുണ്ടാക്കിയ തമാശകള്‍ ഉണ്ടോ?

ജ്യോത്സ്ന: ജ്യോത്സ്ന എന്നൊരു ന്യൂസ് റീഡർ പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്നു. അവരെ എന്റെ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഈ പേരെനിക്കിട്ടത്. കുട്ടിക്കാലത്തൊക്കെ എന്റെ പേരിൽ തട്ടി തലയും കുത്തി വീണ ഒരുപാടു പേരുണ്ട്. ജോസന, ജോൽസന, ജോസ്ന,ജ്യോൽസന... ഇങ്ങനൊക്കെ വിളിച്ചവരുണ്ട്.

ഇനി പേര് എഴുതിയാലോ. പല തരത്തിലുള്ള സ്പെല്ലിങ്. ഇതൊക്കെ കൊണ്ട് പത്താംക്ലാസായപ്പോൾ ഈ പേരു മാറ്റിയാലോ എന്നു ശരിക്കും വിചാരിച്ചു. മാറ്റാത്തത് നന്നായി, അധികം പേർക്കും ഈ പേരില്ലല്ലോ

വിധു: എന്റെ പേരും അതുപോലെ തന്നെയാണ്. പാട്ടിനൊക്കെ സമ്മാനം മേടിക്കാൻ സ്റ്റേജിനടുത്ത് കാത്തു നിൽക്കുന്ന സമയത്ത് അനൗൺസ്മെന്റ് കേള്‍ക്കാം, ഒന്നാം സമ്മാനം, ബിന്ദു പ്രതാപ്.

കേൾക്കുമ്പോഴേ എനിക്കു മനസ്സിലാകും പേരു വായിച്ചതു തെറ്റി പോയതാണ്. ‘ഒാ ആൺകുട്ടിയാണല്ലേ...’ എന്ന ഭാവം സമ്മാനം തരാൻ നിൽക്കുന്ന ആളുടെ മുഖത്ത്. പിന്നെ ഞാൻ തിരുത്തിക്കൊടുക്കും വിധു, ധരണിയുടെ ‘ധ’.

സോഷ്യൽമീഡിയയിലെ കമന്റുകൾ വായിച്ച് ‘ഫ പുല്ലേ’ എന്നു പറയാൻ തോന്നിയിട്ടുണ്ടോ?

കോറസ്: തോന്നിയിട്ടുണ്ട്.

സിതാര: പണ്ട് ഞാൻ കമന്റുകൾ ഇരുന്നു വായിക്കും. ചിലർക്ക് ഇതൊരു പ്രത്യേക രസമാണ്. മോശം കമന്റുകൾ ഇ ടുന്നതിലും കൂട്ടമായി ആക്രമിക്കുന്നതിലും എല്ലാം ആനന്ദിക്കുന്നവരുണ്ട്. നമ്മളെക്കുറിച്ചുള്ള വാർത്ത കൊടുത്ത പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്സിൽ വന്ന് ചീത്തവിളിച്ചു പോകുന്ന പലരുടെയും പ്രൊഫൈൽ എടുത്തു നോക്കിയാലറിയാം. അവർ ഭാര്യയെയും മക്കളെയും ഒക്കെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഇട്ടിട്ടുണ്ടാകും.

ഒരിക്കൽ മോശം വാക്കുകൾ ഉപയോഗിച്ച് ഒരാൾ കമന്റ് ചെയ്തിരുന്നു. ഞാനതിന്റെ സ്ക്രീൻഷോട്ട് എടുത്ത് അ യാളുടെ കമന്റ് ബോക്സിൽ പോസ്റ്റ് ചെയ്തു. ഞാൻ എ ന്റെ പേജിലും ഇട്ടു. വെറുതെ പ്രതികരിക്കാതെ ഇരുന്നിട്ട് കാര്യമില്ലല്ലോ.

വിധു: വേറൊരു വിഭാഗമുണ്ട്. പ്രഭാതകൃത്യങ്ങൾ പോലെ ഒരു പതിവു പരിപാടി. ഇന്നാരെയാണ് ചീത്തവിളിക്കേണ്ടതെന്നു നോക്കിയിരിക്കും. ഇവർക്ക് ഒരു പൊതു സ്വഭാവമുണ്ട്. മിക്കവരുടെയും പ്രൊഫൈൽ വ്യാജമാണ്. തിയറ്ററിൽ ഇരുട്ടിലിരുന്നു കൂവില്ലേ, അതേ പോലെ നട്ടെല്ലില്ലാതെ പേരും വ്യക്തിത്വവുമൊക്കെ ഒളിപ്പിച്ചു വച്ച് മോശം ക മന്റുകളിടും. അവരെയൊക്കെ ‘ഫ, പുല്ലേ...’ എന്നു വിളിക്കാൻ തോന്നിയിട്ടുണ്ട്.

പാല, ക്രിസ്മസ്, അപ്പവും സ്റ്റ്യൂവും പിന്നെ റിമിയും. ഈ കോം ബിനേഷനെക്കുറിച്ച് വിധുവിന് പറയാനുള്ളതെന്താണ്?

വിധു: അപ്പവും സ്റ്റ്യൂവും പോലെ കിടിലൻ കോംബോയാണിതെല്ലാം. പാല, റിമി എന്നൊക്കെ കേൾക്കുമ്പോഴേ വറ്റിച്ച മീൻ കറി ഒാർമ വരും. റിമിക്ക് വാചകം മാത്രമല്ല നന്നായിട്ട് പാചകവും അറിയാം.

റിമി: ആദ്യമേ അത്യാവശ്യം മോശമില്ലാതെ ഭക്ഷണം ഉണ്ടാക്കുന്ന ആളായിരുന്നു ഞാൻ. ലോക്ഡൗൺ കാലത്താണ് എല്ലാവരെയും പോലെ പരീക്ഷണങ്ങളിലേക്കു കടന്നത്. ബീഫ് റോസ്റ്റും മോരുകറിയും പാവയ്ക്കാ തോരനുമൊക്കെ ആഴ്ചയിൽ ഒരിക്കലെങ്കിലും ഉണ്ടാക്കും. മീൻകറിയിലാണ് ഏറ്റവും കൂടുതൽ പരീക്ഷണം നടത്തിയതെങ്കിലും വിജയിച്ച ഒരു റെസിപ്പി കിട്ടിയത് കുറച്ചു നാള്‍ മുൻപാണ്. കുടമ്പുളി ഇട്ട് വറ്റിച്ച് മൂന്നു ദിവസമൊക്കെ ഇരുന്ന മീൻകറി കാണുമ്പോള്‍ തന്നെ....

വിധു: വീട്ടിൽ പോയി ഉണക്കച്ചപ്പാത്തി കഴിക്കാനുള്ളതാണ്. അത്ര ഡെക്കറേഷൻ മതി...

ക്രിസ്മസ് വരുന്നു, ഒരുക്കങ്ങളെന്തൊക്കെയാണ്?

ജ്യോത്സ്ന: നവംബർ ആകുമ്പോഴേക്കും ഏതു നാട്ടിലാണെങ്കിലും മനസ്സിലൊരു സന്തോഷം വരില്ലേ? ന്യൂഇയർ കഴിയുമ്പോഴേക്കും പിന്നെ, സങ്കടമാകും.

ഡിസംബർ എനിക്ക് പ്രിയപ്പെട്ട മാസമാണ്. ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി, എന്റെ ഹസ്ബന്‍ഡിന്റെ പിറന്നാൾ... അതുകൊണ്ടു തന്നെ ഡിസംബർ എനിക്ക് ഒരുപാടിഷ്ടപ്പെട്ട മാസമാണ്.

തൃശൂരിലെ ക്രിസ്മസ് അറിയാമല്ലോ. എല്ലാ വീട്ടിലും നിറയെ അലങ്കാര വെളിച്ചം. കാറിലൊക്കെ പോകുമ്പോൾ നല്ല രസമല്ലേ കാണാൻ. പുൽക്കൂടൊക്കെ മാറ്റുമ്പോൾ വ ല്ലാത്ത സങ്കടം വരും.

വിധു: തിരുവനന്തപുരത്ത് വെട്ടുകാട് പള്ളിയിൽ ക്രിസ്മസ് ട്രീയുടെ രൂപത്തിൽ കുട്ടികളെ നിരത്തി നിർത്തും. അത് ക്വയർ ആണ്. എന്നിട്ട് ഒാരോ കുട്ടികളായി പാടും.

റിമി: ക്രിസ്മസ് ദിവസം ലണ്ടനിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. സ്ട്രീറ്റൊക്കെ നല്ല ഭംഗി. ആളുകളെല്ലാം ആഘോഷത്തിലാണ്. പക്ഷേ, എനിക്ക് പല്ലുവേദന. വാ തുറക്കാൻ വയ്യ. അത്രയും നല്ല ക്രിസ്മസ് ആയിട്ട് ഞാൻ മുഖത്തും കൈവച്ച് വേദനിച്ചു നടന്നു.

വിധു: റിമി കൂടുതൽ പറയാഞ്ഞിട്ടാണ്. ആരുടെയോ കയ്യി ൽ നിന്ന് എന്തോ സമ്മാനം കിട്ടിയതാണോ...?

സിതാര: പൈതലാം യേശുവേ, കാലിത്തൊഴുത്തിൽ... അ ങ്ങനെ കുറേ പാട്ടോർമകൾ കൂടിയുണ്ട്. എന്റെ അമ്മ കാത്തലിക് ആണ്. അമ്മയുടെ വീട്ടിലൊക്കെ ക്രിസ്മസ് അവധിക്കു പോകുന്നത് വലിയ ആഘോഷമാണ്.

പുതിയ കാലമെത്തിയപ്പോഴേക്കും പാട്ടിനും പാട്ടുകാർക്കും വന്ന മാറ്റങ്ങളെന്തൊക്കെയാണ്?

സിതാര: എല്ലാത്തിനും വന്ന മാറ്റം പാട്ടുകാർക്കും വന്നിട്ടുണ്ട്. പാട്ടുകാരായ പല കുട്ടികളുടെയും ഏറ്റവും വലിയ സ്വപ്നം സിനിമയ്ക്കു വേണ്ടി പാടുകയാണെന്നു തോന്നുന്നില്ല. അത് സിനിമ മാറിയതു കൊണ്ടാണ്. സിനിമയിലെ പാട്ടുകളുടെ സ്വഭാവം മാറി. പുതിയ കുട്ടികൾക്ക് അവർക്ക് എ ന്താണു വേണ്ടതെന്ന് കൃത്യമായ ധാരണയുണ്ട്.

നാലു പേരും ടൈംട്രാവൽ ചെയ്ത് 30 വർഷം മുന്നോട്ടു പോ യാൽ എന്താകും അവസ്ഥ?

വിധു: ഞാൻ റിമിയുടെ അവസ്ഥ പറയാം. വടിയും കുത്തിപ്പിടിച്ചായാലും വർക്ക് ഒൗട്ട് ചെയ്യുന്നുണ്ടാകും.

റിമി: അത് ശരിയാണ്. ഒപ്പം ഏതെങ്കിലുമൊക്കെ രാജ്യത്ത് നാടു കണ്ട് നടക്കുന്നുണ്ടാകും.

സിതാര: പാട്ട് നന്നായി ആസ്വദിക്കാൻ പറ്റണം. അടുത്ത തലമുറയിലെ കുട്ടികളോടും നന്നായി സംസാരിക്കാനും പെരുമാറാനും പറ്റണം. അങ്ങനെയൊരു മനസ്സു വേണം.

ജ്യോത്സ്ന: പാട്ടൊക്കെ പാടി ഇങ്ങനെ മുന്നോട്ടു പോകുന്നുണ്ടാകും.

വിജീഷ് ഗോപിനാഥ്

ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

ലോക്കേഷൻ: റമദ റിസോർട്ട്, കൊച്ചി