‘നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയി ടെടാ...’

ADVERTISEMENT

സംവിധായകൻ സിബി മലയിൽ, തിരക്കഥാകൃത്ത് ലോഹിതദാസ്, നിർമാതാക്കളായ കൃഷ്ണകുമാറും ദിനേശ് പണിക്കരും. ഈ നാല്‍വര്‍ സംഘം മോഹന്‍ലാലിെന കണ്ട് ഒരു പ്രോജക്റ്റ് ഡിസ്കസ് െചയ്യാന്‍ നടന്നത് ഒന്നല്ല, പല തവണയാണ്. മോഹൻലാലിന്റെ തിരക്ക് മൂലം എല്ലാം മാറിപ്പോയി. ഒടുവിലൊരു ദിവസം ഇവരുടെ മുന്നില്‍, മുടവൻമുഗളിലെ വീട്ടില്‍ മോഹൻലാൽ കഥ കേൾക്കാനിരുന്നു. ലോഹിതദാസ് കഥ പറഞ്ഞുതുടങ്ങി.

ഒരച്ഛനും മകനും തമ്മിലുള്ള അസാധാരണ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു അത്. കഥ മുറുകുന്നതിനനുസരിച്ച് ലാലിന്റെ മുഖം ഗൗരവത്തിലായി. അലക്ഷ്യഭാവം മാറി. മനസ്സു കൊണ്ട് അദ്ദേഹം സേതുമാധവനായി. ലോഹി കഥ പറഞ്ഞു നിർത്തിയയുടന്‍ ലാൽ പറഞ്ഞു; ‘ഈ സിനിമ നമ്മൾ ഉടന്‍ ചെയ്യുന്നു.’

ADVERTISEMENT

എ. കെ. ലോഹിതദാസ് എന്ന ചാലക്കുടിക്കാരന്‍ നാടകകൃത്ത് സിനിമാഎഴുത്തിന്റെ മാന്ത്രികലോകത്ത് പറന്നു തുടങ്ങിയ കാലത്താണ് ‘കിരീടം’ വരുന്നത്. ഒരു സാധുമനുഷ്യന്റെ ജീവിതത്തിൽ നിന്നാണ് ലോഹി കിരീടത്തിെന്‍റ കഥാതന്തു കണ്ടെത്തിയത്. ഒരു ആശാരിയായിരുന്നു അയാൾ. സ്വന്തം വീടും കുടുംബവും മാത്രമായി ഒതുങ്ങി ജീവിച്ച െവറും സാധു. എല്ലാ വൈകുന്നേരങ്ങളിലും ഇത്തിരി കള്ളു കുടിക്കുന്നതാണ് ഏകസ്വഭാവദൂഷ്യം. ഒരിക്കൽ കള്ളുഷാപ്പിൽ വച്ച് മറ്റൊരാളുമായി വഴക്കുണ്ടായി. അയാൾ ആശാരിയെ മൃഗീയമായി മർദിച്ചു. ഗത്യന്തരമില്ലാതെ ആശാരി ഉളിയെടുത്തു പ്രയോഗിച്ചു. അയാൾ പിടഞ്ഞു വീണു മരിച്ചു. കൊല്ലപ്പെട്ട ആൾ നാട്ടിലെ കുപ്രസിദ്ധ ഗുണ്ട ആയിരുന്നു. കേട്ടിട്ടുണ്ടെന്നല്ലാതെ അയാളെ ആശാരി കണ്ടിരുന്നില്ല. ഒരു കൊലക്കേസിൽ പരോളിലിറങ്ങിയതായിരുന്നു അയാൾ.

ആ കൊലപാതകത്തോടെ ആശാരിയുടെ ജീവിതം ഛിന്നഭിന്നമായി. അയാളുടെ കുടുംബം വഴിയാധാരമായി. കൊല്ലപ്പെട്ട ഗുണ്ടയുടെ സ്ഥാനത്ത് നാട്ടുകാർ ആശാരിയെ പ്രതിഷ്ഠിച്ചു. ചുരുക്കത്തിൽ ചോര കണ്ടാൽ തലചുറ്റി വീഴുന്ന ആശാരി മറ്റുള്ളവരുടെ പേടിസ്വപ്നമായി.

ADVERTISEMENT

ആ ആശാരിയാണ് സേതുമാധവനായി ലോഹിയിലൂടെ ഉയർത്തെഴുന്നേറ്റത്. സേതുമാധവന്റെ പിതാവായി അച്യുതൻ നായർ കൂടി എത്തിയതോടെ അച്ഛനും മകനും തമ്മിലുള്ള നിശബ്ദമായ സ്നേഹബന്ധത്തിന്റെ ആത്മാവ് ഉരുക്കിയൊഴിച്ച് ലോഹിതദാസ് എക്കാലവും ഓർമിക്കാവുന്ന സിനിമയെഴുതി. സിബി മലയിൽ അതിന് ദൃശ്യമൊരുക്കി.

‘ഇത്രയും സമ്മർദത്തിൽ നിന്നുകൊണ്ട് മറ്റൊരു സിനിമയും ചിത്രീകരിക്കേണ്ടി വന്നിട്ടില്ല. എങ്കിലും സിനിമയുടെ റിസൽറ്റ് വളരെ പോസിറ്റീവായിരുന്നു. പിന്നെ, മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ സഹകരണം. അതുകൊണ്ടൊക്കെ സമ്മർദങ്ങൾ അറിയാതെ പോയി.’ സിബി മലയിൽ ഒാര്‍മകളില്‍ മുഴുകുന്നു.

‘സിനിമ എഴുതുമ്പോൾ ചില നടന്മാർ കഥാപാത്രങ്ങളായി മുന്നിൽ വരും. ഹെഡ്കോൺസ്റ്റബിൾ അച്യുതൻ നായരെ എഴുതുമ്പോൾ ലോഹിയുടെയും എന്റെയും മനസ്സിൽ മറ്റൊരു നടനുണ്ടായിരുന്നില്ല, തിലകനല്ലാതെ.

തിലകന് നായകനടന്മാരെക്കാൾ തിരക്കുള്ള കാലമാണത്. അദ്ദേഹമന്ന് തിരുവനന്തപുരത്ത് രണ്ടു സിനിമകളില്‍ അഭിനയിച്ചു െകാണ്ടിരിക്കുന്നു. അശോകൻ സംവിധാനം െചയ്യുന്ന ‘വർണ്ണം’ പകൽ നേരത്തും ടി. കെ. രാജീവ്കുമാറിന്റെ ‘ചാണക്യൻ’ രാത്രിയും. ഞാനും ലോഹിയും തിലകനെ കണ്ടു. ചിറ്റൂരാണ് കിരീടത്തിെന്‍റ ലൊക്കേഷന്‍ പ്ലാന്‍ െചയ്തിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് അവിെട വരെ വരുന്നതിനുള്ള ബുദ്ധിമുട്ടാണ് തിലകന്‍ ചൂണ്ടിക്കാട്ടിയത്. ഞാന്‍ പറഞ്ഞു, ‘ചേട്ടൻ വരുന്നതുവരെ സിനിമ മാറ്റിവയ്ക്കും. വേറൊരു നടനില്ല ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ.’

നാടകകാലത്ത് സഹപ്രവർത്തകരായിരുന്നു തിലകനും ലോഹിയും. അതുകൊണ്ട് ലോഹിയുടെ എഴുത്തിന്റെ മാന്ത്രികത അറിയാവുന്ന തിലകൻ പറഞ്ഞു. ‘ഒരുകാര്യം ചെയ്യാം. രണ്ടു സിനിമകൾക്കിടയിലെ ഇടവേളയിൽ വന്ന് അഭിനയിക്കാം. പക്ഷേ, ലൊക്കേഷൻ തിരുവനന്തപുരത്തേക്കു മാറ്റണം.’ വലിയൊരു വെല്ലുവിളിയാണത്. പക്ഷേ, വേറെ വഴിയില്ല.

അങ്ങനെ ചാണക്യനിലെ വില്ലനായ മുഖ്യമന്ത്രി മാധവമേനോനും വർണ്ണത്തിലെ മേജർ എം. കെ. നായർക്കും ഇടയ്ക്കുള്ള സമയങ്ങളിൽ തിലകൻ ഹെഡ്കോൺസ്റ്റബിൾ അച്യുതൻ നായരായി. സേതുമാധവന്റെ സ്നേഹനിധിയായ അച്ഛനായി. മുൾകിരീടം ശിരസ്സിലേറ്റിയ അച്ഛനായി മാറാൻ തിലകന് ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്കുള്ള യാത്ര ധാരാളം മതിയായിരുന്നു.

ഉജ്വലമായ രണ്ടാം ടേക്

അഭിനയിക്കാൻ വരുമ്പോൾ ഇത്രയും ഗൃഹപാഠം ചെയ്യുന്ന, ഇത്രയും കഠിനാധ്വാനം ചെയ്യുന്ന മറ്റൊരു നടനുണ്ടോ എന്നു സിബിക്കു സംശയം. കിരീടത്തിന്റെ സെറ്റിലുമുണ്ടായി അത്തരമൊരു സംഭവം. കുറ്റവാളിയായി പൊലീസ് സ്റ്റേഷനിലെത്തിയ മകനെ കഠിനമായി മർദിക്കുകയാണ് അച്യുതൻ നായർ. തല്ലു കൊണ്ട് അവശനായി ചുമരിലൂടെ ഊർന്ന് േസതു താഴേക്കു വീഴുന്നു. ഒറ്റ ടേക്കിലാണ് സീൻ. ആദ്യ ടേക്കിൽ തന്നെ സീൻ ഓക്കെയായി. ഇന്നത്തെപ്പോലെ മോണിറ്റർ സംവിധാനമൊന്നുമില്ല. ഇടി കൊണ്ട മോഹൻലാലിനെക്കാൾ ഇടിച്ച തിലകൻ അവശനായി. അദ്ദേഹത്തിന് ശ്വാസം കിട്ടുന്നില്ല. ഷോട്ട് കഴിഞ്ഞ് ദൂരെയൊരു സ്ഥലത്ത് മാറിയിരുന്ന് വിശ്രമിക്കുകയാണു തിലകൻ.

അപ്പോഴാണ് ക്യാമറാമാൻ എസ്. കുമാർ സിബിയോടു കാര്യം പറയുന്നത്. അവസാനഷോട്ടിൽ മോഹൻലാലിന്റെ മുഖത്ത് പൊലീസുകാരനായ ഒടുവിൽ ഉണ്ണികൃഷ്ണന്റെ നിഴൽ വീഴുന്നുണ്ട്. ആ സീൻ ഒന്നുകൂടി എടുക്കേണ്ടി വരും.

ആദ്യ ടേക്കിന്റെ കിതപ്പ് മാറിയിട്ടില്ല തിലകന്. അപ്പോഴാണ് ആ സീൻ ഒന്നുകൂടി എടുക്കണമെന്ന് ആവശ്യപ്പെേടണ്ടത്. തിലകനോട് ആരു പറയും റീടേക്കിനെക്കുറിച്ച്. ആർക്കും ധൈര്യമില്ല. പക്ഷേ, സിബിക്ക് പറയാതെ നിവൃത്തിയില്ലല്ലോ. അദ്ദേഹം തിലകനോടു കാര്യം പറഞ്ഞു. സിബിയെ രൂക്ഷമായി നോക്കിക്കൊണ്ട് തിലകൻ പറഞ്ഞു. ‘സിബീ... ഞാനൊരു ഹൃദ്രോഗിയാണെന്ന് അറിയാമല്ലോ?’

പ്രശ്നം അറിഞ്ഞ് മോഹന്‍ലാൽ ഇടപെട്ടു. ‘തിലകൻ ചേട്ടൻ വിശ്രമിക്കട്ടെ. അ ദ്ദേഹത്തിന് എപ്പോൾ ചെയ്യാൻ പറ്റുമോ അപ്പോൾ ചെയ്യാം. ഞാന്‍ കാത്തിരിക്കാം.’ തിലകൻ പിന്നെയൊന്നും പറഞ്ഞില്ല. പത്തു മിനിറ്റു കഴിഞ്ഞ് സിബിയോടു പറഞ്ഞു, ‘നമുക്ക് ഒന്നുകൂടി നോക്കാം.’

ആദ്യം ചെയ്തതിലും മനോഹരമായി ഒറ്റടേക്കിൽ വീണ്ടും അദ്ദേഹം ആ രംഗം അഭിനയിച്ചു. സിബി പറയുന്നു. ‘താൻ ഉള്ള ഒരു സീൻ പോലും മോശമാകുന്നത് തിലകൻ ചേട്ടൻ ഇഷ്ടപ്പെട്ടിരുന്നില്ല.’

മോനെ... എന്ന വിളി

കിരീടത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് സിബിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് ആര്യനാട് ചന്തയിലായിരുന്നു ഷൂട്ടിങ്. വൈകുന്നേരം നാലുമണിക്കെങ്കിലും തിലകൻ എത്തണം. നിർമാതാവ് കൃഷ്ണകുമാർ തിലകനെ കൊണ്ടുവരാൻ ചാണക്യന്റെ സെറ്റിലുണ്ട്.

ചാണക്യന്റെ ഷൂട്ടിങ് നീണ്ടുപോയപ്പോൾ തിലകന് അപകടം മണത്തു. അദ്ദേഹം പറഞ്ഞു; ‘കൃത്യം നാലുമണിക്ക് ഞാൻ സെറ്റിൽ നിന്നു പോകും.’

പേട്ടയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയത് തിലകന്‍ ആര്യനാട്ടെ സെറ്റിലെത്തുമ്പോൾ പകൽവെട്ടം ഏറെക്കുറെ മങ്ങിയിരുന്നു. തന്റെ ജീവിതം തുലച്ച കീരിക്കാടനെ തലയ്ക്കടിച്ചു കിടത്തിയിരിക്കുകയാണു സേതുമാധവൻ. മരിച്ചെന്നു കരുതിയ കീരിക്കാടൻ ഞരങ്ങുന്നതു കണ്ട് ഓടിയെത്തി അയാളുടെ ദേഹത്തു കയറിയിരുന്ന് കുത്തിമലർത്തി കലിയടക്കുകയാണ്. ആ രംഗം കണ്ടുകൊണ്ട് ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി ‘മോനേ.....’ എന്ന് ഹൃദയം തകർന്ന വിളിയോടെ എത്തുകയാണ് അച്യുതൻ നായർ.

ചോര ചീന്തുന്ന കത്തിയുമായി ഉന്മാദാവസ്ഥയിലുള്ള സേതുമാധവനെ എങ്ങനെയാണു കീഴടക്കുന്നത്? അടുത്ത സീനി ൽ എന്തുചെയ്യണം? സിബിയും ലോഹിയും തിലകനും ആലോചിച്ചു.

‘അച്യുതൻ നായർ പറഞ്ഞാൽ സേതുമാധവൻ കേൾക്കില്ലേ. അയാൾ ശാന്തനാവില്ലേ?’ തിലകൻ ചോദിച്ചു.

സേതു ഉന്മാദാവസ്ഥയിലാണ്. അ ച്ഛൻ പറഞ്ഞാലും കേൾക്കണമെന്നില്ല എന്നു സിബി.

ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിൽ നിന്നു മകനെ മെരുക്കിയെടുക്കാൻ അച്യുതൻ നായർ പുറത്തെടുക്കുന്ന ഒരായുധമുണ്ട്; സ്േനഹം. ‘തെമ്മാടി’യെന്ന് ചെല്ലപ്പേരു വിളിച്ചുവളർത്തിയ മകൻ കൊലയാളിയായി മുന്നിൽ നിൽക്കുമ്പോഴുള്ള നിസ്സഹായതയോെട, സ്നേഹത്തിന്റെ കടലിരമ്പത്തോടെ അച്യുതന്‍നായരുടെ ഒരു വിളിയുണ്ട്, ‘മോനേ...’ എന്ന്. തിലകനെ േപാെല ഒരു മഹാനടനു മാത്രം സാധ്യമാകുന്ന അപൂര്‍വ സിദ്ധി.

‘മോനേ.... കത്തി താഴെയിടെടാ.. .’ മൂന്നു പ്രാവശ്യം അച്യുതൻ നായർ ആ ഡയലോഗു പറയുന്നു. നാലാമത്തെ പ്രാവശ്യം ‘നിന്റെ അച്ഛനാടാ പറയുന്നത്, കത്തി താഴെയിടെടാ.... ’ എന്ന് സ്നേഹം കലർത്തിയ ഡയലോഗ് പറയുന്നത് തിലകൻ എന്ന നടനാണ്. അത് എഴുതിവച്ച സീനിൽ ഉണ്ടായിരുന്നില്ല. ആ പിൻവിളിയിലാണ് സേതുമാധവൻ അലിഞ്ഞുപോകുന്നത്. കൈകൾ മേലോട്ടുയർത്തി അയാൾ നിലവിളിക്കുന്നത്.

അപ്പോഴേക്കും പകൽവെട്ടം അണഞ്ഞിരുന്നു. വികാരനിര്‍ഭരമായ ഈ രംഗം ടോപ് ആംഗിളിൽ ഷൂട്ട് െചയ്യാനായിരുന്നു സിബിയുെട തീരുമാനം. അതോെട െവളിച്ചക്കുറവ് പോലും ആ മാനസികാവസ്ഥകളുെട ഭാഗമായി മാറി....

 

ADVERTISEMENT