Friday 17 February 2023 11:48 AM IST

‘വിധൂ... നീ നോക്കിക്കോ മരിക്കുമ്പോഴാകും ആൾക്കാർ എന്നെ മനസ്സിലാക്കുന്നത്!’: മാഞ്ചുന പോൽ പൊള്ളുന്ന ഓർമയായി ബീയാർ പ്രസാദ്

V R Jyothish

Chief Sub Editor

beeyar-prasad വിധു പ്രസാദ്, മകൻ കവി പ്രസാദ്, മകൾ ഇള പ്രസാദ്

‘വിധൂ... നീ നോക്കിക്കോ മരിക്കുമ്പോഴാകും ആൾക്കാർ എന്നെ മനസ്സിലാക്കുന്നത്!’ ഒരിക്കൽ പ്രസാദേട്ടൻ എന്നോടു പറഞ്ഞു

‘മരിച്ചാൽ പിന്നെ, നമ്മൾ ഒന്നും അറിയില്ലല്ലോ പ്രസാദേട്ടാ...’ ഞാനന്ന് അങ്ങനെയാണു മറുപടി പറഞ്ഞത്. ഇ പ്പോൾ തോന്നുന്നു പ്രസാദേട്ടൻ പറഞ്ഞതായിരുന്നു ശരി. ബീയാർ പ്രസാദ് എന്ന എഴുത്തുകാരനെ ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

തെളിഞ്ഞും ചിലപ്പോഴൊക്കെ കലങ്ങിയും ഒഴുകിയ അരുവിയായിരുന്നു ഞങ്ങളുടെ ജീവിതം. പൊരുത്തക്കേടുകളുണ്ടായിരുന്നെങ്കിലും അതു സത്യസന്ധമായിരുന്നു. മറയോ നിഗൂഢതകളോ ഇല്ല. കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ ക്ലിനിക്കിൽ ആദ്യമായി കണ്ട നിമിഷം മുതൽ ചങ്ങനാശ്ശേരിയിലെ മറ്റൊരു ക്ലിനിക്കിൽ ആ ജീവൻ അവസാനിക്കുന്നതുവരെ അങ്ങനെതന്നെയായിരുന്നു.

പ്രസാേദട്ടനെ കണ്ടുമുട്ടിയതു സിനിമാരംഗം പോലെയാണ്. ഞാൻ ജോലി ചെയ്തിരുന്നതു കുറിച്ചിയിലെ വീടിനടുത്തുള്ള ഒരു ക്ലിനിക്കിലാണ്. ഒരു ദിവസം ഉച്ചയ്ക്ക് ഒ രാൾ ഡോക്ടറെ കാണാൻ വന്നു. ‘നാലു മണിക്കേ ഡോക്ടർ വരൂ, അപ്പോൾ വന്നാൽ മതി’. അതു പറഞ്ഞിട്ടും അയാൾ പോയില്ല. എന്നെ തന്നെ നോക്കിയിരിക്കുന്നു. ചെറിയ പേടിയും അസ്വസ്ഥതയും തോന്നി. ‘ഡോക്ടർ നാലുമണിക്കേ വരൂ അല്ലേ’ എന്ന് എന്നോട് ഇങ്ങോട്ടൊരു ചോദ്യം. ‘പിന്നെ, വരാം’ എന്നു പറഞ്ഞ് അയാൾ പോയി.

പിന്നെ, കാണുന്നത് പെണ്ണുകാണാൻ വരുമ്പോഴാണ്.

‘എന്നെ എവിടെയെങ്കിലും കണ്ട ഓർമയുണ്ടോ? എന്നു ചോദിച്ചു. ‘കണ്ട ഓർമയുണ്ട്, എവിടെ വച്ചെന്ന് അറിയില്ലെന്നു പറഞ്ഞു. ‘ഞാനന്ന് ആശുപത്രിയിൽ വന്നത് ഡോക്ടറെ കാണാനല്ല, തന്നെ കാണാനാണ്. എനിക്കു സ്ഥിരവരുമാനമോ ജോലിയോ ഇല്ല. കഥകളിയും നാടകവുമാണ് ഇഷ്ടം. കുറച്ചു സാഹിത്യവുമുണ്ട്. തന്നെ ഇഷ്ടമായി. സ്ത്രീധനം ഒന്നും വേണ്ട. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’ ഇത്രയുമാണു പറഞ്ഞത്.

‘എനിക്കു നല്ല ഉയരമുണ്ട്. മറ്റുള്ളവരുടെ മുൻപിൽ ന മ്മൾ തമ്മിൽ ഒട്ടും ചേർച്ചയുണ്ടാകില്ല.’ എന്റെ മറുപടി കേട്ട് പ്രസാദേട്ടൻ ചിരിച്ചു. ‘തനിക്കു താൽപര്യമുണ്ടെങ്കിൽ മറ്റുള്ളവരെ കാര്യമാക്കേണ്ട’. എനിക്ക് ഇഷ്ടമായിരുന്നു. ഏറ്റവും താൽപര്യം തോന്നിയതു ‘സ്ത്രീധനം വേണ്ട’ എന്ന വാചകമാണ്. കാരണം അതുകൊടുക്കാനുള്ള സാഹചര്യം വീട്ടിലിൽ ഇല്ലെന്ന് നന്നായി അറിയാം. വിവാഹം കഴിഞ്ഞ ശേഷം എന്റെ ഉയരക്കൂടുതൽ പറഞ്ഞു പലരും പ്രസാദേട്ടനെ കളിയാക്കി.

കേരനിരകളാടും ഒരു ഹരിതചാരുതീരം

മങ്കൊമ്പ് ക്ഷേത്രത്തിലെ അഷ്ടപദി ഗായകനായിരുന്നു പ്രസാദേട്ടന്റെ അച്ഛൻ ബാലകൃഷ്ണപണിക്കർ. പ്രസാദേട്ടൻ കുട്ടിക്കാലത്തേ അഷ്ടപദി പാടി ഇടയ്ക്ക വായിക്കുമായിരുന്നു. മൂന്നുവയസ്സുള്ളപ്പോഴാണ് അമ്മ കല്യാണിക്കുട്ടിയമ്മ മലയാളം വിദ്വാൻ പരീക്ഷയ്ക്കു പഠിക്കാൻ പോകുന്നത്. ക്ലാസ്സിൽ ഒപ്പം പ്രസാദേട്ടനെയും കൊണ്ടുപോകും. അങ്ങനെ അക്ഷരം പഠിക്കുന്ന പ്രായത്തിലേ സാഹിത്യവും വ്യാകരണവും പരിചയപ്പെടാനുള്ള അവസരം കിട്ടി. നന്നായി കവിത ചൊല്ലുമായിരുന്നു. പുളിങ്കുന്ന് സെന്റ് ജോസ്ഫ്സ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പഠനം. മകൻ കവി ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നതും അതേ സ്കൂളിൽ തന്നെ.

ഇരുപത്തിമൂന്നാം വയസ്സിൽ ‘തീർഥാടനം’ എന്ന ആട്ടക്കഥ എഴുതി. ‘അച്ഛനു സമ്പാദ്യങ്ങളൊന്നുമില്ല. ഒരുപിടി നല്ല സുഹൃത്തുക്കളും കുറച്ചു പുസ്തകങ്ങളുമാണ് അ ച്ഛന്റെ സമ്പാദ്യം.’ എന്നു മക്കളോട് ഇടയ്ക്ക് പറയുമായിരുന്നു. പുസ്തകങ്ങൾ നല്ലൊരു പങ്കും പ്രളയം കൊണ്ടുപോയി. പക്ഷേ, അവസാന നിമിഷം വരെ ഒപ്പം നിന്നത് സുഹൃത്തുക്കളായിരുന്നു. ആറു മുതൽ നൂറു വയസ്സു വരെയുള്ളവരുണ്ട് സൗഹൃദവലയത്തിൽ.

കഴിഞ്ഞ പ്രളയത്തിൽ ഞങ്ങളുടെ വീടും മുങ്ങിപ്പോയി. പ്രസാദേട്ടൻ മക്കളെപ്പോലെ സ്നേഹിച്ച പുസ്തകങ്ങൾ, പിന്നെ, ഡയറിയിൽ എഴുതിവച്ച വരികൾ. എല്ലാം പ്രളയത്തിൽ ഒലിച്ചുപോയി. എഴുതിയ വരികൾ നഷ്ടമായത് അ ദ്ദേഹത്തെ വല്ലാതെ ഉലച്ചു.

beeyar-prasad-1

പ്രേമമന്ദാരത്തിൻ പൂമകളേ

മകൾക്ക് ഇള എന്നും മകനു കവി എന്നുമാണ് പേരിട്ടത്. മ കളുടെ ചരടുകെട്ടു ദിവസം രാവിലെയാണു പ്രസാദേട്ടൻ യാത്ര കഴിഞ്ഞു വന്നത്. സ്വർണഅരഞ്ഞാണവുമായി വരുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, വന്നത് പുതുമയുള്ള രണ്ടു പാട്ടുമായാണ്. അതിലൊന്ന് മകളെക്കുറിച്ചാണ്. ‘ശ്രീലക്ഷ്മിയെന്നോ രാധയെന്നോ

ശ്രീപാർവതിയെന്നോ ഗൗരിയെന്നോ

പേരെന്തു ചൊല്ലി വിളിക്കുെമൻ ആദ്യത്തെ

പ്രേമമന്ദാരത്തിൻ പൂമകളെ....

നറു തിങ്കളേ.... എന്റെ നിറപുണ്യമേ...

എന്നിൽ ഉരുവാർന്ന ജീവന്റെ തളിർവല്ലി നീ...’ എന്നു തുടങ്ങുന്ന ഗാനം പിന്നീട് ഹിറ്റായി. ഇളയെക്കുറിച്ചായിരുന്നു ആ പാട്ട്.

‘മതിയാകുമോ സഖീ...

മധുധാര പോലെ നീ

പകരുമീ മോഹനരാഗം’

എന്ന പാട്ട് എന്നെക്കുറിച്ചാണെന്നും പറഞ്ഞു. ‘കുഞ്ഞിന് അരഞ്ഞാണത്തിനുവേണ്ടി കാത്തിരുന്ന എനിക്കു പാട്ടാണോ കൊണ്ടുവന്നതെന്ന് ഞാൻ ചോദിച്ചു. എങ്കിലും രണ്ടുപാട്ടും ഇഷ്ടമായി. മോഹനമായിരുന്നു പ്രസാദേട്ടന്റെ പ്രിയരാഗം.

പൂർണരൂപം ഫെബ്രുവരി ആദ്യ ലക്കത്തിൽ

വി.ആർ. ജ്യോതിഷ്

വര: അരുൺഗോപി

ഫോട്ടോ: ടിബിൻ അഗസ്റ്റിൻ