Monday 11 October 2021 02:08 PM IST

‘ഭരതേട്ടന് ലളിത ചേച്ചിയെക്കാൾ ഇഷ്ടം എന്നെയായിരുന്നു’; അതുകേട്ട് ചേച്ചി ചിരിച്ചു, പിന്നെ കണ്ണുതുടച്ചു; ഓർമകളുടെ ഫ്രെയിമില്‍ നെടുമുടി

Vijeesh Gopinath

Senior Sub Editor

nedumudi-rom ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ

നടന വൈഭവത്തിന്റെ കൊടുമുടി കയറിയ നെടുമുടിക്കാരൻ പോയ്മറയുകയാണ്. മരണത്തിന്റെ ലോകത്തേക്ക്... ആ അഭിനയ ചാരുതയെ ഹൃദയത്തിലേക്ക് ചേർത്തു നിർത്തുമ്പോൾ ഓർമ്മകളുടെ റീലുകൾ ഒത്തിരിയുണ്ട് ‘വനിതയുടെയും’ ഷെൽഫിൽ. ജ്വലിക്കുന്ന ഓർമകൾക്കു മുന്നിലുള്ള ആദരമെന്നോണം ആ നല്ല നിമിഷങ്ങളെ ഞങ്ങള്‍ തിരികെ വിളിക്കുകയാണ്, വേദനയോടെ. നെടുമുടി വേണു ജീവിതം, സിനിമ, സൗഹൃദം.... ഓർമ്മകളുടെ സ്റ്റോറേജ് എന്ന ടാഗ്‍ലൈനിൽ‌ വിജീഷ് ഗോപിനാഥ് എഴുതിയ ലേഖനം വായിക്കാം ചുവടെ...

ഭരതേട്ടനേയും ലളിതചേച്ചിയേയും കുറിച്ചു പറയുമ്പോൾ. അവർ രണ്ടായിട്ടല്ല, ഒരുമിച്ചേ മനസ്സിലേക്കു വരൂ... സന്തോഷം ചാമരം വീശി നിന്ന ആ ദിവസങ്ങൾ നെടുമുടി ഒാർക്കുന്നു

കലാകാരനും ആ തണലും...

ഞാനും ലളിതചേച്ചിയും ചുമ്മാ വഴക്കുണ്ടാക്കുന്ന രണ്ടാളുകളാണ്. ചെറിയ കാര്യങ്ങൾക്കു പോലും ഇപ്പോഴും ‘വഴക്കിടും. ’ ഒരു  നടിക്ക് എന്തിനാണ് ഒരു നടനോട് ഇത്രയും ‘അസൂയ’. അതിനുള്ള ഉത്തരം ഭരതേട്ടന്റെ പേരിലുള്ള അവാർഡ് സ്വീകരിക്കാൻ പോയപ്പോൾ ലളിതചേച്ചി ഇരിക്കുന്ന വേദിയിൽ വച്ച് ഞാൻ പറഞ്ഞു. ‘‘ഭരതേട്ടന് ലളിതചേച്ചിയെക്കാൾ ഇഷ്ടം എന്നെയായിരുന്നു. ഒരു ഭാര്യക്ക് അത് സഹിക്കാനാവുമോ? ആ ദേഷ്യം കൊണ്ടാണ് എന്നോടു ചേച്ചി വഴക്കുണ്ടാക്കുന്നത്, ’’ അതു കേട്ട് ചേച്ചി ചിരിച്ചു, പിന്നെ കണ്ണു തുടച്ചു. ഞങ്ങൾ ഒരുമിച്ചിരുന്ന് അഞ്ചുമിനിട്ടുനേരം സംസാരിച്ചാൽ‌ മതി. ഒാർമകൾ കൊണ്ട് മുറിവേറ്റ് രണ്ടുപേരുടെയും കണ്ണു നിറയും.  
ഭരതേട്ടന്റെയും ലളിതച്ചേച്ചിയുടെയും മദ്രാസിലെ  വീട് ഞങ്ങളുടെതും കൂടിയായിരുന്നു. എപ്പോൾ വേണമെങ്കിലും  കയറിച്ചെല്ലാം. എന്നെ കാണുമ്പോഴേ   ചേച്ചി പറയും,     അലുമിനിയക്കുടം  ചളുക്കാനുള്ള ആളെത്തി...   ആ അലുമിനിയ കുടങ്ങളായിരുന്നു സൗഹൃദകച്ചേരിക്ക് ‘ഘട’ങ്ങളായി മാറ്റിയിരുന്നത്. നാടൻ പാട്ടും കച്ചേരിയും... സന്തോഷം ചാമരം വീശിനിന്ന   ദിവസങ്ങൾ.

ലളിത ചേച്ചി  ഗർഭിണിയായ സമയം. പ്രസവശൂശ്രൂഷയ്ക്കായി വൈൻ തയാറാക്കാൻ വലിയ ഭരണയിൽ മുന്തിരി സൂക്ഷിച്ചിരുന്നു. മാസങ്ങൾക്കു മുമ്പേ ചെയ്തതാണ്. ഞാനും അരവിന്ദേട്ടനും പവിത്രനുമൊക്കെ അന്ന് അവിടത്തെ  സ്ഥിരം സന്ദർശകരാണ്. ആ ഭരണി ഞങ്ങളുടെ ‘നോട്ടപ്പുള്ളിയായി. ’ അതിലെ വൈൻ മൂത്ത് തുടങ്ങിയിട്ടേ ഉള്ളൂ.   ഒരു ദിവസം ചേച്ചി അറിയാതെ ഒരോ കുഞ്ഞു ഗ്ലാസു വീതം കുടിക്കാൻ ഒരാഗ്രഹം.  അതു പിന്നെ സ്ഥിരമായി. അവസാനം ശ്രീക്കുട്ടി ഉണ്ടായിക്കഴിഞ്ഞ് ചേച്ചി ആ ഭരണി തുറന്നു നോക്കിയപ്പോൾ, കുറച്ച് മുന്തിരിത്തൊണ്ടല്ലാതെ വേറൊന്നും കിട്ടിയില്ല.

2

 അഭിമുഖത്തിനു വേണ്ടിയാണ്  ഭരതേട്ടനെ ആദ്യമായി കണ്ടത്. അന്നു ഞാൻ  പത്രപ്രവർത്തകൻ കൂടിയാണ്.     പിന്നീടു കണ്ടപ്പോൾ ഭരതേട്ടൻ പറഞ്ഞു, ‘‘ഞാൻ അടുത്ത സിനിമയുെട ഒരുക്കത്തിലാണ്. ആരവം. കമൽഹാസനെയാണ്  നായകനാക്കാന്‍ തീരുമാനിച്ചെങ്കിലും  കമൽ എന്തോ തിരക്കിലാണ്. വേണു ഒന്നു ചെയ്തു നോക്കൂ..’’
 തമ്പിലാണ് ആദ്യം അഭിനയിച്ചതെങ്കിലും  സിനിമയിലേക്ക് ആദ്യം ക്ഷണിച്ചത് ഭരതേട്ടനാണ്.  തമ്പിന്റെ അന്തരീക്ഷമായിരുന്നില്ല ആരവത്തിന്റെ ലൊക്കേഷനിൽ. ആളും ബഹളവും. വലിയ ഒൗട്ട് ഡോർ യൂണിറ്റ്. വലിയ താരങ്ങൾ. ആകെ അപരിചിതത്വം. അപ്പോഴും ഭരതേട്ടനായിരുന്നു ആശ്വാസം. പുള്ളി നമ്മളെ കൈവെള്ളയിലെന്ന പോലെ കൊണ്ടു നടന്നു.
ആരവം പക്ഷേ വിജയിച്ചില്ല.  അതോടെ പുതുമുഖങ്ങളായ   എനിക്കും  പ്രതാപ് പോത്തനും ഭാഗ്യമില്ലാത്ത നടന്മാര്‍ എന്ന പേരു വന്നു. പക്ഷേ തകരയിലും ഞാനും പ്രതാപ് പോത്തനും  വേണമെന്ന് ഭരതനും പത്മരാജനും തീരുമാനിച്ചു.  പരാജയപ്പെട്ട നടന്മാരെന്ന പേരുള്ളതു കൊണ്ട് ഒരു മാസത്തോളം സിനിമ പെട്ടിയിലിരുന്നു. ഒടുവിൽ റിലീസ് ചെയ്തപ്പോൾ എല്ലാം മാറി. തകരയിലെ ചെല്ലപ്പനാശാരി  ചരിത്രമായി.

നൂറു ശതമാനം കലാകാരനായിരുന്നു ഭരതേട്ടൻ. ചിത്ര കാരൻ,ശിൽപി,എഴുത്തുകാരൻ, ഗംഭീരമായി പാടും...ജീവിതത്തില്‍ അഭിനയിക്കാനും കളവു പറയാനും അറിയില്ല. തനി നാട്ടിൻപുറത്തുകാരൻ. ഇതു ചൂഷണം ചെയ്യാൻ ഒരുപാടുപേരുണ്ടായിരുന്നു. ഒരുതരം ഒഴുകിപ്പോകലായിരുന്നു ഭരതേട്ടന്റെത്.
 വൈശാലിപോലുള്ള ക്ലാസ്സിക് സിനിമയ്ക്ക് ഒരുപാട് അംഗീകാരങ്ങൾകിട്ടുമെന്ന്   വിശ്വസിച്ചിരുന്നു. ദേവരാഗം എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെടുമെന്നും കരുതി...  ഇതിലെല്ലാം അസ്വസ്ഥപ്പെട്ടിരുന്നെങ്കിലും നേരിട്ടുകാണുമ്പോൾ   പ്രകടിപ്പിക്കില്ല. അവസാന കാലങ്ങളിൽ ഫോൺ ചെയ്യുമ്പോൾ   ഒരു രഹസ്യം പോലെ ഇതിനെക്കുറിച്ച് പറയാറുണ്ടായിരുന്നു.
അടിസ്ഥാനപരമായി കലാകാരനായിരുന്നു അദ്ദേഹം, ഭർത്താവ്, പിതാവ്,സമൂഹജീവി... തുടങ്ങിയതെല്ലാം അതിന്റെ അടിത്തട്ടിലൂടെ ഒഴുകിക്കൊണ്ടിരുന്നെന്നു മാത്രം,  ലളിതചേച്ചി ഒരു തണൽ പോലെ നിന്നതു കൊണ്ടായിരുന്നു ഭരതേട്ടനെ പോലൊരാൾക്ക് മുന്നോട്ടു കൊണ്ടുപോകാനുള്ള ഊർജം കിട്ടിയത്.   കുടുംബം കെട്ടുറപ്പോടെ കൊണ്ടുപോവാൻ സാധിച്ചതും മറുപാതിയായി ചേച്ചി ഉണ്ടായിരുന്നതു കൊണ്ടാണ്.

ആ കരച്ചിൽ ഇന്നും കാതിലുണ്ട്

1

ജീവിതത്തിൽ മാത്രമല്ല അഭിനയത്തിന്റെ കാര്യത്തിലും അത്രയ്ക്ക് ആത്മാർഥതയാണ് ചേച്ചിക്ക്. പാത്രം അറിഞ്ഞു വിളമ്പുക എന്ന ചൊല്ലുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ അത് കൃത്യമാണ്. ചില സിനിമകളിലേക്ക് എന്നെ എന്തിനു വിളിക്കുന്നു എന്ന് കൃത്യമായി അറിയാം. അവർക്ക് എന്റെ പേരുമാത്രം മതി– സ്ഥിരം വേഷം. അച്ഛൻ,അമ്മാവൻ,മാഷ്...അതിൽ കവിഞ്ഞ് അവർ പ്രതീക്ഷിക്കുന്നില്ല. അപ്പോൾ അതിനനുസരിച്ച് വിളമ്പിയാൽ മതി. എന്നാൽ ലളിത ചേച്ചി അങ്ങനെയല്ല. ഏതു ചെറിയ വേഷം ചെയ്താലും പരിപൂർണമായി മുഴുകും. സൂത്രങ്ങളൊന്നും അറിയില്ല. ഇത്രയും വൈവിധ്യമുള്ള കഥാപാത്രങ്ങൾ ചെയ്ത നടി ഇന്ത്യൻ സിനിമയിൽ വേറെയുണ്ടോ?
ഭരതേട്ടന്റെ മരണത്തോടെ ഇനി സിനിമയിലേക്കില്ലെന്ന് ചേച്ചി തീരുമാനിച്ച നാളുകൾ. ചേച്ചിയെ സംബന്ധിച്ചിടത്തോളം ഏകാന്തത താങ്ങാവുന്നതിനും അപ്പുറമാവുമെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. സത്യൻ അന്തിക്കാട് ചേച്ചിയെ നേരിട്ടു പോയി കണ്ടു. കുറേ സംസാരിച്ചു, നിർബന്ധിച്ചു.  ഒടുവിൽ വീണ്ടും ചില വീട്ടുകാര്യങ്ങളിലേക്ക് േചച്ചി വരാമെന്നു സമ്മതിച്ചു.

rom 1

സിനിമ തുടങ്ങിക്കഴിഞ്ഞാണ് ഞാൻ ആ സെറ്റിലെത്തുന്നത്. ഭരതേട്ടന്റെ മരണശേഷം ലളിതച്ചേച്ചിയെ ഞാൻ ആദ്യമായി അഭിമുഖീകരിക്കുന്നത് അന്നാണ്. എന്നെ കണ്ടതും ചേച്ചി ഒാടിവന്നെന്നെ കെട്ടിപ്പിടിച്ചു. ഉറക്കെ ഉറക്കെ കരഞ്ഞു. സമാധാനിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ, ഒരു വാക്കു പോലും പുറത്തേയ്ക്കു വന്നില്ല. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്.   ഭരതേട്ടൻ ഇല്ല എന്ന യാഥാർഥ്യത്തോട് ചേച്ചി ഇപ്പോഴും പൊരുത്തപ്പെട്ടെന്ന് എനിക്കു തോന്നുന്നില്ല.   ആ കരച്ചിൽ ഇന്നും എന്റെ കാതിലുണ്ട്. ആ ദിവസം ഇനി മറക്കാനുമാവില്ല...’’

ഫോട്ടോ; ശ്രീകാന്ത് കളരിക്കൽ.