Saturday 02 January 2021 02:12 PM IST

‘വീട്ടിൽ തന്നെ മറ കെട്ടി ഉണ്ടാക്കിയതായിരുന്നു ബേബിയണ്ണന്റെ ജിംനേഷ്യം’; ഓലയിൽ ഗ്രാമത്തിന് പറയാനുണ്ട് ജയന്റെ സാഹസങ്ങളുടെ കഥകൾ

V R Jyothish

Chief Sub Editor

jayan00122 ഫോട്ടോ: പ്രവീൺ വാമരാജൻ

മലയാളിയുടെ മനസ്സിൽ ജയൻ അനശ്വരനായിട്ട് നവംബർ 16 ന് 40 വർഷം. മരിക്കാത്ത ഓർമകളാണ് ജയനെക്കുറിച്ച് ഉറ്റവർക്കും ആരാധകർക്കും. ജയൻ ജനിച്ചുവളർന്ന ഓലയിൽ ഗ്രാമത്തിലൂടെ ഒരു യാത്ര

കൊല്ലം കുമാർ തിയറ്ററിന്റെ നയനമനോഹരമായ വെള്ളിത്തിരയിൽ ഇന്ന് രണ്ടു മുപ്പതിനുള്ള മാറ്റിനി ഷോയോടുകൂടി പ്രദർശനം ആരംഭിക്കുന്നു; ‘ശാപമോക്ഷം.’ ഓലയിൽ നിവാസികൾക്ക് പ്രിയപ്പെട്ട പൊന്നച്ചംവീട്ടിലെ സത്രം മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകൻ ബേബിയെന്നു നമ്മൾ വിളിക്കുന്ന ശ്രീമാൻ കൃഷ്ണൻ നായർ ഈ സിനിമയിൽ അഭിനയിക്കുന്നു.....’

കാളവണ്ടിയിൽ സിനിമാ പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ച്, ചെണ്ട കൊട്ടി സിനിമയുടെ പരസ്യപ്രചാരണം പൊടിപൊടിക്കുകയാണ്. ഒാലയില്‍ ഗ്രാമത്തിലുള്ളവര്‍ അത്ഭുതത്തോെടയും അഭിമാനത്തോെടയും ഇതു േകട്ടു നിന്നു. പിന്നെ, നാല്‍ക്കവലയിലും ചായക്കടയിലും ഇരുന്ന് അവര്‍ക്കു പ്രിയപ്പെട്ട കൃഷ്ണന്‍നായരെക്കുറിച്ചു സംസാരിച്ചു.

46 വർഷം മുൻപ് നടന്ന ഈ പരസ്യത്തിനു ശേഷമുള്ള ആറു വർഷം കൃഷ്ണൻ നായരെ ചുറ്റിപ്പറ്റിയായിരുന്നു മലയാള സിനിമയുടെ യാത്ര. ജയൻ എന്ന കാൽപനിക നാമത്തിൽ  കൃഷ്ണൻനായർ നക്ഷത്രമായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒറ്റ ഡയലോഗ് കൊണ്ട് തിയറ്റർ ഇളക്കിമറിക്കുന്ന താരസൂര്യനായി.

‘ശാപമോക്ഷ’ത്തിൽ ഉദിച്ച് ‘കോളിളക്ക’ത്തിൽ അസ്തമിച്ചു പോയ അതുല്യനടൻ. എങ്കിലും കൊല്ലം ജില്ലയിലെ ഓലയിൽ ഗ്രാമത്തിൽ ഇപ്പോഴും ജയന്റെ ഓർമകൾക്ക് നാട്ടുപുലരിയുടെ തെളിച്ചം. തിരുവിതാംകൂർ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള സത്രത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു ജയന്റെ അച്ഛൻ മാധവൻപിള്ള. അങ്ങനെ അദ്ദേഹത്തിന്റെ വിളിപ്പേര് സത്രം മാധവൻപിള്ള എന്നായി. മാധവൻപിള്ളയ്ക്കും ഭാരതിയമ്മയ്ക്കും മക്കളുണ്ടാകാൻ വൈകി. അങ്ങനെ അവർ ഒരു ജ്യോത്സ്യനെ കണ്ടു. ആൽമരത്തിന്റെ തൈയും ആര്യവേപ്പിന്റെ തൈയും കൂട്ടിക്കെട്ടി നട്ടുവളർത്താനായിരുന്നു ജ്യോത്സ്യന്റെ ഉപദേശം. മാധവൻ പിള്ള അങ്ങനെ ചെയ്തു.

മകൻ പിറന്നപ്പോൾ ആലിലയിൽ പള്ളികൊള്ളുന്ന ഉണ്ണിക്കണ്ണനോടുള്ള ഭക്തിയിൽ ചാലിച്ച് മാധവൻ പിള്ള ‘കൃഷ്ണൻ’ എന്നു പേരിട്ടു. വാമൊഴിയായി പ്രചരിച്ച ഈ കഥയിലെ സത്യം എത്രയെന്ന് നിശ്ചയമില്ല. എങ്കിലും കാലത്തിനൊപ്പം വളർന്ന ആ ഇലത്തഴപ്പ് ഇന്നും കാണാം, കൊല്ലത്തെ പൊലീസ് മ്യൂസിയം വളപ്പിൽ.

ആലും വേപ്പും ഒരുമിച്ച് വളർന്നു വലുതായി നിൽക്കുന്നു അവിടെ. ആ മരങ്ങളെ നോക്കി നിൽക്കുമ്പോൾ ഓർമയുടെ കാറ്റിൽ ‘ജയൻ’ ഇളകി. മനസ്സിൽ നിറയുന്നത് ആൺകരുത്തിന്റെ ആൾരൂപമായ ആ മുഖവും രൂപഭംഗിയും.

വെണ്ണയുണ്ട് വളർന്ന കൃഷ്ണൻ

മാധവൻ പിള്ളയുടെ മരണശേഷം കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. പശുവിനെ വളർത്തിയും മറ്റുമാണ് അമ്മ മക്കളെ വളർത്തിയത്. പശുവിനെ വളർത്തുന്നതിൽ അമ്മയ്ക്ക് മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നു. മക്കൾക്ക് പാലും വെണ്ണയും കൊടുക്കുക. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ജയനോടു പറയും; ‘നീ ഹൈസ്കൂൾ ജംക്‌ഷൻ വരെ ഓടിയിട്ടു വാ...’ ഓടി വരുമ്പോൾ അമ്മ വെണ്ണ കൊടുക്കും.

PR_16857

‘‘അമ്മയും മകനും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു. വല്ലപ്പോഴുമേ അമ്മയെ കാണാൻ വരുമായിരുന്നുള്ളൂ. അതിന് അമ്മ ദേഷ്യപ്പെടും. എന്നാലും ചിരിച്ച മുഖത്തോടെ അമ്മയുടെ പരിഭവങ്ങൾ കേട്ടു നിൽക്കും. അമ്മയുണ്ടാക്കുന്ന വിഭവങ്ങളൊക്കെ വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കൊഞ്ചുതീയൽ. വീട്ടിൽ വന്നുപോകുമ്പോൾ വലിയ കുപ്പികളിൽ അമ്മ തീയലുണ്ടാക്കി കൊടുത്തയയ്ക്കും.’’ ജയന്റെ അനുജൻ സോമൻ നായരുടെ മകനും നടനുമായ ആദിത്യന്റെ വാക്കുകൾ. വല്യച്ഛന്റെ വഴിയിലൂടെ അഭിനയത്തിലേക്കു വന്ന ഒരേയൊരാൾ ആദിത്യൻ മാത്രമാണ്.

വീട്ടിനടുത്തുള്ള എൻഎസ്എസ് മലയാളി മന്ദിരം യുപി സ്കൂളിലായിരുന്നു ജയന്റെ പ്രാഥമിക വിദ്യാഭ്യാസം. തേവള്ളി ഗവൺമെന്റ് മോഡൽ ൈഹസ്കൂളിൽ പത്താംക്ലാസ് വരെ പ ഠിച്ചു. കുട്ടിക്കാലത്തേ നാടകാഭിനയമുണ്ടായിരുന്നു. കായികമത്സരങ്ങളിലും മുൻപന്തിയിലായിരുന്നു. ഒന്നിനും പിറകോട്ടില്ലാത്ത പ്രകൃതം. അതായിരുന്നു കുട്ടിക്കാലത്തെ ജയൻ.

ഓലയിൽ ജംക്‌ഷന് അടുത്തുള്ള കടവിന് പറയാനുണ്ട് ജയന്റെ സാഹസങ്ങളുടെ കഥകൾ. ജയൻ സ്കൂൾ വിദ്യാർഥിയായിരുന്ന കാലം. കടവിനടുത്ത് വള്ളം മുങ്ങി. സ്കൂൾ കുട്ടികളായിരുന്നു വള്ളത്തിൽ. അതിൽ രണ്ടുപേർ മുങ്ങിപ്പോയി. അവരെ സാഹസികമായി രക്ഷിച്ചത് ജയനാണ്. അന്ന് സ്കൂളിലെ എൻസിസി െക‍ഡറ്റാണ് ജയൻ. സ്കൂളിൽ പ്രത്യേക സ മ്മേളനം വിളിച്ച് ജയനെ അഭിനന്ദിച്ച ഓർമകൾ പങ്കുവച്ചിട്ടുണ്ട് അദ്ദേഹത്തിനൊപ്പം പഠിച്ച കേശവൻ നായർ.

Jayan-best-movies-Sharapanjaram

നേവിയും സിനിമയും

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന ലക്ഷ്യമായിരുന്നു ചെറുപ്പത്തിലെ ജയന്റെ മനസ്സിൽ. സ്കൂൾ പഠനം കഴിഞ്ഞ് നേവിയിൽ ചേർന്നു. അടുക്കും ചിട്ടയും സമയനിഷ്ഠയുമൊക്കെയായി ജയന്റെ ജീവിതശൈലി രൂപപ്പെടുത്തിയത് നേവി കാലമാണ്. നേവിയിൽ നിന്നു വിരമിച്ച് എറണാകുളത്ത് താമസമാക്കി. സിനിമാ നടനാകുക എന്നതായിരുന്നു ലക്ഷ്യം. അതിനുള്ള ഏക പിടിവള്ളിയായിരുന്നു ജോസ് പ്രകാശ്. അദ്ദേഹത്തിന്റെ മകൻ രാജൻ ജോസഫുമായുള്ള സൗഹൃദവും ജോസ് പ്രകാശിന്റെ ഉടമസ്ഥതയിലുള്ള ഡ്രൈക്ലീനിങ് സെന്ററിൽ വരുന്ന സിനിമാക്കാരുമായിരുന്നു ജയന്റെ പ്രതീക്ഷ. ജോസ് പ്രകാശ് കുടുംബവുമായുള്ള സൗഹൃദത്തിലൂടെയാണ് ജേസിയുടെ ‘ശാപമോക്ഷം’ എന്ന സിനിമയിലെത്തുന്നത്. കൃഷ്ണൻ നായരെന്ന പേര് മാറ്റി ‘ജയൻ’ എന്നാക്കിയതും ജോസ് പ്രകാശാണ്. ആദ്യ സിനിമയ്ക്ക് ശേഷം അവസരങ്ങൾ കണ്ടെത്താൻ ജയന് തുണയായത് അടുത്ത ബന്ധു കൂടിയായ നായിക ജയഭാരതിയാണ്.

വില്ലൻ കഥാപാത്രങ്ങളായിരുന്നു തുടക്കത്തിൽ അധികവും. പക്ഷേ, പല വില്ലന്മാർക്കും തിയറ്ററിൽ കയ്യടി കിട്ടി. അന്നത് പതിവില്ല. ആ ജനപ്രീതി ജയനെ നായകനടനാക്കി. മലയാളത്തിലെ സമാനതകളില്ലാത്ത നായകൻ.

ജിംനേഷ്യം വീട്ടിൽ തന്നെ

‘വീട്ടിൽ തന്നെ മറ കെട്ടി ഉണ്ടാക്കിയതായിരുന്നു ബേബിയണ്ണന്റെ ജിംനേഷ്യം. കൂട്ടത്തിൽ രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. രാജേന്ദ്രൻ നായരും തമ്പിയും. എണ്ണയൊക്കെ തേച്ച് ബേബിയണ്ണൻ വ്യായാമം ചെയ്യും. അതൊരു കലയായിരുന്നു. അതു കാണാൻ ഞങ്ങൾ സ്ഥിരമായി പോകുമായിരുന്നു. അതിലൊന്നും അദ്ദേഹത്തിന് ഒരു പരിഭവവുമില്ല. പക്ഷേ, ഉപകരണങ്ങളിലൊന്നും തൊടാൻ സമ്മതിക്കില്ലെന്നു മാത്രം.’ കുട്ടിക്കാലത്തെ ഓർമ പങ്കുവയ്ക്കുന്നു ഓലയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ വിവേകാനന്ദൻ.

ജയന്റെ വീടിരുന്ന സ്ഥലം ഇപ്പോഴൊരു ആശുപത്രിയുടെ പാർക്കിങ് ഏരിയയാണ്. എട്ടു സെന്റ് സ്ഥലമായിരുന്നു ഉണ്ടായിരുന്നത്. ചെറിയൊരു വീടും. ജയന്റെ മരണശേഷം ആ സ്ഥലത്തിന് ബാങ്ക് ബാധ്യതയുണ്ടായി. സ്ഥലം വിറ്റുപോയി. വാങ്ങിയ ആൾ ആ വീട് ഒരു സ്മാരകം പോലെ സൂക്ഷിച്ചു. അടുത്ത കൈമാറ്റത്തിൽ അവിടം ആശുപത്രിയായി മാറി.

PR_16627

ഓലയിൽ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന ജയൻ മെമ്മോറിയൽ ക്ലബാണ് ജയന്റെ ഓർമദിവസം ആചരിക്കുന്നത്. അന്ന ദാനവും കഞ്ഞിവീഴ്ത്തുമൊക്കെയാണ് പരിപാടികൾ. കഴിഞ്ഞ 39 വർഷമായി ഇതു നടക്കുന്നു. നാൽപതാം വർഷം വിപുലമായി ആചരിക്കാനിരുന്നപ്പോഴാണ് കൊറോണയുടെ വരവ്.

ഓലയിൽ ജംക്‌ഷനിൽ നാട്ടുകാർ പിരിവെടുത്ത് ഉണ്ടാക്കിയ പ്രതിമയാണ് ആകെയുള്ളൊരു സ്മാരകം. ഏഴടി ഉയരമുള്ള സിമന്റ് പ്രതിമ. സ്വർണനിറം. ബെൽബോട്ടം പാന്റ്ും വീതിയുള്ള ബെൽറ്റും രണ്ടു പോക്കറ്റുള്ള ഷർട്ടും ധരിച്ച ജയൻ. പ്രതിമ മേൽക്കൂര കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ‘‘വർഷം 40 കാത്തിരിക്കേണ്ടി വന്നെങ്കിലും കൊല്ലം ജില്ലാ പ‍ഞ്ചായത്ത് ജയന്റെ േപരിൽ ഒാഡിറ്റോറിയം പണിതു. ജയൻ സ്മാരക ഹാൾ. ഈ അടുത്തകാലത്തായിരുന്നു അതിന്റെ ഉദ്ഘാടനം.’’ സ്ഥലത്തെ ചുമട്ടു തൊഴിലാളിയായ സതീശൻ.

‘‘ഞാൻ ബേബിയണ്ണന്റെ വീട്ടിൽ നിന്നാണു പഠിച്ചത്. മൂന്നാലുവർഷം. ഈ സമയത്തായിരുന്നു സിനിമയിൽ അണ്ണന്റെ കാലം. വല്ലപ്പോഴും വീട്ടിൽ വരും. വലിയ സംസാരമൊന്നുമില്ല. പക്ഷേ, ഉള്ളിൽ നല്ല സ്നേഹമായിരുന്നു. കരുതലും.’’ രാജാറാം ജയകുമാർ പറയുന്നു. ജയന്റെ അമ്മാവന്റെ മകനാണ് സാമൂഹ്യപ്രവർത്തകൻ കൂടിയായ ഇദ്ദേഹം.‘‘കേട്ടറിവുകളാണു കൂടുതലും. എങ്കിലും എത്രയോ ഉയരത്തിലായിരുന്നു വല്യച്ഛന്റെ സ്ഥാനമെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു.’’ ജയന്റെ അനുജൻ സോമ‍ൻ നായരുടെ മകള്‍ ലക്ഷ്മി.

PR_16827

ജയന്റെ പ്രിയപ്പെട്ട കടവ്

ഓലയിൽ  ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്ററേയുള്ളു അഷ്ടമുടിക്കായലിലേക്ക്. ഓലയിൽക്കടവ് കെട്ടുവള്ളങ്ങളുടെ പറുദീസയായിരുന്നു ഒരു കാലത്ത്. മത്സ്യബന്ധനവും ചരക്കുനീക്കങ്ങളുമെല്ലാം ഈ കടവിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ വലിയ അങ്ങാടിയും സത്രങ്ങളുമുണ്ടായി. കെട്ടുവള്ളങ്ങൾ അപ്രത്യക്ഷമായപ്പോൾ ഓലയിൽ കടവിന്റെ പ്രതാപവും നഷ്ടമായി. പിന്നീട് ഓലയിൽക്കടവ് ശ്രദ്ധാകേന്ദ്രമായത് ജയന്റെ സിനിമാപ്രവേശനത്തിനു ശേഷമാണ്.

നാട്ടിലെത്തുന്ന ദിവസങ്ങളിൽ ജയന്റെ വിശ്രമസ്ഥലം ഈ കടവായിരുന്നു. കൂട്ടുകാരോടൊപ്പം, വള്ളം തുഴയാനും മീൻ പിടിക്കാനും ജയനുണ്ടായിരുന്നു. ആ കാഴ്ച കാണാനും ആൾക്കാർ ഓടിയെത്തുമായിരുന്നു. ഓലയിൽകടവിൽ ഇപ്പോൾ കടവില്ല. പുതിയ പാലം വരുന്നു. പണി ഏറെക്കുറെ പൂർത്തിയായി. പാലത്തിനു മുകളിലിരുന്ന് ഈ കഥകൾ പറയുമ്പോൾ നാട്ടുകാരനായ അരവിന്ദൻ വീണ്ടും കുട്ടിക്കാലത്തേക്കു പോയി.

jayan001224

ഓർമയുടെ പ്രതിമ

ജയന്റെ ആരാധകർ ഇന്നും ഓലയിൽ ജംക്‌ഷനിലെത്താറുണ്ട്. പ്രതിമയിൽ പുഷ്പമാല്യമണിയിക്കും. സെൽഫിയെടുക്കും. ഇങ്ങനെയുള്ള ആരാധകരിലൊരാളല്ല കോട്ടയം സ്വദേശിയായ തോമസ് ചാക്കോ. ‘അന്തഃപുരം’ എന്ന സിനിമയിൽ ജയനോടൊപ്പം അഭിനയിച്ച തോമസ് എല്ലാ വർഷവും നവംബർ പതിനാറിന് ഓലയിലെത്തും. ജയന്റെ പ്രതിമ കഴുകി വ്യത്തിയാക്കും. മാലയിടും. ‘‘ഒരു സിനിമയിലെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചു. അതൊരു ഭാഗ്യമാ യാണ് കരുതുന്നത്.’’ അന്തഃപുരം എന്ന വിളിപ്പേരിലറിയപ്പെടുന്ന തോമസ് ചാക്കോ പറയുന്നു.

1980 നവംബർ 16. ഞായർ. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ദീപം’ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസം. പ്രദർശനത്തിനിടെ തിയറ്ററിൽ പ്രൊജക്റ്റർ നിശ്ചലമായി. ആളുകൾ ബഹളമുണ്ടാക്കിത്തുടങ്ങി. അപ്പോൾ വെള്ളിത്തിരയിൽ ഒരു സ്ലൈഡ് പ്രത്യക്ഷപ്പെട്ടു. ‘മദിരാശിയിൽ വച്ചുണ്ടായ അപകടത്തിൽ നടൻ ജയൻ മരിച്ചു.’ തിയറ്ററിൽ നിന്നു നിലവിളികളുയർന്നു.

ആദ്യ സിനിമയുടെ അനൗൺസ്മെന്റ്് വാഹനം കടന്നു പോ യി ആറുവർഷം കഴിഞ്ഞ് ഓലയിൽ ജംക്‌ഷനിലൂടെ ആ അനശ്വരനടന്റെ ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയും കടന്നുപോയി. പക്ഷേ, ഓർമയുടെ യാത്ര അവസാനിക്കുന്നില്ല. അത് തുടരുന്നു, മലയാളിയുടെ മനസ്സിൽ...

സമയം നിലച്ചപ്പോൾ

‘‘ബേബിയണ്ണനെ ചിതയിലേക്കെടുത്തത് ഈ കൈകൾ കൊണ്ടാണ്. ബേബിയണ്ണൻ സമ്മാനമായി തന്ന വാച്ച് അപ്പോഴും എന്റെ കയ്യിൽ കെട്ടിയിരുന്നു.’’ പറയുന്നത് ജയന്റെ അയൽക്കാരനായിരുന്ന വിനയചന്ദ്രൻ.  

‘‘അന്നെനിക്ക് മുറുക്കാൻ കട ആയിരുന്നു. കടയ്ക്കടുത്തുള്ള കാർ വർക്‌ഷോപ്പിലാണ് കെആർഇ 134 നമ്പർപ്രിമിയർ പത്മിനി ഫിയറ്റ്കാർ സർവീസ് ചെയ്യാൻ ജയൻ വന്നിരുന്നത്. അന്ന് കൊല്ലത്ത് തന്നെ ചുരുക്കം കാറുകളേ ഉണ്ടായിരുന്നുള്ളൂ. താരമായി എന്ന തോന്നലൊന്നും ഒരിക്കലും കാണിച്ചിട്ടില്ല. കാർ സർവീസ് ചെയ്യാൻ വരുമ്പോൾ കടയിൽ നിന്നു നാരാങ്ങാവെള്ളം കുടിക്കും. പരിചയക്കാരോടെല്ലാം വിശേഷങ്ങൾ ചോദിക്കും.’ വിനയചന്ദ്രന്റെ ഓർമയിൽ ഇന്നും മിഴിവോടെ ജയൻ.

Tags:
  • Movies