Saturday 19 March 2022 02:59 PM IST : By നിയാസ് കരീം

‘രാത്രിയായാൽ പുല്ലേപ്പടി പയ്യന്മാർ മുഴുവൻ സിനിമ കാണാൻ ആ വീട്ടിലെത്തും’; ഓര്‍മയില്ലേ, ആ പഴയ വിഡിയോ കസെറ്റ് കാലം? നൊസ്റ്റാൾജിയ

casatte44557

പഴയൊരു കൂട്ടുകുടുംബമാണിത്. ‘ടി. പി. ബാലഗോപാലൻ എംഎ’യും ‘നായർസാബും’ ‘അപൂർവ സഹോദരങ്ങളും’ ‘ദളപതി’യും ‘മിസ്റ്റർ ഇന്ത്യ’യും ‘ഷെഹൻഷ’യും ‘റാംബോ’യും ‘ടെർമിനേറ്ററു’മൊക്കെ ഒരമ്മപെറ്റ മക്കളെപ്പോലെ ഇവിടെ നിരന്നിരുന്നു. ‘ചട്ടക്കാരി’യുടെ മാറിൽ തലചായ്ച്ചുകിടക്കുന്ന ‘ഗോഡ്ഫാദർ’. പരസ്പരം കെട്ടിപ്പുണർന്നു നിൽക്കുന്ന ‘കള്ളൻ പവിത്രനും’ ‘ഇൻസ്പെക്ടർ ബൽറാമും’. അടിയും ഇടിയും വെടിയും ശീലമാക്കിയ സഹോദരങ്ങൾക്കു നടുവിൽ ശാന്തമായിരിക്കുന്ന ‘സൗണ്ട് ഓഫ് മ്യൂസിക്’.

എഴുന്നള്ളിപ്പിനു നിരത്തിയ ആനകളെപ്പോലെ സിനിമാ കസെറ്റുകൾ തലയെടുപ്പോടെനിന്ന ആ കൂട്ടുകുടുംബമാണ് വിഡിയോ ലൈബ്രറികൾ. ഒരുകാലത്ത് മലയാളി ജീവിതത്തിെന്‍റ ഭാഗമായിരുന്ന‍, ഇന്ന് പൊടിപോലും കണ്ടുപിടിക്കാന്‍ ഇല്ലാത്ത സംഗതി. രാത്രികളെ ടെലിവിഷൻ അപഹരിച്ചു തുടങ്ങിയ എൺപതുകളിലാണ് അവ കേരളത്തിലെത്തുന്നത്. അവിടെ നിരത്തിവച്ചത് കേവലം സിനിമകൾ മാത്രമായിരുന്നില്ല, സിനിമാക്കാഴ്ചകളിൽ അമ്പരന്നു പോയ അന്നത്തെ കൗമാരക്കാരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു.  

പുസ്തകമില്ലാത്ത ലൈബ്രറികൾ

ജപ്പാനിൽ നിന്നു ഗൾഫ് വഴിയാണ് നാട്ടിൽ ആദ്യമായി വിഡിയോ കസെറ്റുകളെത്തുന്നത്. കളർ ടിവിക്കുശേഷം കേരളത്തെ ഏറ്റവുമധികം കൊതിപ്പിച്ച വിസിപി, വിസിആർ സെറ്റുകൾ അതിനൊപ്പം കടൽ കടന്നെത്തി. കേട്ടതും കേൾക്കാത്തതുമായ നിരവധി സിനിമകളുടെ കസെറ്റുകൾ നിരത്തിയ വിഡിയോ ലൈബ്രറികൾ നാടുനീളെ മുളച്ചുപൊന്തി. പുസ്തകങ്ങളില്ലാത്ത ആദ്യ ലൈബ്രറികൾ!  

അവ ക്രമേണ നാട്ടിലെ ചെറുപ്പക്കാരുടെ പറുദീസകളായി. ലൈബ്രറിയുടമകൾ അവരുടെ ആരാധ്യപുരുഷന്മാരും. അക്കാലത്ത് വീട്ടിൽ സ്വന്തമായി ടിവിയോ വിസിആറോ ഇല്ലാത്ത കുട്ടികൾ പോലും കസെറ്റ് ലൈബ്രറികളിലെ സ്ഥിരം സന്ദർശകരായിരുന്നു.

‘‘എറണാകുളത്തെ പുല്ലേപ്പടിയാണ് എന്റെ നാട്. എന്റെ അറിവിൽ കേരളത്തിലെ ആദ്യത്തെ വിഡിയോ പ്ലെയർ വ ന്നത് പുല്ലേപ്പടിയിലായിരിക്കും.’’ വിഡിയോ െെലബ്രറികളെക്കുറിച്ച് ഓർത്തെടുക്കുകയാണ് സംവിധായകൻ സിദ്ധിഖ്. ‘‘എഴുപതുകളുടെ അവസാനം ഫാസിൽ സാറിന്റെ ബന്ധുവും സിനിമാ നിർമാതാവുമായ ഖയിസിന്റെ വീട്ടിലായിരുന്നു അത്. അന്നു വിസിആർ പോയിട്ട് ടിവി പോലും കേരളത്തിൽ പ്രചാരത്തിലായിട്ടില്ല. ഗൾഫിൽനിന്ന് കൊണ്ടുവന്ന ആ വിഡിയോ പ്ലെയർ ഒരാഴ്ചയോളം അവിടെയുണ്ടായിരുന്നു. ആ ദിവസങ്ങളിൽ രാത്രിയായാൽ ഞാനടക്കമുള്ള പുല്ലേപ്പടിയിലെ പയ്യന്മാർ മുഴുവൻ സിനിമ കാണാൻ ആ വീട്ടിലെത്തും.

‘മ‍ഞ്ഞിൽ വിരിഞ്ഞ പൂക്കളി’ല്‍  മോഹൻലാലിന്റെ നരേന്ദ്രന്‍ ‘റാസ്പുടിൻ’ ഗാന വിഡിയോ കാണുന്നത് ആ വിഡിയോപ്ലെയറിലാണ്. കലാഭവൻ കാലത്ത്, ഞാനും ലാലുമൊക്കെ സ്‌റ്റേജിൽ പരിപാടി അവതരിപ്പിക്കുമ്പോൾ വിഡിയോ എടുക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. നമ്മുടെ ‘നമ്പരു’കൾ പുറത്തുപോകുമെന്ന പേടിയായിരുന്നു കാരണം. കലാഭവന്റെ മിമിക്സ് പരേഡ് വിഡിയോ കസെറ്റുകൾ പുറത്തുവരുന്നതൊക്കെ അതിനു ശേഷമാണ്.’’ സിദ്ധിഖ് പറയുന്നു.

മൊബൈൽ ഫോണില്ലാത്ത എൺപതുകളിൽ കവലയിലും കലുങ്കിലും വെടിവട്ടവും വായ്നോട്ടവുമായിരുന്ന യുവാക്കളിൽ പലരും വിഡിയോ ലൈബ്രറി പരിസരങ്ങളിലേക്കു കൂടുമാറി. മുതലാളിയുടെയോ കാര്യക്കാരന്റെയോ സുഹൃദ്‌വലയത്തിൽ കയറിക്കൂടാൻ അവർക്കിടയിൽ മൽസരമാണ്. അടുപ്പക്കാരായാൽ പലതുണ്ട് ഗുണങ്ങൾ. കസെറ്റെടുക്കാൻ വരുന്ന പല പ്രായത്തിലുള്ള സുന്ദരിമാരെ കണ്ടുകൊണ്ടിരിക്കാം. ഏറ്റവും ഡിമാൻഡുള്ള കസെറ്റുകൾ കൊണ്ടുപോയത് ആരാണെന്നും അതെപ്പോൾ മടക്കിത്തരുമെന്നും കൃത്യമായറിയാം. ചില ‘ചൂടൻ’ പടങ്ങൾ പരമരഹസ്യമായി പിറ്റേന്നുതന്നെ മടക്കിക്കൊടുക്കുമെന്ന ഉറപ്പിൽ കൊണ്ടുപോകാം. അഥവാ, വൈകിയാലും വാടക കൂടുതൽ കൊടുക്കാതെ പിടിച്ചുനിൽക്കാം. വീട്ടുകാർ ഒന്നടങ്കം കാണുന്ന സിനിമയാണെങ്കിൽ ‘ഫാസ്റ്റ് ഫോർവേർഡ്’ ചെയ്യേണ്ട രംഗങ്ങൾ എവിടൊക്കെയാണെന്ന് നേരത്തേ മനസ്സിലാക്കാം.

മെംബർഷിപ്പ് എന്ന ബാലികേറാമല

നൂറും ഇരുനൂറും കസെറ്റുകളുള്ള ‘ചിന്ന’ കടകൾ മുതൽ രണ്ടായിരത്തിനുമുകളിൽ കസെറ്റുകളുള്ള ‘ബ്രഹ്മാണ്ഡ’ ലൈബ്രറികൾ വരെ അക്കാലത്തുണ്ടായിരുന്നു. ലൈബ്രറി മെംബർഷിപ്പ് എന്നത് ബാലികേറാമലയാണ്. ഒന്നുകിൽ കടക്കാരന് നേരിട്ടുള്ള പരിചയം വേണം. അല്ലെങ്കിൽ മറ്റു മെംബർമാരുടെ ശുപാർശ.

നിൽക്കുന്ന സ്ഥലത്തിന്റെ പ ത്രാസ് അനുസരിച്ച് അംഗങ്ങളുടെ കയ്യിൽനിന്ന് നൂറു രൂപ മുതൽ മുന്നൂറു വരെയൊക്കെ മെംബർഷിപ്പ് ഫീസ് ആയും ഡെപ്പോസിറ്റ് ആയും വാങ്ങുന്ന ലൈബ്രറികളുണ്ടായിരുന്നു. ഒരേ സമയം നാലും അഞ്ചും ലൈബ്രറികളിൽ മെംബ ർഷിപ്പുള്ള ചില ചേട്ടന്മാർ കുട്ടികൾക്കിടയിലെ സൂപ്പർസ്റ്റാറുകളാണ്. വീടിനടുത്തുള്ള ലൈബ്രറികൾ പോരെന്നുതോന്നുമ്പോൾ കൂട്ടുകാർക്കൊപ്പം സൈക്കിൾ ചവിട്ടി ടൗണിലുള്ള ലൈബ്രറികളിലേക്കു പോകും. അവിടെയുള്ള ഇംഗ്ലിഷ് കസെറ്റുകളുടെ വൻ കളക്‌ഷൻ കണ്ട് അന്തംവിട്ടു നിൽക്കുമ്പോൾ തങ്ങളും ‘അഡൽട്സ് ഒൺലി’ പ്രായത്തിലേക്ക് മുതിർന്നതായി തോന്നും അന്നത്തെ പല കൗമാരക്കാർക്കും.

cassatee456667hh

വിഡിയോ ലാൻഡ്, വിഡിയോ വേൾഡ്, വിഡിയോ ടെക്, വിഡിയോ കിഡ്, വിഡിയോ കാർട്ട്, ചാനൽ ഫോർ, അൾട്രാ ടെക്, ചിത്രം, ചൈത്രം, ദൃശ്യ, വിസ്മയ തുടങ്ങി ഇംഗ്ലിഷിലും മലയാളത്തിലുമായി വൈവിധ്യമേറിയ പേരുകളായിരുന്നു അന്നത്തെ വിഡിയോ ലൈബ്രറികൾക്കും. കളർ പോസ്റ്ററുകൾ പതിച്ച ചില്ലുവാതിലുണ്ടാകും പലതിനും. മമ്മൂട്ടിയും മോഹൻലാലും ആമിർ ഖാനും സൽമാ ൻ ഖാനുമൊക്കെ ഏറ്റവും പുതിയ ഗെറ്റപ്പുകളിൽ അവിടെ നിരന്നിരിക്കും. ഓഡിയോ കസെറ്റ് വിൽപനയും പാട്ട് റിക്കോർഡ‍ിങ്ങുമൊക്കെയുള്ള ലൈബ്രറികളുടെ ശബ്ദസാന്നിധ്യം ദൂരെനിന്നേ തിരിച്ചറിയാം. അബ്ബയും ബോണി എമ്മും ദാസേട്ടനും വേണുഗോപാലും ചിത്രയുമൊക്കെ മത്സരിച്ചു പാടുന്ന കാലത്താണ് ബോളിവുഡിൽനിന്നുള്ള അനുരാധ പൗഡ്‌വാളും ഉദിത് നാരായണനും സോനു നിഗമുമൊക്കെ കേരളം കീഴടക്കാനെത്തുന്നത്. പുത്തൻ മണവും തിളങ്ങുന്ന കവറുമുള്ള ഗുൽഷൻ കുമാറിന്റെ ടി സീരീസ് ഹിന്ദി കസെറ്റുകൾ എൺപതുകളുടെ പകുതി മുതൽ കേരളത്തിൽ തരംഗമായി.

വാടകക്കാശ് മുതലാവാന്‍

ടിവിയും വിസിആറുമൊക്കെ വാടകയ്ക്കുകൊടുക്കുന്ന ഏർപ്പാടുമുണ്ട് പല ലൈബ്രറികളിലും. കൊണ്ടുപോകുന്നവരുമായുള്ള ഇരിപ്പുവശമനുസരിച്ച് വാടകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. വിസിആറിനുമാത്രം നൂറു മുതൽ മുന്നൂറ്റൻപതു രൂപ വരെയൊക്കെ വാടക ഈടാക്കിയിരുന്നു. കൂട്ടുകാര്‍ ചേര്‍ന്നു കാശുപിരിച്ചാണ് വാടകക്കാശ് കണ്ടെത്തുക. അതു മുതലാക്കണമെങ്കിൽ ആളെക്കൂട്ടണം. ശരിക്കും മുതലാക്കണമെങ്കിൽ കാണുന്ന ചിത്രങ്ങൾ ഇച്ചിരി എരിവുള്ളതാകണം. അങ്ങനെയാണ് വാടക വിസിആറുകൾ ഹോസ്റ്റലുകളിലും ആളൊഴിഞ്ഞ വീടുകളിലും ചെറുപ്പക്കാരുടെ ‘നീലച്ചിത്ര’മേളകൾക്കുള്ള ഉപാധികളായി മാറിയത്. ജോഷിയുടെ പ്രശസ്ത മമ്മൂട്ടിച്ചിത്രമായ ‘സംഘ’ത്തിൽ കോളജ് ഹോസ്റ്റലിൽ കാശുവാങ്ങി ഇത്തരം പ്രദർശനം നടത്തുന്ന രംഗം പോലുമുണ്ട്.

സിനിമ മുതൽ താരനിശ വരെ

1992–ൽ പുറത്തിറങ്ങിയ ‘അയലത്തെ അദ്ദേഹം’ സിനിമയിൽ ‘ചാണ്ടീസ് വിഡിയോ’ ഉടമ ചാണ്ടിയായി ജഗതി ശ്രീകുമാറും അസിസ്റ്റന്റ് അബുവായി ഇന്ദ്രൻസും തകർപ്പൻ പ്രകടനമാണ്. ‘പുതിയതെന്തുണ്ട്’ എന്ന് കടയിൽ വരുന്ന യുവതികൾ ചോദിക്കുമ്പോൾ അതീവ നാടകീയമായി, അടിമുടി ശൃംഗാരഭാവത്തിൽ ജഗതിയും ഇന്ദ്രന്‍സും മാറിമാറി സിനിമകളുടെ പേരുകൾ പറയും. ‘സന്ധ്യമയങ്ങും നേരം’ ‘രണ്ടു പെൺകുട്ടികൾ’ ‘ആരോരുമറിയാതെ’ ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ ‘ഒരു നോക്ക് കാണാൻ’ ‘ഒന്നിങ്ങു വന്നെങ്കിൽ’ ‘ചക്കരയുമ്മ’ ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ ‘കള്ളൻ പവിത്രൻ.’....

മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ് സിനിമകൾക്കു പുറമേ വെറെയും പലതരക്കാരുണ്ടായിരുന്നു വിഡിയോ കസെറ്റുകളിൽ. ‘ടോം ആൻഡ് ജെറി’യും ‘മിസ്റ്റർ ബീനും’ അടക്കമുള്ള കാർട്ടൂണുകൾ, ‘ഹൾക്ക് ഹോഗനും’ ‘അൾട്ടിമേറ്റ് വാറിയറും’ ‘അണ്ടർടേക്കറു’മൊക്കെ ആടിത്തകർക്കുന്ന ഡബ്ല്യുഡബ്ല്യുഎഫ് പോരാട്ടങ്ങൾ, ദൂരദർശനിലെ പഴയ ‘രംഗോളി’യുടെ തനിയാവർത്തനങ്ങൾ പോലെ ബ്ലാക് ആൻഡ് വൈറ്റ് ക്ലാസിക് ഹിന്ദി പാട്ടുകൾ, ‘ദേ മാവേലി കൊമ്പത്തും’ ‘മിമിക്സ് പരേഡും’ പോലുള്ള ഹാസ്യപരിപാടികൾ, ഗൾഫ് താരനിശകൾ, ശ്രീദേവിയുടെയും മാധുരി ദീക്ഷിതിന്റെയും ശിൽപ ഷെട്ടിയുടെയുമൊക്കെ ചൂടൻ നൃത്തരംഗങ്ങൾ, മലയാളം ഹിന്ദി തമിഴ് സൂപ്പർഹിറ്റ് ഗാനങ്ങൾ, ‘ബ്ലൂ’ എന്ന ഓമനപ്പേരിട്ടുവിളിക്കുന്ന കഥയില്ലാത്ത സിനിമകൾ, അമേരിക്കയിലും മറ്റും സൂപ്പർഹിറ്റായ ചില ഇംഗ്ലിഷ് സീരീസുകൾ, ഇന്ത്യാ ടുഡെയുടെയും ഒബ്സർവറിന്റെയും ബിസിനസ് പ്ലസിന്റെയുമൊക്കെ ഇൻഫർമേറ്റിവ് വിഡിയോ മാഗസിനുകൾ എന്നുതുടങ്ങി എല്ലാത്തരം കാഴ്ചക്കാരെയും തൃപ്തിപ്പെടുത്തുന്ന വിഭവങ്ങൾ.

അന്നൊക്കെ നാട്ടിലെത്തുന്ന ഗൾഫുകാരുടെ വീടുക ൾ രാത്രികാലങ്ങളിൽ വിസിആർ പ്രദർശനങ്ങളാൽ സജീവമാകും. ബന്ധുക്കളും അയൽക്കാരുമൊക്കെ അവിടെ ഒ ത്തുകൂടും. അത്തരം അർധരാത്രിയുൽസവങ്ങൾ കുട്ടികൾക്ക് അവിസ്മരണീയമാകും.  

'ഓലയാൽ മേഞ്ഞൊരു കൊമ്പുഗൃഹത്തിന്റെ കോലായിൽ നിന്നൊരു കോമളാംഗി' എന്ന സൂപ്പർഹിറ്റ് കഥാപ്രസംഗവുമായി ഇന്നസെന്റിന്റെ കാഥികൻ പരമൻ പത്തനാപുരം കേരളക്കരയാകെ സഞ്ചരിച്ചത് 1992-ൽ ഈസ്റ്റ്കോസ്റ്റ് പുറത്തിറക്കിയ മോഹൻലാൽ ഗൾഫ് ഷോ കസെറ്റിലൂടെയാണ്. താരനിശകൾ മാത്രമല്ല, മലയാളം സിനിമകളുടെ വിഡിയോ കസെറ്റുകളും ആദ്യകാലത്ത് ഗൾഫിൽ നിന്നാണിറങ്ങിയത്. തോംസൺ, ഹാർമണി, സൈന, രോഹിത്, വെൽഗെയ്റ്റ് തുടങ്ങിയവയായിരുന്നു പേരെടുത്ത മലയാളം കസെറ്റ് കമ്പനികൾ.  

Old gramophone with a phonograph record

പുല്ലേപ്പടിയിലെ ‘ഹൈഫൈ’

എൺപതുകളിൽ ഗൾഫുകാർ തുടക്കമിട്ട ‘വിഡിയോ വിപ്ലവ’ത്തിന്റെ ചുവടുപിടിച്ച് കേരളത്തിലങ്ങോളമിങ്ങോളം  കസെറ്റ് ലൈബ്രറികൾ ആരംഭിച്ചെങ്കിലും മെട്രോ നഗരമായ കൊച്ചിക്കൊരു മേൽക്കൈയുണ്ട്. കേരളത്തിലെ ആദ്യത്തെ വിഡിയോ ലൈബ്രറി –ഹൈഫൈ – തുടങ്ങിയത് ഇവിെടയാണ്.

‘‘മമ്മൂട്ടി അടക്കമുള്ള സിനിമാക്കാരും  നേവി വൈസ് അഡ്മിറൽ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും വൻ ബിസിനസുകാരും നഗരത്തിലെ പല പ്രമുഖരുമൊക്കെ അന്ന് ഇവിടുത്തെ  സ്ഥിരം കസ്റ്റമേഴ്സായിരുന്നു.’’ ഹൈഫൈ ലൈബ്രറി നടത്തിയിരുന്ന സത്താർ പറയുന്നു. ‘‘എയർകണ്ടിഷൻഡ് ഷോപ്പായിരുന്നു ‌ഞങ്ങളുടേത്. വൻതുക ഡ്യൂട്ടിയടച്ച് ഗൾഫിൽനിന്നാണ് കസെറ്റുകളെത്തിക്കുക. ആരിൽനിന്നും ഡെപ്പോസിറ്റ് വാങ്ങിയിരുന്നില്ല. 10 രൂപയാണ് കസെറ്റ് വാടക. കോഴിക്കോടുനിന്നൊക്കെ ആളുകൾ വരുമായിരുന്നു.’’

മലയാളത്തിനുപുറമേ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെയും എ ലിസബത്ത് ടെയ്‌ലറുടെയുമൊക്കെ ഇംഗ്ലിഷ് സിനിമകൾക്കും പഴയ ഹിന്ദി, തമിഴ് ചിത്രങ്ങൾക്കുമൊക്കെ നല്ല ഡിമാൻ‍‍ഡ് ആണ്. അഞ്ഞൂറിലേറെ കസെറ്റുകളും ആയിരത്തോളം കസ്‌റ്റമേഴ്സും ഉണ്ടായിരുന്നു.

വീട്ടിലെത്തിയ ലൈബ്രറികൾ

ഓർഡർ ചെയ്യുന്ന ഭക്ഷണവുമായി ഇന്ന് വീട്ടിലെത്തുന്ന ‘ഓൺലൈൻ ഫൂഡ് ഡെലിവറി’ക്കാരെപ്പോലെ, ഇടക്കാലത്ത് സഞ്ചരിക്കുന്ന വിഡിയോ കസെറ്റ് ലൈബ്രറികളും കേരളത്തിലുണ്ടായി. എടുത്താൽ പൊങ്ങാത്ത ബാഗുമായി ബൈക്കിൽ വീടുതോറും കയറിയിറങ്ങി കസെറ്റുകളെത്തിച്ചിരുന്ന ചെറുപ്പക്കാരാണ് കാലത്തിനുമുൻപേ സഞ്ചരിച്ച ആ ആശയം യാഥാർഥ്യമാക്കിയത്.

തൊണ്ണൂറുകളുടെ അവസാനത്തോടെ കസെറ്റുകൾ മാറി സിഡി വന്നു. തുടർന്ന് ഡിവിഡികളും. ജീവിതം ഓടിത്തീർത്ത പഴയ വിഡിയോ കസെറ്റുകളുടെ ടേപ്പുകൾ അലങ്കാരവസ്തുവായി കല്യാണവീടുകളിലും കിളികളെ ഓടിക്കാൻ പാടത്തും ഇടംപിടിച്ചു.

കാലം പിന്നെയും കഴിഞ്ഞപ്പോൾ സിനിമാ ചാനലുകളും വിഡിയോ സൈറ്റുകളും മൊബൈൽ ആപ്പും ഓടിടി പ്ലാറ്റ്ഫോമും പെരുകി. പല സിനിമകളും ‍ഡൗൺലോഡ് ചെയ്തു കാണാമെന്നായി. അതോടെ പാവം വിഎച്ച്എസ് കസെറ്റുകൾ പുരാവസ്തുവായി.     

‘എനിക്ക് പണ്ടൊരു കട ഉണ്ടായിരുന്നു. ഞാനത് കാല ത്തിനനുസരിച്ച് മാറ്റാത്തതുകാരണം അടച്ചുപോയി. ഇ പ്പോ വീടിനു മുകളിൽ കുറച്ച് പച്ചക്കറികളൊക്കെ നോക്കി വെറുതെ ഇരിക്കുന്നു.’ അടുത്തകാലത്തിറങ്ങിയ ‘#ഹോം’ സിനിമയിൽ ശ്രീനാഥ് ഭാസിയുടെ കഥാപാത്രം സ്വന്തം പപ്പയെ കളിയാക്കിപ്പറയുന്ന ഡയലോഗാണിത്. ലോകത്തിന്റെ വേഗമറിയാതെ വിഡിയോ കസെറ്റുകളും കെട്ടിപ്പിടിച്ച് സ്പോഞ്ച് പിഞ്ഞിക്കീറിയ പഴയ ഇരിപ്പിടങ്ങളിൽതന്നെയിരുന്ന പലരും നമുക്കിടയിലുണ്ട്. ‘സ്മാർട്ട്’ ആയ മറ്റു ചിലർ കാലത്തിനനുസരിച്ച് വിഡിയോ സ്റ്റുഡിയോയും മൊബൈൽ ഷോപ്പുമൊക്കെയായി സ്വയം ‘അപ്ഗ്രേഡ്’ ചെയ്തു. അല്ലാത്തവർ വീട്ടിലിരിപ്പായി; ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റിനെപ്പോലെ.

ഇന്നും വീട്ടിലെ പഴയ അലമാരയോ പെട്ടിയോ പരതിയാൽ ഒരുപക്ഷേ, ഏതെങ്കിലും വിഡിയോ കസെറ്റ് കിട്ടിയേക്കും. പലരുടെയും ഓർമകളിൽ പൂപ്പൽ പിടിക്കാതെ തെളിഞ്ഞുനിൽക്കുന്ന ഒരു നല്ലകാലത്തിന്റെ ബാക്കിപത്രം.

കൂട്ടുകാരനു പറ്റിയ പറ്റ്...

K.Dennis.indd

വിഡിയോ കസെറ്റുകളുടെ കാലത്തെ രസകരമായൊരു കഥ സംഭവം ഓർത്തെടുക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്. ‘‘എൺപതുകളുടെ പകുതിയിലാണ്. തമിഴിലെ അക്കാലത്തെ പേരുകേട്ട താരജോടിയുടെ നീലച്ചിത്രം നൽകാമെന്നു പറഞ്ഞ് എന്റെ സുഹൃത്തിനെ ഒരാൾ സ മീപിച്ചു. വീണുപോയ അവനെ ആ അപരിചിതൻ മദ്രാസ് പാരിസിലുള്ള ഒരു രഹസ്യകേന്ദ്രത്തിലേക്കു കൊണ്ടുപോയി. വൻവില കൊടുത്തു വാങ്ങിയ കസെറ്റ് ഭദ്രമായി പൊതിഞ്ഞ് സുഹൃത്ത് മുറിയിലെത്തി. വിസിആറിൽ ഇട്ടുനോക്കിയപ്പോൾ ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം ‘പൂവിനു പുതിയ പൂന്തെന്നൽ’

അന്നൊക്കെ എറണാകുളത്തെ പല വിഡിയോ ലൈബ്രറികളിൽ നിന്നും ഇംഗ്ലിഷ്, ഹിന്ദി സിനിമകള്‍ വാടകയ്ക്കെടുത്തിരുന്നു. അക്കാലത്തു കണ്ട ‘ആംധാ യുദ്ധ്, ഖൂബ്സൂരത്ത്’ എന്നീ ഹിന്ദി ചിത്രങ്ങളാണ് ഞാൻ തിരക്കഥയും സംഭാഷണവും രചിച്ച ‘സിറ്റി പൊലീസ്’, ‘വന്നു കണ്ടു കീഴടക്കി’ എന്നീ സിനിമകൾക്കാധാരം.’’

Tags:
  • Movies