Friday 24 April 2020 03:25 PM IST : By സ്വന്തം ലേഖകൻ

മലയാള സിനിമയിലെ ആദ്യ പിന്നണി ഗാനം കേട്ടിട്ടുണ്ടോ ? ‘നിർമല’യിലെ പാട്ടുകൾക്ക് ഇന്നും തിളക്കം

song

മലയാളത്തിൽ ആദ്യമായി പിന്നണിഗാനം അവതരിപ്പിക്കപ്പെട്ട ചിത്രമെന്ന ഖ്യാതി മലയാളത്തിലെ നാലാമത്തെ ശബ്ദ ചിത്രമായ  നിർമ്മലയ്ക്കാണ്. അതിനു മുൻപ് ഇറങ്ങിയ ബാലൻ (1938), ജ്ഞാനാംബിക (1940), പ്രഹ്ലാദ (1941) എന്നീ ചിത്രങ്ങളിൽ പാട്ടുണ്ടെങ്കിലും നിർമലയ്ക്ക് മുൻപ് വരെ തത്സമയ ശബ്ദ ലേഖനമാണ് മലയാള സിനിമ അവലംബിച്ചിരുന്നത്. അതിനാൽ പാടുവാൻ കൂടി കഴിവുള്ള അഭിനേതാക്കൾക്കെ അവസരം ലഭിച്ചിരുന്നുള്ളൂ. ഗാനരംഗങ്ങൾ അഭിനയിക്കുമ്പോൾ തന്നെ അഭിനേതാക്കൾ പാടുകയും ഉപകരണസംഗീതകാരന്മാർ ഫ്രെയിമിൽ പെടാതെ നിന്ന് ഉപകരണങ്ങൾ വായിക്കുകയും അത് റെക്കോർഡ് ചെയ്യുകയുമായിരുന്നു പതിവ്.

പിന്നണി ഗാനം എന്നാൽ അഭിനയിക്കുന്നവർക്കു വേണ്ടി മറ്റൊരാൾ മറ്റൊരു സ്ഥലത്തു നിന്നു പാടി അത് സിനിമയിൽ കൂട്ടിച്ചേർക്കുകയാണ്.

മലയാള സിനിമാപിന്നണി ഗാനചരിത്രത്തിലെ ആദ്യ ഗാനം എന്ന പദവി മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതി, ഇ. ഐ. വാര്യർ സംഗീതം നൽകിയ 1948 ഇൽ പുറത്തിറങ്ങിയ നിർമ്മലയിലെ "ഏട്ടൻ വരുന്ന ദിനമേ... " എന്ന ഗാനത്തിനാണ്.

ഏട്ടന്‍ വരുന്ന ദിനമേ

ഏട്ടന്‍ വരുന്ന ദിനമേ 

അരുമദിനമേ ഹ ഹാ ഹ ഹഹഹാ

അരുമദിനമേ ഹ ഹാ ഹ ഹഹഹാ

ഏട്ടന്‍ വരുന്ന ദിനമേ

ഏട്ടന്‍ വരുന്ന ദിനമേ 

എന്ന മലയാള സിനിമയിലെ ആദ്യ പിന്നണി ഗാനം പാടിയതാകട്ടെ വിമല ബി. വർമ്മ എന്ന ആറാം ക്‌ളാസുകാരി. നിർമലയിൽ പി. ലീല പാടിയ ഗാനങ്ങൾ ഉണ്ടെങ്കിലും മലയാള സിനിമയിലെ ആദ്യ പിന്നണി ഗായിക എന്ന സ്ഥാനം വിമല. ബി. വർമ്മയ്ക്ക് ആണ്. സേലത്തെ മോഡേൺ തീയറ്ററിൽ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോർഡിംഗ്. അതേ ചിത്രത്തിൽ അഭിനയിക്കാനും അവർക്ക് അവസരം കൈ വന്നു .

'നിർമ്മല' എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ടൈഫോയിഡ് പിടിപെട്ടു മരിക്കുന്ന അനിയത്തിയായി ആണ് വിമല ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് അഭിനയ രംഗത്തും പിന്നണി ഗാന രംഗത്തും വിമല തുടർന്നില്ല