കുട്ടിക്കാലത്തെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും ഇരുപതുവര്‍ഷം മുന്‍പ് ഇന്നസന്‍റ് വനിതയോടു കുറേ കഥകള്‍ പറഞ്ഞു...
ഇരിങ്ങാലക്കുടയിൽ നാലഞ്ചു സ്കൂളുകളേയുള്ളു. നാലു സ്കൂളിലും ഞാൻ മാറി മാറി പഠിച്ചിട്ടുണ്ട്. കാരണം പരീക്ഷ കഴിഞ്ഞു വരുമ്പോൾ എന്റെ ചേട്ടൻ സ്റ്റാൻസിലാവോസ് ക്വസ്റ്റ്യൻ പേപ്പർ വാങ്ങി ഉത്തരങ്ങൾ ചോദിക്കും. ഞാൻ തത്ത പോലെ എല്ലാം പറയും. പക്ഷേ, ഉത്തരക്കടലാസിൽ എനിക്ക് ഒന്നോ ര ണ്ടോ മാർക്കേ കാണൂ. അതിൽ നിന്നു വീട്ടുകാർക്ക് ഒരു കാര്യം മനസിലായി, ഓർമയില്ലെന്നതാണ് എന്റെ പ്രശ്നം. ചില സമയത്ത് ഓർമ കിട്ടും. അല്ലാത്തപ്പോൾ ഇല്ല. പിന്നെ അധ്യാപകരുടെ കുഴപ്പവും പഠിപ്പിക്കലിന്റെ രീതിയും ഒക്കെ പ്രശ്നമാണ്. അങ്ങനെ ഉത്തരപേപ്പര്‍ കിട്ടുന്ന ദിവസങ്ങളില്‍ പഠിപ്പിച്ച അധ്യാപകരെ കുറ്റപ്പെടുത്തിയും പഠിച്ച സ്കൂളിനെ ശിക്ഷിച്ചും ഞാൻ കൂളായി നടന്നു, ഓരോ തവണയും ഞാൻ തോൽക്കുമ്പോൾ അവർ സ്കൂൾ മാറ്റും. അങ്ങനെ സ്കൂളുകൾ മാറി മാറി ഞാൻ മടുത്തു.
മിക്ക ദിവസവും ഞങ്ങളുടെ യാത്ര അമ്മന്നൂർ മാധവചാക്യാരുടെ പറമ്പിലൂടെയായിരുന്നു. സ്കൂളിൽ പോകാൻ ആ വഴി പോകേണ്ട ഒരു കാര്യവുമില്ല. പക്ഷേ, വേലി കെട്ടിത്തിരിക്കാത്ത പറമ്പല്ലേ? ഞങ്ങൾ ചാക്യാരു പറമ്പിൽ കയറി അവിടെയുള്ള ഇലവർഗത്തിന്റെ ഇല പൊട്ടിച്ചു കൈയ്യിൽ വച്ചു. അവിടെ കുളമുണ്ട്. രാവിലെ ചാക്യാർ ആ കുളത്തിലാണു കുളിക്കുന്നത്. ഒരു ദിവസം ഞങ്ങൾ പോകുമ്പോൾ കുളത്തിലെ വെള്ളം അനങ്ങുന്നില്ല. അപ്പോൾ ചാക്യാർ സ്ഥലത്തില്ലെന്നു മനസിലാകുകയും രണ്ട് ഇളനീരിട്ടാലോ എന്നു ചിന്തിക്കുകയും ചെയ്തു. അപ്പോൾ ഞാൻ ചാത്തൂട്ടിയെന്ന സുഹൃത്തിനോട് ‘നീ കയറി ഇട്’ എന്നു പറഞ്ഞു.
അവൻ പറഞ്ഞു, ‘ഞാനില്ല. തമ്പുരാനറിഞ്ഞാൽ കുഴപ്പമാണ്.’ എന്നാൽപ്പിന്നെ ഞാൻ തന്നെ കയറാമെന്നായി. ഞാൻ തെങ്ങിൽക്കയറി. രണ്ട് ഇളനീർ അടർത്തി അതുമായി താഴേക്കു വരികയാണ്. അപ്പോൾ ദാ ചാക്യാർ തെങ്ങിനു ചുവട്ടിൽ. തെങ്ങിൽ നിന്നു ഭൂമിയിലേക്കുള്ള വഴിമധ്യേ നടുവിലിരിക്കുകയാണു ഞാൻ. രണ്ടും കയ്യും വിട്ടു താഴെ വീണു ചത്താലോ എന്നു തോന്നിപ്പോയി. കാരണം, മോഷണത്തേക്കാൾ വലയൊരു നാണക്കേടില്ല.
എന്റെ വീട്ടിലാണെങ്കിൽ ഇഷ്ടംപോലെ നാളികേരമുണ്ട്. ഈ തെങ്ങിൽക്കയറിയതും ഇളനീരിടുന്നതും വേണ്ടിയിട്ടല്ല. വെറുതെ ഒരു കുസൃതി! ചാക്യാരെക്കണ്ടതും എന്റെ കൂടെയുള്ള ബാലചന്ദ്രനും രവിയും ചാത്തുക്കുട്ടിയും അവിടെ നിന്നു മുങ്ങി. ഞാൻ തെങ്ങിൽ തന്നെ കുറച്ചു നേരം ഇരുന്നു. പക്ഷേ, തെങ്ങുകയറ്റം നമുക്കു ശീലമില്ലല്ലോ. കാലു കഴയ്ക്കുന്നു. ചാക്യാർ എന്നെ നോക്കി അ തേ നിൽപാണ്. ഞാൻ പതിയെ താഴേക്കിറങ്ങി. ചാക്യാർ ഒന്നും മിണ്ടാതെ നിൽക്കുന്നു. കയ്യിൽ ഒരു സോപ്പു പെട്ടിയുണ്ട്. ഒറ്റതോർത്ത് ഉടുത്തിട്ടുണ്ട്. ഇറങ്ങി വരുമ്പോൾ അ ദ്ദേഹം എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്റെ ജീവൻ പോയി. കാരണം, ആ സമയത്തു പുഞ്ചിരിയല്ല നമുക്കാവശ്യം. ഞാൻ പതിയെ താഴേക്കിറങ്ങി. ചോറ്റുപാത്രവും പുസ്തകവുമെടുത്തു. ചാക്യാർ ചോദിച്ചു. ‘‘എവിടേക്കാണാവോ യാത്ര?’’ എനിക്കു വാക്കുകൾ കിട്ടുന്നില്ല.
അപ്പോൾ അദ്ദേഹം പിന്നെയും ചോദിച്ചു. ‘എവിടേക്കാണാവോ യാത്ര?’
ഞാൻ വളരെ വിഷമിച്ചു പറഞ്ഞു, ‘‘പള്ളിക്കൂടത്തിലേക്ക്...’’
‘‘ഓ! പള്ളിക്കൂടത്തിലേക്കാണല്ലേ?’’ ചാക്യാർ പറഞ്ഞു. ‘‘പള്ളിക്കൂടത്തിലേക്കാണെങ്കിൽ നേരെ വഴിയിലൂടെയും പോകാം. (തെങ്ങിൻ മുകളിലേക്ക് ചൂണ്ടി) ഇങ്ങനെ മുകളിലേക്ക് കയറി താഴേക്കിറങ്ങിയും പോകാം....’’
ഇതു പറഞ്ഞ് അദ്ദേഹം നടന്നങ്ങുപോയി. ഞാൻ ആകെ തകർന്നുപോയി. വേഗം നടന്നു കൂട്ടുകാരുടെ അടുത്തു ചെന്നു. അപ്പോൾ അവര്‍ ചോദിക്കുകയാണ്, ‘‘എന്തായാലും അങ്ങേരു കണ്ടു. എന്നാപ്പിന്നെ ഇളനീരങ്ങു കൊണ്ടു പോരരുതായിരുന്നോ?’’
ഞാൻ പറഞ്ഞു. ‘‘ചാക്യാരുടെ ചോദ്യം കേട്ടാൽ അതെടുക്കാൻ തോന്നില്ല.’’
ഞാനെന്റെ അപ്പനെയും അയൽക്കാരെയും ഓർത്തു. അവരായിരുന്നു ചാക്യാരുടെ സ്ഥാനത്തെങ്കിൽ എങ്ങനെ പ്രതികരിച്ചേനെയെന്നു ചിന്തിച്ചു. ‘കള്ളാ, നീ തേങ്ങ കട്ടോ...’ എന്നു ചോദിച്ചു വഴക്കു പറയും. പക്ഷേ, അപ്പോൾ നമുക്കൊരു മനഃസമാധാനം കിട്ടിയേനെ. പക്ഷേ, അന്നു ചാക്യാർ പ്രതികരിച്ച രീതി ഇന്നും മനസിൽ മുള്ളു പോലെ തറഞ്ഞു കിടക്കുന്നു.