Thursday 04 April 2024 10:55 AM IST : By സ്വന്തം ലേഖകൻ

വയറ്റിൽ മദ്യത്തിന്റെ അംശം മാത്രം, പൊട്ടിയൊലിച്ച വ്രണം...മൂന്നു ദിവസം പഴകിയ മൃതദേഹം... ബി ടൗണിന്റെ പ്രണയറാണി ‘ദുരന്ത നായിക’യായപ്പോൾ

parveen

2005 ജനുവരി 20 ശനി.

മുംബൈ ജുഹുവിലെ കടലോരത്തോടു ചേർന്ന ഫ്ലാറ്റിൽ പർവീൺ ബാബിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ആ മൃതദേഹത്തിനു 72 മണിക്കൂർ പഴക്കമുണ്ടായിരുന്നുവെന്നു പിന്നീടുള്ള പരിശോധനയില്‍ തെളിഞ്ഞു.

ആത്മഹത്യയോ സ്വാഭാവിക മരണമോ....?

അസ്വഭാവികമായതൊന്നും ആ മരണത്തിലില്ലെന്നു പൊലീസും വൈദ്യശാസ്ത്രവും വിധിയെഴുതിയെങ്കിലും പർവീൺ ആത്മഹത്യ ചെയ്തതാണെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.

ആഹാരം കഴിക്കാതെ, വെള്ളം കുടിക്കാതെ സ്വയം പീഡിപ്പിച്ചുള്ള മരണമായിരുന്നോ അത് ?

അങ്ങനെയെങ്കിൽ അതു തെളിയിക്കാനും അതിന്റെ കാരണം തിരയാനും തയാറായി ആരും മുന്നോട്ടു വന്നില്ല. ആ മൃതദേഹം ഏറ്റെടുക്കുവാൻ പോലും പലരും ആദ്യം മടിച്ചുവെന്ന സത്യം മനസ്സിലാക്കുമ്പോൾ, ആ മരണത്തിലെ ദുരൂഹതയിൽ ആർക്കു താൽപര്യമുണ്ടാകാൻ...അല്ലേ...

1970 കളിലും 1980 കളിലും ബോളിവുഡിന്റെ സൗന്ദര്യ സങ്കൽപ്പവും ഉടലഴകുമായിരുന്നു പർവീൺ‌ ബാബി. അക്കാലത്തെ യുവമനസ്സുകളിൽ പ്രണയത്തിന്റെ തീപടർത്തിയ പെൺഭംഗി. എന്നാൽ പർവീണിന്റെ കരിയർ തകർത്തതും അവർ സ്വയം സൃഷ്ടിച്ച ഏകാന്ത ജീവിതത്തിലേക്കു പതിച്ചതും പ്രണയത്താലായിരുന്നു. നഷ്ടപ്രണയത്തിന്റെ നൊമ്പരവുമായി, പരുക്കേറ്റ മാനസിക നിലയുമായി, 17 വർഷം പർവീൺ ‘ജീവിച്ചു മരിച്ചു’!

1949 ഏപ്രില്‍ 4 നു ഒരു ഗുജറാത്തി മുസ്‌ലിം കുടുംബത്തിലാണ് പര്‍വീണ്‍ ബാബിയുടെ ജനനം. മാതാപിതാക്കൾക്കു പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞ് : ഏക മകൾ. മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം സിനിമയിലെത്തിയ പര്‍വീണ്‍ വളരെപ്പെട്ടെന്നു ബോളിവുഡിലെ ഏറ്റവും വിലയേറിയ നായികമാരിൽ ഒരാളായി. അക്കാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്ന പർവീൺ ‘ടൈം’ മാസികയുടെ പുറംചട്ടയിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരിയുമായി.

parveen-babi-3

1973ല്‍ ‘ചരിത്ര’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. തുടർന്ന്, അമിതാഭ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി മുന്‍നിര നായകന്‍മാർക്കൊപ്പം നിരവധി ഹിറ്റുകൾ‌. ദീവാര്‍, നമക് ഹലാല്‍, അമര്‍ അക്ബര്‍ ആന്റണി, ശാന്‍, മേരി ആവാസ് സുനോ, രംഗ് ബിരംഗി എന്നിവയാണ് പര്‍വീണിന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകള്‍. ഗ്ലാമർ റോളുകളിൽ പർവീണിന്റെ പ്രകടനം അവരുടെ മിക്ക സിനിമകളിലെയും അഭിവാജ്യ ഘടകമായിരുന്നു. 1988 ൽ റിലീസായ ‘ആകർഷണ്‍’ എന്ന ചിത്രം വരെ, 15 വർഷത്തെ ചലച്ചിത്രജീവിതത്തിൽ 50 സിനിമകളാണ് അവരുടെ ലിസ്റ്റിലുള്ളത്. പ്രശസ്തിയുടെയും താരപ്പകിട്ടിന്റെയും ഉയരങ്ങളിൽ നിൽക്കേ പെട്ടെന്നൊരു ദിവസമായിരുന്നു അവരുടെ ആ ഉറച്ച തീരുമാനം – സിനിമ വിടാം ! അതിനു പിന്നിലെ പ്രധാന കാരണം പ്രണയനഷ്ടങ്ങൾ ഏൽപ്പിച്ച മുറികളായിരുന്നുവെന്നത് പരസ്യമായ രഹസ്യം.

പ്രണയങ്ങളിൽ പർവീണിനു എപ്പോഴും പിഴച്ചു. മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന പർവീണ്‍ എങ്ങനെയാണ് മാനസികമായി തകർന്നടിഞ്ഞതെന്നും സിനിമ വിടാൻ തീരുമാനിച്ചതെന്നുമൊക്കെ വിലയിരുത്തുന്ന പല നിരീക്ഷണങ്ങളുമുണ്ട്. അതിൽ പ്രധാനം, ഒന്നിനു പിറകെ ഒന്നായി തകർന്ന ബന്ധങ്ങളാകാം എന്നതാണ്. കബീർ ബേദി ഉൾപ്പടെ ചിലരുമായി പർവീണിനു ബന്ധമുണ്ടായിരുന്നു എങ്കിലും അവരെ ഏറെ ഉലച്ചതും കടുത്ത തീരുമാനങ്ങളിലേക്കെത്തിച്ചതും മഹേഷ് ഭട്ടുമായുള്ള പ്രണയത്തിന്റെ തകർച്ചയാണ്. പർവീണുമായുള്ള തന്റെ പ്രണയത്തിന്റെ അംശങ്ങൾ അർഥ്, ഫിർ തേരി കഹാനി യാദ് ആയി, വോ ലംഹേ എന്നീ ചിത്രങ്ങളിലൂടെ മഹേഷ് ഭട്ട് പിന്നീട് സ്ക്രീനിൽ പകർത്തി. പർവീൺ ബാബിയുടെ ജീവിതകഥ പറയുന്ന ഒരു വെബ് സീരിസ് ഒരുക്കാൻ മഹേഷ് ഭട്ട് ഒരുങ്ങുന്നുവെന്നും ഇടയ്ക്ക് വാർത്തകള്‍ വന്നു.

ഒടുവിൽ ഒന്നും പറയാതെ പർവീൺ പോയി. സ്വയം വിധിച്ച 17 വർഷത്തെ ഏകാന്ത തടവിനൊടുവിലെ മടക്കം...മരണത്തിലേക്കുള്ള മോചനം!

പർവീണിന്റെ ഫ്ലാറ്റിന്റെ വാതിൽക്കൽ വച്ചിരുന്ന പാലും വർത്തമാനപത്രങ്ങളും 3ദിവസമായി എടുത്തിട്ടില്ലെന്ന് റെസിഡൻഷ്യൽ സൊസൈറ്റിയുടെ സെക്രട്ടറി പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണ് അവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് ഏകദേശം 72 മണിക്കൂർ മുമ്പ് അവർ മരിച്ചിരിക്കാമെന്നായിരുന്നു പ്രഥമിക നിഗമനം. അപ്പോള്‍‌ 50 വയസ്സായിരുന്നു പർവീണിന്റെ പ്രായം.

parveen-babi-2

പ്രമേഹ രോഗത്താൽ വലഞ്ഞ അവരുടെ വലതു കാലിൽ ഒരു വ്രണം ഉണ്ടായിരുന്നു. അതിൽ ബാൻഡേജ്‌ ഒട്ടിച്ചിരുന്നു. മൃതദേഹം കിടന്നിരുന്ന കിടക്കയുടെ സമീപം ഒരു വീൽചെയറും അലങ്കോലപ്പെട്ടു കിടക്കുന്ന ചിത്രങ്ങളും വസ്ത്രങ്ങളും മരുന്നുകളും പഴയ പത്രങ്ങളും കണ്ടെത്തി. വ്രണം കാരണം നടക്കാൻ കഴിയാതിരുന്നതിനാൽ വീടിനുള്ളില്‍ വീൽചെയർ ഉപയോഗിച്ചിരിക്കാനാണ് സാധ്യത. പോസ്റ്റ്‌മോർട്ടത്തിൽ, അവരുടെ വയറ്റിൽ ഭക്ഷണത്തിന്റെ യാതൊരു അടയാളവും കണ്ടെത്തിയില്ല. മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 3 ദിവസത്തിൽ കൂടുതൽ ആഹാരം കഴിക്കാതിരുന്ന അവർ അതു കാരണമാകാം മരണമടഞ്ഞതെന്നും അവയവങ്ങളുടെ തകരാറും പ്രമേഹവും അതിനു വേഗതയേറ്റിയെന്നും നീരീക്ഷിക്കപ്പെട്ടു. എട്ട് മണിക്കൂറോളം മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും മുന്നോട്ടു വന്നില്ല. അതോടെ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേർന്ന് അന്തിമചടങ്ങുകള്‍ക്കായി ക്രമീകരണങ്ങൾ ഒരുക്കി. ഒടുവിൽ മുംബൈ, സാന്താക്രൂസിലെ ജുഹു മുസ്ലിം പള്ളി ഖബറിസ്ഥാനിൽ പാർവീൻ ബാബിയെ സംസ്കരിച്ചു. അഞ്ചു വർഷത്തിനു ശേഷം അവരുടെ ശവകുടീരം സാന്താക്രൂസ് മുസ്ലിം ഖബറിസ്ഥാനിൽ നിന്നു മാറ്റി സ്ഥാപിച്ചു.

parveen-babi-1

തന്റെ ജീവിതത്തിലെ അവസാന വർഷങ്ങളിൽ പർവീൺ ബാബി ക്രിസ്തുമതത്തിലേക്ക് മാറിയിരുന്നു. ഒരു അഭിമുഖത്തിൽ അവർ പറഞ്ഞതു പ്രകാരം, മലബാർ ഹില്ലിലെ ഒരു പ്രൊട്ടസ്റ്റന്‍ഡ് ആംഗ്ലിക്കൻ പള്ളിയിൽ വച്ചാണ് ക്രിസ്തുമതം സ്വീകരിച്ചത്. പർവീണിന്റെ മരണ ശേഷം മഹാരാഷ്ട്ര സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ ജനറൽ അവരുടെ സ്ഥാവര ജംഗമവസ്തുക്കളുടെ രക്ഷാധികാരിയായി. ‌ഏറെ വൈകാതെ പർവീൺ ബാബിയുടെ സ്വത്തുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുത്തു. സ്വത്തിന്റെ വിൽപ്പത്രം സംബന്ധിച്ച് അകന്ന ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. വിൽപ്പത്രം നടത്തിപ്പിലാക്കുന്നതിനുള്ള ചുമതലയിൽ അന്തരിച്ച നടനും അവരുടെ സുഹൃത്തുമായിരുന്ന മുറാദ് ഖാനും ഭാഗഭാക്കായിരുന്നു. സ്വത്തിന്റെ 70 ശതമാനവും ബാബി കുടുംബത്തിലെ പാവപ്പെട്ടവരെ സഹായിക്കാനായി ഒരു ട്രസ്റ്റ് സ്ഥാപിക്കാനും മുറാദ് ഖാന് ഇരുപത് ശതമാനം മാറ്റി വയ്്ക്കാനും 10 ശതമാനം ക്രിസ്ത്യൻ മിഷനറി ഫണ്ടുകൾക്ക് നൽകണമെന്നുമായിരുന്നു വിൽപ്പത്രത്തിൽ നിഷ്കർഷിച്ചിരുന്നത്.