Monday 13 September 2021 04:02 PM IST : By സ്വന്തം ലേഖകൻ

‘നിധി തേടിയെത്തിയ ജോൺ ഹോനായ്’: മലയാളി മറക്കുമോ ആ സുന്ദരനായ വില്ലനെ: ഓർമചിത്രം

riza-bawa

നായകനൊപ്പമോ അല്ലെങ്കിൽ അതിനും മുകളിലോ തിളങ്ങി നിൽക്കുന്ന വില്ലൻ കഥാപാത്രങ്ങൾ വെള്ളിത്തിരയിലെ അപൂർവ കാഴ്ചയാണ്. പക്ഷേ റിസബാവയെന്ന വില്ലൻ വെള്ളിത്തിരയിൽ പൊളിച്ചെഴുതിയത് ആ കീഴ്‍വഴക്കമാണ്. കണ്ണുകളിൽ ക്രൗര്യം ഒളിപ്പിച്ച ആ സുന്ദരനായ വില്ലൻ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ ഓർമ്മകളുടെ റീലുകളില്‍ നിറയുന്നതും റിസബാവയുടെ എണ്ണം പറഞ്ഞ ആ പ്രകടനങ്ങളായിരിക്കും.

ചോരക്കണ്ണുകളും മുറിപ്പോടുള്ള നെറ്റിയും മുറുക്കി വച്ച മീശയുമായി എത്തി സ്ക്രീനിൽ നായകന്റെ തല്ലു കൊള്ളാൻ വിധിക്കപ്പെട്ട വില്ലൻമാരെ പൊളിച്ചെഴുതുകയായിരുന്നു റിസബാവ. ജോൺ ഹോനായി എന്ന പ്രകമ്പനം കൊള്ളിച്ച പേരും ആ വില്ലൻ വില്ലന്‍ കഥാപാത്രവും ഇന്നും മലയാളി മനസുകളിൽ നിറഞ്ഞു നിൽക്കുന്നത് റിസബാവയുടെ അസാമാന്യമായ പ്രകടനം കൊണ്ട് മാത്രമാണ്.

ഇൻ ഹരിഹർ നഗറിൽഅമ്മച്ചി സൂക്ഷിച്ചു വച്ച നിധി തേടിയെത്തിയ ജോൺ ഹോനായി മലയാളികളുടെ ഓർമ്മകളുടെ റീലുകളിലെ സുവർണതാരമാണ്. തൊണ്ണൂറുകളിലെ മിമിക്രിക്കാരിൽ തുടങ്ങി പുതുതലമുറയിലെ ട്രോളൻമാർക്കിടയിൽ വരെ ആ കഥാപാത്രം ഇന്നും ജീവിക്കുന്നുവെന്നത് ആ കഥാപാത്രത്തിന് ലഭിച്ച അസുലഭ സൗഭാഗ്യം. ക്രൂരമായ ചിരിയൊളിപ്പിച്ച ചെമ്പൻ തലമുടിയുള്ള ജോൺ ഹോനായിയോളം പോന്ന മറ്റൊരു വില്ലന്‍ ഉണ്ടോ എന്നും സംശയം.

1966 സെപ്റ്റംബർ 24-ന് കൊച്ചിയിൽ ജനിച്ച റിസബാവയുടെ വിദ്യാഭ്യാസം തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു നാടക വേദികളിലൂടെയാണ്  അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല.

riza-1

ആദ്യ സിനിമയിൽ തന്നെ നായകനാകുക എന്ന അപൂർവ ഭാഗ്യം സിദ്ധിച്ച താരം കൂടിയാണ് റിസബാവ. ഷാജി കൈലാസ് 1990-ൽ സംവിധാനം ചെയ്ത 'ഡോ.പശുപതി' എന്ന സിനിമയിൽ നായകനായിരുന്നു അദ്ദേഹം. പക്ഷേ ആ സിനിമയിൽ നായകനേക്കാള്‍ കൂടുതൽ ശ്രദ്ധിക്കപ്പെട്ട നടന്മാർ നിരവധിയുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ നായകവേഷം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പക്ഷേ കാലം ആ പ്രതിഭയെ അടയാളപ്പെടുത്തുന്ന മറ്റൊരു ‘നിധി പെട്ടിയിൽ’ കാത്തുവച്ചു. അതേ വർഷം പുറത്തിറങ്ങിയ സിദ്ധിഖ്-ലാലിന്റെ 'ഇൻ ഹരിഹർ നഗർ' എന്ന ചിത്രത്തിലെ ജോൺ ഹോനായ് എന്ന കഥാപാത്രത്തോടെ അദ്ദേഹം ഏറെ പ്രശസ്തനായി.

ആനവാൽ മോതിരം,ജോർജ്ജുകുട്ടി C/o ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എബന്ധുക്കൾ ശത്രുക്കൾ, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടിൽ മാനസേശ്വരിസുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, കവർ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്തിറങ്ങിയ, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

riza-2

അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിംങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.