Friday 29 December 2023 09:31 AM IST : By സ്വന്തം ലേഖകൻ

‘എങ്കളുക്ക് മട്ടണും ചിക്കണും വേണ്ട, ട്രിവാൻഡ്രം ഫിഷ് മതി’: അനന്തപുരിയിലെ സൗഹൃദക്കൂട്ടം, ആ ഓർമകളിൽ നീറി നാട്

vijayakanth-manorama

പിറന്നത് മധുരയിലാണെങ്കിലും തലസ്ഥാനത്തോട് ഏറെ ഇഴയടുപ്പമായിരുന്നു വിജയകാന്തിന്. ‘എങ്കളുക്ക് മട്ടണും ചിക്കണും വേണ്ട, ട്രിവാൻഡ്രം ഫിഷ് മാത്രം...’– ചാല പിള്ളയാർ തെരുവിലെ കണ്ണന്റെ വീട്ടിലെത്തുമ്പോൾ വിജയകാന്ത് പറയുന്നത് ഇതു മാത്രം. തമിഴ് സിനിമയിൽ തലൈവരായി വിരാജിച്ച ‘ക്യാപ്റ്റൻ’ വിജയകാന്തിന് തലസ്ഥാന നഗരത്തോടു വൈകാരികമായ അടുപ്പമേറെയായിരുന്നു.  ഇടവേള കിട്ടിയാൽ മധുരയിൽ നിന്നു വിജയകാന്ത് തലസ്ഥാനത്തെത്തും.  ഇവിടത്തെ സൗഹൃദങ്ങളുടെ നടുവിലായിരുന്നു ക്യാപ്റ്റന്റെ ഒഴിവുകാലം. 

‘‘എന്റെ വല്യച്ഛന്റെ മകനാണ് കണ്ണൻ. വിജയകാന്ത് തിരുവനന്തപുരത്ത് എത്തിയാൽ താമസിക്കുന്നത് കിള്ളിപ്പാലം പുത്തൻചാലയിലെ കണ്ണൻ–മുത്തുലക്ഷ്മി ദമ്പതികളുടെ വീട്ടിലായിരുന്നു. മുത്തുലക്ഷ്മിയുടെ സഹോദരൻ ആർ. സുന്ദരരാജാണ് വിജയകാന്തിന്റെ ബാല്യകാല സുഹൃത്ത്.  ഇബ്രാഹിം റാവുത്തർ, റഹീം, സുബ്ബയ്യ... വിജയകാന്തിന്റെ കൂട്ടുകാരുടെ നിര ഏറെയാണ്. തലസ്ഥാനത്ത് എത്തുന്നെങ്കിൽ വിജയകാന്ത് താമസിക്കുന്നത് കണ്ണന്റെ വീട്ടിൽ. കൂട്ടുകാർ കൂടുതലാണെങ്കിൽ മേലെ പഴവങ്ങാടിയിലെ നളന്ദ ടൂറിസ്റ്റ് ഹോമിൽ.  

വിജയകാന്തിന്റെ താമസ സ്ഥലത്തേക്ക് വിഭവസമൃദ്ധമായ സദ്യയാണ് കണ്ണന്റെ വീട്ടിൽ നിന്നും എത്തിക്കുക. മുത്തുലക്ഷ്മിയാണ് വിഭവങ്ങൾ തയാറാക്കുക. കേരള സദ്യയോട് ഏറെ ഇഷ്ടമായിരുന്നു ക്യാപ്റ്റന്’’– വലിയശാല കോവിൽക്കടവ് സ്വദേശി എൻ.പത്മനാഭൻ(65) പറയുന്നു. നഗരത്തിലെത്തിയാൽ ചാലയിലും പരിസരത്തും കൂട്ടുകാരോടൊത്തു ചുറ്റിക്കറങ്ങും.

അന്നൊന്നും വിജയകാന്ത് സിനിമയിൽ രംഗപ്രവേശം ചെയ്തിട്ടില്ലായിരുന്നു. സിനിമാ മോഹം മനസ്സിൽ സൂക്ഷിച്ച യുവാവ് എംജിആറിനെയും  ശിവാജി ഗണേശനെയും അനുകരിച്ച് കയ്യടി വാങ്ങും. ‘ഒരു നാൾ ഞാനും സിനിമാ നടനാകു’മെന്ന് വിജയകാന്ത് എപ്പോഴും പറയുമായിരുന്നു. കൂട്ടുകാരാണ് വിജയകാന്തിന്റെ സിനിമാക്കമ്പത്തെ  പ്രോത്സാഹിപ്പിച്ചത്. സിനിമയിൽ അഭിനയിക്കാൻ ചെന്നൈയിലെത്തിയ വിജയകാന്ത് അവിടെ, ആൾവാർ പേട്ടയിലെ ലോഡ്ജിലെ കുടുസ്സുമുറിയിലായിരുന്നു താമസിച്ചത്. ചെറിയ മുറിയിൽ 10 പേരായിരുന്നു. ആ നാളുകളിലെ കഷ്ടപ്പാടുകളെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

padmanabhan എൻ പത്മനാഭൻ

ചാലയിൽ വനിത ഫാൻസി സ്റ്റോഴ്സ് നടത്തിയിരുന്ന പത്മനാഭൻ ഇപ്പോൾ അതു മതിയാക്കി ആര്യശാലയിലാണ് താമസം. ഈ ഫാൻസി സ്റ്റോറിലും വിജയകാന്ത് പലവട്ടം എത്തിയിട്ടുണ്ട്.  ‘‘വിജയകാന്തിന്റെ മരണവാർത്ത ഏറെ സങ്കടപ്പെടുത്തി. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എന്റെ മകൻ കാർത്തിക്കും കൂട്ടുകാരും തമിഴ്നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ട്. എനിക്കും അവിടെ പോകണമെന്നുണ്ട്. പക്ഷേ, ആരോഗ്യം അനുവദിക്കുന്നില്ല’’–പത്മനാഭൻ പറഞ്ഞു.

മേലേ പഴവങ്ങാടിയിൽ 1945 ൽ തുടങ്ങിയ ജ്യോതി ജ്വല്ലറി മാർട്ടിന്റെ ഉടമയായിരുന്നു കണ്ണൻ.  ഈ ജ്വല്ലറിയിൽ വിജയകാന്ത് നിത്യസന്ദർശകനായിരുന്നു. കണ്ണൻ 30 വർഷം മുൻപു മരിച്ചു. ഭാര്യ മുത്തുലക്ഷ്മി 6 മാസം മുൻപ് മരിച്ചു. വിജയകാന്തിന്റെ ഉറ്റ സുഹൃത്ത് ആർ. സുന്ദർ രാജും 3 വർഷം മുൻപ് മരിച്ചു. ജ്യോതി ജ്വല്ലറി മാർട്ട് ഇരുന്ന സ്ഥലത്ത് വാച്ച് കടയാണ്.  വനിത ഫാൻസി സ്ഥലം ഇപ്പോൾ ഫാഷൻ ജ്വല്ലറിയാണ്.