ഒരു വെള്ളിയാഴ്ച സന്ധ്യക്കാണ് ആലപ്പുഴ സ്വദേശിയായ ജാക്സൺ പീറ്ററിന്റെ ഫോൺ കോൾ വന്നത്. നമ്മുടെ നാട്ടിലെ സാഹസിക സഞ്ചാരികൾക്കായി കോവളത്ത് സ്കൂബ ഡൈവിങ് ആരംഭിച്ചിട്ടുണ്ടെന്നു ജാക്സൺ പറഞ്ഞു. മലയാളികളെ സംബന്ധിച്ചിടത്തോളം ലക്ഷദ്വീപ് സന്ദർശിച്ചവർ മാത്രം അവകാശപ്പെട്ടിരുന്ന സാഹസിക ഇനമാണ് സ്കൂബ ഡൈവിങ്. മുങ്ങൽ വിദഗ്ധരെപ്പോലെ കടലിനടിയിലൂടെ ഊളിയിടാൻ നല്ല ചങ്കുറപ്പു വേണമെന്നു പണ്ടൊരു ചങ്ങാതി വീമ്പു പറയുന്നതു കേട്ടിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചു സംശയം ചോദിച്ചപ്പോൾ ജാക്സൺ ഉറക്കെ ചിരിച്ചു. ‘‘കോവളത്തേക്കു വരൂ. ആ പേടിയങ്ങു മാറ്റിത്തരാം’’ അദ്ദേഹം പറഞ്ഞു.
ജാക്സൺ പറഞ്ഞതു പ്രകാരം മൂന്നാം പക്കം രാവിലെ കോവളം ബീച്ചിനടുത്തുള്ള ബോണ്ട് സഫാരിയുടെ ഓഫിസിൽ എത്തി. സ്കൂബ ഡൈവ് ചെയ്യാനുള്ള എയർ ബാഗ്, സിലിണ്ടർ, മാസ്ക് തുടങ്ങിയ ഉപകരണങ്ങൾക്കു നടുവിലൊരു കസേരയിൽ ഇരുന്നു. ജാക്സൺ എത്തിയ ഉടനെ സുബിൻ എന്ന വൈപ്പിൻ സ്വദേശിയായ പ്രൊഫഷനൽ ഡൈവറെ പരിചയപ്പെടുത്തി. പത്തു വർഷത്തിലേറെക്കാലം ലക്ഷദ്വീപിലെ കടലിൽ സഞ്ചാരികളുമായി ഊളിയിട്ട് എക്സ്പീരിയൻസുള്ള ഡൈവറാണ് സുബിൻ. സ്പെയിനിലെ ഡൈവിങ് ജോലി മതിയാക്കി കേരളത്തിൽ ‘ബോണ്ട് സഫാരി’ എന്ന സ്കൂബ ഡൈവിങ് സ്ഥാപനം ആരംഭിച്ചപ്പോൾ ലക്ഷദ്വീപിൽ നിന്നു ജാക്സൺ കൂട്ടിക്കൊണ്ടു വന്നതാണ് സുബിനെ.
സുബിൻ സ്കൂബ ഡൈവിങ്ങിനെക്കുറിച്ചു സംസാരിച്ചു തുടങ്ങി. ‘‘മൂന്നു മണിക്കൂറാണ് സ്കൂബ ഡൈവിങ്. ട്രെയിനിങ്ങാണ് ആദ്യഘട്ടം– സ്കൂബ ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു പഠിപ്പിക്കൽ. ഡൈവ് ചെയ്യാനുള്ള ഡ്രസ്, ശുദ്ധവായു നിറച്ച സിലിണ്ടർ, മാസ്ക് എന്നിവ പരിചയപ്പെടുത്തി തരും. കടലിനടിയിൽ ആശയ വിനിമയം നടത്താനുള്ള രീതികൾ പറഞ്ഞു തരും.’’ ഇത്രയും പറഞ്ഞപ്പോഴേക്കും അനൂപും ഷാനുവും വന്നു. അവർക്കൊപ്പം ഡൈവ് ചെയ്യാനുള്ള വസ്ത്രം അണിഞ്ഞ ശേഷം വണ്ടിയിൽ കയറി കോവളം ബീച്ചിലേക്കു നീങ്ങി. ലീല ഹോട്ടലിനോടു ചേർന്നുള്ള കടൽത്തീരത്ത് മണൽപ്പരപ്പിൽ ടാർ പാളിൻ വിരിച്ചു.
‘‘ഡൈവിങ് ഡ്രെസ് ധരിച്ചാലും ഉള്ളിലിടുന്ന വസ്ത്രം നനയും. പാന്റ്സും ഷൂസും വസ്ത്രങ്ങളും അഴിച്ചുവച്ച് ഷോട്സ് ഇട്ടോളൂ.’’ സുബിന്റെ നിർദേശം. ഷോട്സിനു മുകളിൽ ഡൈവിങ് ഡ്രസ് ധരിച്ചു. നട്ടെല്ലിന്റെ അടിഭാഗം മുതൽ കഴുത്തിന്റെ പിൻഭാഗം വരെ സിബ്ബ് വലിച്ചു കയറ്റി. ഇരുമ്പിന്റെ കട്ടകൾ തൂക്കിയ വെയ്റ്റ് ബെൽറ്റ് വയറിനു ചുറ്റും കെട്ടി. കടലിന്റെ ഉപരിതലത്തിൽ നിന്നു താഴുകയും വേണം അടിത്തട്ടിൽ മുട്ടാനും പാടില്ല. മീനുകളെപ്പോലെ ഒഴുകാൻ പാകത്തിന് ശരീരഭാരം നിയന്ത്രിക്കണം – അതിനാണ് വെയ്റ്റ് ബെൽറ്റ്. ഇതിനു മുകളിൽക്കൂടി സിലിണ്ടർ ഘടിപ്പിച്ച ജാക്കറ്റ് ധരിച്ചു.
‘‘വെള്ളത്തിൽ മുങ്ങുന്നവരുടെ സിലിണ്ടറിൽ ഓക്സിജനാണെന്നൊരു തെറ്റിദ്ധാരണയുണ്ട്. സിലിണ്ടറിൽ ശുദ്ധവായുവാണ്. സിലിണ്ടറിന്റെ ഭാരം പതിനേഴു കിലോ. സിലിണ്ടറിൽ രണ്ടു മൗത്ത് പീസുകളുള്ള രണ്ടു പൈപ്പുകളുണ്ട്. പല്ലുകൊണ്ടു കടിച്ചുപിടിച്ച് ചുണ്ടുകൾ ചേർത്ത് അടയ്ക്കാൻ പറ്റുന്ന രീതിയിലുള്ളതാണ് മൗത്ത് പീസ്. വെള്ളത്തിനടിയിൽ ഇതിലൂടെയാണ് ശ്വസിക്കേണ്ടത്. കണ്ണുകളുടെ സുരക്ഷയ്ക്കായി മാസ്ക് വയ്ക്കണം. മാസ്ക് വച്ചു കഴിഞ്ഞാൽ മൂക്കിലൂടെ ശ്വസിക്കാനാവില്ല. പിന്നീടുള്ള ശ്വാസോച്ഛ്വാസം വായിലൂടെയാണ്. വായിലൂടെ ശ്വാസം അകത്തേയ്ക്കെടുത്ത് വായിലൂടെ തന്നെ പുറത്തു വിടുക.’’ കടലിൽ മുങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ സുബിൻ പഠിപ്പിച്ചു തുടങ്ങി.
‘‘പേടിക്കൊനൊന്നുമില്ല. നിങ്ങളുടെ ജാക്കറ്റിന്റെ ബെൽറ്റിൽ പിടിച്ചുകൊണ്ട് ഞാനാണ് നീന്തുന്നത്. നിങ്ങൾ രണ്ടു കൈകളും നെഞ്ചിൽ ചേർത്തു വച്ച്, കാലുകൾ നീട്ടി വെറുതെ വെള്ളത്തിൽ കിടന്ന് ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിക്കുക.’’ കടലിന്റെ അടിയിൽ മണലിന് വേറൊരു നിറമാണ്, മണ്ണിൽ വീണ പഞ്ചസാര പോലെ. അതിൽ നിറയെ കക്കയും ചിപ്പികളുമുണ്ട്. ഒരുപിടി മണൽ വാരിയാൽ ഒരു ചിപ്പിയെങ്കിലും കയ്യിൽ കിട്ടും. പാറകളുടെ വിടവുകളിൽ മണൽ നിറഞ്ഞു കിടക്കുകയാണ്. അതിലൊരു പാറയുടെ അരികിലെത്തിയപ്പോൾ പെരുവിരലും ചൂണ്ടു വിരലും ചേർത്തു പിടിച്ച് സുബിൻ ആംഗ്യം കാണിച്ചു. ‘ഓ.കെ. അല്ലേ’’ എന്നാണ് എന്നാണു ചോദ്യം. കടലിനടിയിൽ സംഭാഷണമില്ല. ആംഗ്യത്തിലൂടെയാണ് ആശയ വിനിമയം. മറുപടി പറയാനുള്ള ആംഗ്യങ്ങളെല്ലാം വെള്ളത്തിൽ ഇറങ്ങുന്നതിനു മുൻപ് പറഞ്ഞു തന്നിരുന്നു.
ആദ്യം മണൽപ്പരപ്പ്. പിന്നെ കുറച്ചു പാറകൾ. അതു കഴിഞ്ഞ് പിന്നെയും മണൽ. പിന്നെയൊരു കുന്ന്. അതിനിടയിൽ മീനും ഞണ്ടും കക്കയും നീരാളിയും കുടുംബസമേതം ഇര തേടുന്നു... ഒരു തരത്തിൽ പറഞ്ഞാൽ നമ്മൾ ജീവിക്കുന്ന ഭൂമിയുടെ മറ്റൊരു പകർപ്പ്. വായുവിനു പകരം വെള്ളമാണെന്ന വ്യത്യാസം മാത്രം. നഗരം വിട്ടു ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോൾ പ്രകൃതിയിലുണ്ടാകുന്ന മാറ്റം പോലെ വെള്ളം തെളിഞ്ഞു. മുട്ട വിരിഞ്ഞിറങ്ങിയ ഞണ്ടിന്റെ കുഞ്ഞുങ്ങൾ മണൽപ്പരപ്പിൽ ഓടിക്കളിക്കുന്നു. വലുതും ചെറുതുമായി പലതരം മീനുകൾ തലങ്ങും വിലങ്ങും പാഞ്ഞു. ഒറ്റയ്ക്കു പോകുന്നവ പരസ്പരം ചേർന്നു നിന്നു വാലാട്ടി. ഒന്നു രണ്ടെണ്ണം കടിപിടി കൂടി ദൂരേയ്ക്കു മറഞ്ഞു. ഇത്രയധികം ഡിസൈനുകളുള്ള മീനുകളെ മാർക്കറ്റിലോ അലങ്കാര മത്സ്യ പ്രദർശനത്തിലോ കണ്ടിട്ടില്ല, ഉറപ്പ്... ട്രെയിനിങ് നൽകുന്ന സമയത്ത് പേടിച്ചു പിന്മാറിയിരുന്നെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിത്തീരുമായിരുന്നു.
കോവളം ബീച്ച് സ്കൂബ ഡൈവിങ്
സംഘാടകർ: കൂൾ ഡൈവേഴ്സ്, കോവളം. സമയം: മൂന്നു മണിക്കൂർ : മാർഗനിർദേശ ക്ലാസ്, പ്രാക്ടിക്കൽ ട്രെയിനിങ്, ഡൈവിങ്. ഡൈവിങ്ങിൽ രാജ്യാന്തര സർട്ടിഫിക്കറ്റു നേടിയ പത്തു വർഷത്തിലേറെ എക്സ്പീരിയൻസുള്ള ഡൈവർമാരോടൊപ്പമാണ് കടലിനടിയിലേക്കുള്ള യാത്ര. ഓരോ യാത്രികർക്കൊപ്പവും ഓരോ ഡൈവർ വീതം ഉണ്ടാകും. കടൽക്കാഴ്ചകൾ ആസ്വദിക്കുന്ന യാത്രികരുടെ വിഡിയോ, ഫോട്ടോ എന്നിവ അണ്ടർവാട്ടർ ക്യാമറയിൽ (ഗോപ്രോ) പകർത്തി ഡിവിഡി നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9946550073 (ജാക്സൺ പീറ്റർ) www.bondsafarikovalam.com