Tuesday 19 September 2023 12:42 PM IST

‘‘പ്രിയപ്പെട്ടവരോടൊപ്പമുള്ള യാത്ര സ്വകാര്യമാണ്; ഒറ്റയ്ക്ക് ഓമനിക്കാനുള്ള ഓർമകളാണ് ’’ – സിത്താര കൃഷ്ണകുമാർ പറയുന്നു

Baiju Govind

Sub Editor Manorama Traveller

1 - sithara

‘‘പ്രിയപ്പെട്ടവരോടൊപ്പം നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. ജീവിതത്തിലെ അതിസുന്ദരമായ മുഹൂർത്തങ്ങളാണ് അവ. ആ യാത്രകളിലെ ഓരോ നിമിഷങ്ങളും ഹൃദയത്തിൽ സൂക്ഷിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഒറ്റയ്ക്കിരിക്കുമ്പോൾ ഓമനിക്കാനുള്ള വലിയ സമ്പാദ്യമായി അത് സ്നേഹബന്ധങ്ങളെ തൊട്ടു തലോടുന്നു’’ മലയാളുകളുടെ മനസ്സിലേക്ക് മധുരിക്കുന്ന ശബ്ദ തരംഗമായി പറന്നിറങ്ങിയ സിത്താര കൃഷ്ണകുമാർ പറയുന്നു. സംഗീതത്തിന്റെ ഭാവതലങ്ങളിൽ ശബ്ദവിന്യാസം കൊണ്ട് അദ്ഭുതം തീർത്തപ്പോൾ ആരാധകർ ‘സിത്തുമണി’യെന്നു വാത്സല്യത്തോടെ വിളിച്ച സിത്താര കൃഷ്ണകുമാർ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

സംഗീതത്തിന്റെ ഈണവും താളവും പോലെ പ്രകൃതിക്കും ശ്രുതിലയങ്ങളുണ്ടെന്നു തോന്നിയിട്ടുണ്ട്. മയാജാലം പോലെ അദ്ഭുതങ്ങൾ കാണിക്കുന്ന പ്രകൃതിയിലൂടെയുള്ള യാത്ര ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അപരിചിതമായ നിരവധി നാടുകളിലൂടെ സംഗീത പരിപാടികൾക്കായി യാത്രനടത്താറുണ്ട്. ഓരോ യാത്രകളിലും ഗ്രാമങ്ങളും നഗരങ്ങളും പുഴകളും മലകളും കാണുന്നു. അവ ഓരോയിടത്തും വ്യത്യസ്തമാണ്, പരസ്പരം മത്സരിക്കും വിധം മനോഹരമാണ്.

മ്യൂസിക് പ്രോഗ്രാമിനായി ചെന്നെത്തുന്ന സ്ഥലങ്ങളിൽ പാട്ടു പരിപാടി കഴിഞ്ഞാലും കുറച്ചു ദിവസംകൂടി താമസിക്കാറുണ്ട്. നാടിന്റെ ഭംഗി, നാട്ടുകാരുടെ സ്നേഹം ഇതൊക്കെയാണ് ഓരോ സ്ഥലവുമായി ബന്ധമുണ്ടാക്കുന്ന ഘടകങ്ങൾ. അതിനെക്കുറിച്ചു പറയുമ്പോൾ യൂറോപ്പിലെ സ്കോട്‌ലൻഡ് എന്ന രാജ്യത്തിന്റെ അനുപമ സൗന്ദര്യമാണ് ഓർക്കുന്നത്. ബ്രിട്ടൻ, നോർത്തേൺ അയർലൻഡ്, വെയിൽസ്, സ്കോട്‌ലൻഡ് എന്നീ പ്രദേശങ്ങളുടെ ഐക്യനാടായ യുണൈറ്റഡ് കിങ്‍ഡത്തിലെ (യുകെ) പുരാതന പ്രൗഡിയുള്ള ഭൂമികയാണ് സ്കോട്‌ലൻഡ്. ബ്രിട്ടന്റെ രാജകീയ പാരമ്പര്യത്തിന്റെ ചരിത്രത്തിൽ വലിയ പങ്കു വഹിക്കുന്നു പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ സ്കോട്‌ലൻഡ്.

2 - sithara

ലണ്ടനിൽ സംഗീത പരിപാടിക്കു വേണ്ടിയാണ് യുകെയിൽ എത്തിയത്. പ്രിയപ്പെട്ട സുഹൃത്തുക്കളായ മിഥുൻ ജയരാജ്, ഇന്ദു, ലക്ഷ്മി എന്നിവരും എന്റെ ഭർത്താവ് ഡോ. സജീഷും കൂടെയുണ്ടായിരുന്നു. ലണ്ടനിലെ പ്രോഗ്രാം കഴിഞ്ഞപ്പോൾ ആ നാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഒരു യാത്ര നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ലണ്ടനിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് സ്കോട്‌ലൻഡിലേക്ക് ഡ്രൈവ് ചെയ്തു. അതിമനോഹരമായ കൃഷിഭൂമിയുടെയും സമതലങ്ങളുടേയും നടുവിലൂടെയാണ് സ്കോട്‌ലൻഡ‍ിലെ പൂർവിക ജനത റോഡ് നിർമിച്ചിട്ടുള്ളത്. മലനിരയുടേയും താഴ്‌വരയുടേയും അരികിലൂടെ കണ്ണെത്താദൂരം നീണ്ടു കിടക്കുകയാണ് സ്വപ്നതുല്യമായ പാത.

യുകെയുമായുള്ള ദീർഘകാലത്തെ ബാന്ധവം അവസാനിപ്പിച്ച് സ്വതന്ത്ര ദേശമായി മാറിയ രാജ്യമാണു സ്കോട്‌ലൻഡ്. ഹിതപരിശോധനയിൽ യുകെയുടെ ‘അപ്രമാദിത്വ’ത്തിൽ കഴിയാൻ താൽപര്യമില്ലെന്ന് സ്കോട്ടിഷ് ജനത വിധിയെഴുതുകയായിരുന്നു. അന്നു മുതൽ സ്കോട്‌ലൻഡ് എന്ന പ്രദേശം യുകെയിലെ ഒരു അംഗരാജ്യമായി മാറി. ഒരുഭാഗത്ത് ഇംഗ്ലണ്ടുമായും മറ്റു ഭാഗങ്ങളിൽ സമുദ്രങ്ങളുമായും സ്കോട്‌ലൻഡ് അതിർത്തി പങ്കിടുന്നു. എഡിൻബറോയാണ് അവരുടെ തലസ്ഥാനം. പുരാതന പ്രൗഡിയും പൗരാണിക സൗന്ദര്യവും പരിപാലിക്കുന്ന അതിമനോഹരമായ നഗരമാണ് എഡിൻബറോ.

ചരിത്രപ്രസിദ്ധമായ ബ്രിട്ടന്റെ ഹൃദയത്തിലൂടെ കാറോടിച്ച് ഞങ്ങൾ വിജനമായ ഒരിടത്ത് എത്തിച്ചേർന്നു. അതിപുരാതന ബംഗ്ലാവുകളും കാസിലുകളും അവശേഷിക്കുന്ന പ്രദേശമായിരുന്നു അത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഫാംഹൗസാണ് ഞങ്ങൾക്കു താമസത്തിനായി ഏർപ്പാടാക്കിയത്. ഏക്കർ കണക്കിന് വിസ്താരമുള്ള കൃഷിയിടത്തിനു നടുവിൽ, കണ്ണുകൾക്ക് കുളിരു പകർന്ന ദൃശ്യവിരുന്നായിരുന്നു ആ മന്ദിരം. ബംഗ്ലാവിന്റെ മുറ്റത്തു നിന്നാൽ ആകാശച്ചെരുവു വരെ പ്രകൃതിയുടെ അനുപമ സൗന്ദര്യം ആസ്വദിക്കാമായിരുന്നു. പുൽമേടുകളിൽ ആട്ടിൻപറ്റം മേയുന്നതു കാണാമായിരുന്നു. ആ ദൃശ്യചാരുത ആസ്വദിക്കാൻ ഫാംഹൗസിന്റെ വരാന്തയിൽ കസേരകൾ നിരത്തിയിട്ടിരുന്നു.

3 - sithara

ബംഗ്ലാവിന്റെ അടുക്കളയിൽ അതിഥികൾക്കു സ്വന്തമായി ഭക്ഷണം പാകം ചെയ്യാം. ഓണത്തിന് തറവാട്ടിൽ വന്നണയുന്ന കുട്ടികളെ പോലെ കുശിനിപ്പുരയുടെ നടുത്തളത്തിൽ ഞങ്ങൾ ഒത്തു ചേർന്നു. ഏറ്റവും അടുപ്പമുള്ളവരോടൊപ്പം ഭക്ഷണം പാകംചെയ്യുന്നതും കഴിക്കുന്നതുമൊക്കെ ജീവിതത്തിലെ അമൂല്യ മുഹൂർത്തങ്ങളാണെന്ന് ആ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ തിരിച്ചറിയുന്നു.

സിനിമാ വിഷ്വലുകളെ തോൽപിക്കുന്നതാണ് സ്കോട്‌ലൻഡിലെ പ്രഭാതങ്ങൾ. രാവിലെ ജനാലയിലൂടെ പൂറത്തേക്കു നോക്കിയപ്പോൾ പാടം നിറയെ മഞ്ഞിന്റെ വെളുത്ത ആവരണം കണ്ടു. വെയിലുദിച്ചപ്പോൾ ആ പ്രദേശം പതുക്കെപ്പതുക്കെ പച്ചപ്പണിഞ്ഞു. ഷേക്സ്പിയർ നോവലുകളിലെ ഗ്രാമചിത്രം പോലെ മനോഹരമായിരുന്നു ആ ദൃശ്യം.

സ്കോട്‌ലൻഡിന്റെ ഭാഗമായി എഴുന്നൂറിലേറെ ദ്വീപുകളുണ്ട്. തലസ്ഥാനം എഡിൻബറോ. ഗ്ലാസ്ഗോയാണ് ഏറ്റവും വലിയ നഗരം. വിനോദസഞ്ചാരികൾക്ക് സ്കോട്‌ലൻ‌ഡിന്റെ ചരിത്രം മനസ്സിലാക്കാൻ മ്യൂസിയങ്ങളുണ്ട്. മ്യൂസിയം ഓഫ് സ്കോടിഷ് ലൈറ്റ് ഹൗസ്, സ്റ്റർലിങ് കാസിൽ, ബെൻ നെവിസ്, ടോറിഡൺ, റോസ്‌ലിൻ ചാപ്പൽ, ലോച്ച് ലോമണ്ട്, എഡിന്‍ബര്‍ഗ് കാസില്‍, കെയ്‌ൻ‌ഗോർസ് നാഷണൽ പാർക്ക്, എന്നിവ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ബോട്ട് യാത്ര, കയാക്കിങ്, പർവതാരോഹണം, സ്കീയിങ് എന്നിവയാണ് മറ്റു വിനോദ പരിപാടികൾ. ഓഗസ്റ്റ് – നവംബർ മാസങ്ങളിലാണ് സ്കോട്‌ലൻഡിൽ ശരത്കാലം. ഏതു കാലാവസ്ഥയിലും ഈ രാജ്യം മനോഹരമാണെന്ന് സഞ്ചാരികൾ അഭിപ്രായപ്പെടുന്നു.

സ്കോട്‌ലൻഡിലെ പ്രവാസി മലയാളികളായ രഞ്ജിത്തും നീതുവുമാണ് ഞങ്ങൾക്കു വഴികാട്ടികളായി എത്തിയിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പടുകൂറ്റൻ ബംഗ്ലാവുകളിലൂടെയും കാസിലുകളിലൂടെയും അവർ വഴി നയിച്ചു. പാശ്ചാത്യ ലോകത്ത് ഒരു യുഗം കടന്നു പോയത് എങ്ങനെയെന്ന് പ്രൗഡമായ സൗധങ്ങൾ സന്ദർശിച്ചവർക്കു നേരിൽ കണ്ടു മനസ്സിലാക്കാം.

ജോലിയുടെ തിരക്കുകൾ ഇല്ലാതെ സുഹൃത്തുക്കളോടൊപ്പം ഒത്തുചേരാൻ സാധിച്ചു എന്നുള്ളതാണ് യുകെ യാത്ര കൂടുതൽ ആസ്വദ്യകരമാക്കിയത്. വിസ്താരമുള്ള തീൻമേശയുടെ ചുറ്റും വട്ടമണഞ്ഞിരുന്ന് മെഴുകുതിരിയുടെ വെളിച്ചത്തിലാണ് ഞങ്ങൾ അത്താഴം കഴിച്ചത്.