Tuesday 11 July 2023 04:08 PM IST : By സ്വന്തം ലേഖകൻ

അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ 4 ഇന്ത്യൻ വംശജർ

women-business ഇന്ദ്ര നൂയി, ജയശ്രീ ഉല്ലാൾ, നേഹ നാർഖഡേ, നീരജ സേത്തി

അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ മുൻ ചെയർമാൻ ഇന്ദ്ര നൂയി, അരിസ്റ്റ നെറ്റ്‌വർക് പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉല്ലാൽ, സിന്റെൽ ഐടി കമ്പനി സഹസ്ഥാപക നീരജ സേത്തി, കോൺഫ്ലുവെന്റ് ക്ലൗഡ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസർ നേഹ നാർഖഡേ എന്നിവരാണ് സ്വയം പ്രയത്നത്തിലൂടെ സമ്പന്നരായ 100 അമേരിക്കൻ വനിതകളുടെ ഫോബ്സ് പട്ടികയിലുള്ളത്.

ജയശ്രീ ഉല്ലാൽ പട്ടികയിൽ 15–ാം സ്ഥാനത്താണ്. 20,000 കോടി രൂപയാണ്  ആസ്തി. നീരജ സേത്തി 25ാം സ്ഥാനത്താണ്. 8175 കോടി രൂപയാണ് ആസ്തി. 38കാരിയായ നേഹ നാർഖഡെ 4294 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 50ാം സ്ഥാനത്ത് ഇടംപിടിച്ചു. 2019ൽ പെപ്സിക്കോയിൽ നിന്നു വിരമിച്ച ഇന്ദ്ര നൂയി 2890 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 77ാം സ്ഥാനത്താണ്.

ജൂലൈ 10ന് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യന്‍ വനിതകളും സാന്നിദ്ധ്യമറിയിച്ചത്. യുഎസിലെ ബിസിനസ്, വിനോദ മേഖലകളിൽ നിന്നുൾപ്പെടെ തെരഞ്ഞെടുത്ത 100 പേരുടെ പട്ടികയാണ് ഫോബ്സ് മാസിക പുറത്തുവിട്ടത്.