‘പിങ്ക് പൊട്ടു പോലെ തൂവെള്ള ഉടുപ്പിട്ട സുന്ദരീസുന്ദരന്മാര്‍’; കാത്തിരുന്ന ആ ദൃശ്യവിസ്മയം കണ്‍മുന്നില്‍, ദി ഗ്രേറ്റർ ഫ്ലെമിങ്ങോസ്! Pulicat Lake: A Haven for Greater Flamingos
‘അമ്മാ.. അമ്മയ്ക്കീ കരിയിലക്കിളിയേയും കൊക്കിനെയും മാത്രമേ ഫോട്ടോ എടുക്കാന്‍ കിട്ടുള്ളോ?’; ഉണ്ണിമായയുടെ ചോദ്യം കേട്ട് ഞാന്‍ ആദ്യമൊന്ന് ഞെട്ടി.. വാട്ട് എ ട്രാജഡി! ഓരോ വീക്കെന്‍ഡും മുടങ്ങാതെ ക്യാമറയും തൂക്കി കാട് കയറുന്ന എന്നോടാണ് അവളുടെ ഈ ചോദ്യം. ‘അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്ക്കോട്ടെ മകളെ..’ എന്ന് ചോദിക്കാനാണ് എനിക്ക് തോന്നിയത്. പിന്നെ വേണ്ടെന്നുവച്ചു, ന്യൂജെന്‍ ആണ്.. വെറുതെ വാലു മുറിയണ്ടല്ലോ..
‘അതേയ്.. ഞാന്‍ എപ്പോഴാ.. ഒരേതരം കിളികളെ പടം എടുത്തിട്ടുള്ളത്.. നീയെന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഒന്നുകയറി നോക്ക്.. എന്നിട്ടീ കമന്റ് പറയ്യ്..’. എന്റെ ആത്മവിശ്വാസത്തിന് വീണ്ടുമൊരു കൊട്ട്, മറുചോദ്യം ഉടനെയെത്തി. ‘അങ്ങനെയാണെങ്കില്‍ അമ്മ ഫ്ലെമിങ്ങോസിന്റെ ഫോട്ടോ എടുത്തിട്ടുണ്ടോ?’.., ‘ഇല്ലല്ലോ!’, ‘അതെന്താ എടുക്കാത്തത്?’, ‘‘അതോ.. ഈ ദേശാടനപക്ഷികള്‍ വര്‍ഷത്തില്‍ ചില മാസങ്ങളില്‍ മാത്രമേ നമ്മുടെ നാട്ടില്‍ വരൂ.. അതില്‍ ഫ്ലെമിങ്ങോസ് കേരളത്തില്‍ വന്നിട്ടിപ്പോള്‍ കുറേ വര്‍ഷമായി. 2019 ലോ മറ്റോ ആണ് അവസാനമായി വന്നത്.’’- നിസ്സഹായത ഭാവിച്ച് ഞാനവളുടെ മുഖത്തു നോക്കി.
‘ഓഹോ.. മുന്നില്‍ വന്നിരുന്നുതരുന്ന പക്ഷികളുടെ പടം മാത്രമേ അമ്മ എടുക്കൂ അല്ലേ.. കേരളത്തിൽ വന്നില്ലെങ്കിലും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ വരുമല്ലോ ഗ്രേറ്റർ ഫ്ലെമിങ്ങോസ്! അവിടെ പോയി പടം എടുക്കണം.. കുറച്ച് കഷ്ടപ്പെടണം പ്രിയാ.. എങ്കിലേ ഫൊട്ടോഗ്രഫി റിയൽ പാഷനാകൂ..!’; ചാട്ടുളി പോലുള്ള അവളുടെ മറുപടിയില്‍ ചൂളിപ്പോയത് സത്യമാണ്. അപ്പോള്‍ തന്നെ മനസ്സിലുറപ്പിച്ചു, എന്നാല്‍പ്പിന്നെ ഫ്ലെമിങ്ങോസിനെ എടുത്തിട്ടുതന്നെ കാര്യം.
പ്രതിസന്ധിയില്‍ കൂട്ടുകാര്‍ തന്നെ ശരണം, എടോ എവിടെ പോയാല്‍ കിട്ടും ഫ്ലെമിങ്ങോസിനെ? അന്വേഷണം പലവഴിയ്ക്കായി. ഇന്ത്യയില്‍ പത്തോളം ഇടങ്ങള്‍ അരയന്നകൊക്കുകള്‍ക്ക് പ്രസിദ്ധമാണ്. ഞാന്‍ അധികവും കേട്ടിട്ടുള്ളത് മുംബൈയിലെ ഫ്ലെമിങോ പാര്‍ക്ക്, തമിഴ്നാട്ടിലെ കൂന്തംകുളം, പിന്നെ ചെന്നൈയിലുള്ള പുലിക്കാട്ട് തടാകമാണ്. കോട്ടയത്തു നിന്ന് കൂന്തംകുളം കുറച്ചുകൂടി അടുത്താണ്. ആദ്യത്തെ അന്വേഷണം ആ വഴിയ്ക്കു പോയി. ഗൈഡ് കണ്ണനെ വിളിച്ചപ്പോള്‍ ഫെബ്രുവരി പകുതിയോടെയേ അവ കൂന്തംകുളത്തു എത്തുകയുള്ളൂ എന്നറിയാന്‍ കഴിഞ്ഞു. മുംബൈ ആദ്യമേ കട്ട് ചെയ്തു, ഇനിയുള്ളത് പുലിക്കാട്ട് ലേക്കാണ്. കൂട്ടുകാര്‍ മുഖേന പുലിക്കാട്ട് സ്വദേശിയായ യുവരാജിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. വിളിച്ചു അന്വേഷിച്ചപ്പോള്‍ ‘ലേക്കിൽ പോയി പാര്‍ത്തിട്ട് വന്ത് സൊല്ലറേ സാർ’ എന്ന മറുപടിയും കിട്ടി. അന്ന് വൈകിട്ടോടെ യുവരാജ് പച്ചക്കൊടി കാണിച്ചു, മുപ്പതോളം അരയന്നകൊക്കുകള്‍ അവിടെയുണ്ടെന്ന് പറഞ്ഞു.
എന്റെ അവധി ദിവസങ്ങളാണ് വരുന്നത്, പാഴാക്കാൻ സമയവുമില്ല; തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് പോകണം. വൈകിയ വേളയില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടിയില്ല. വളയം പിടിക്കാന്‍ വശമുണ്ടെങ്കില്‍ പിന്നെന്തിനു ടെന്‍ഷനടിക്കണം, യാത്ര കാറിലാക്കി. കോട്ടയത്തു നിന്ന് പുലിക്കാട്ടേക്ക് 726 കിലോമീറ്റര്‍, പതിനാലര മണിക്കൂര്‍ നീണ്ട റോഡ് യാത്ര. ആവേശം കൊടുമുടി കയറിയിരിക്കുമ്പോള്‍ ഇതൊക്കെ എത്ര നിസ്സാരം! കണ്ണിലും മനസ്സിലും നിറയെ തൂവെള്ള ഉടലും മാര്‍ബിള്‍ പോലെ മിനുമിനുത്ത പിങ്ക് കൊക്കുകളും ഉരുമി പരസ്പരം പ്രണയം പറയുന്ന അദ്ഭുത പറവകളാണ്.
പിറ്റേന്ന് വീട്ടിലെ തീര്‍ക്കാനുള്ള ജോലികള്‍ തീര്‍ത്തിറങ്ങിയപ്പോള്‍ ഉച്ചയ്ക്കു ഒന്നര കഴിഞ്ഞു. അടുത്തദിവസം രാവിലെ ആറരയോടെ പുലിക്കാട്ട് എത്തേണ്ടതാണ്. എന്നേയും കാത്ത് അവിടെ യുവരാജ് നില്‍പ്പുണ്ടാകും. തടാകം ചുറ്റാന്‍ ബോട്ട് മുന്‍കൂട്ടി പറഞ്ഞുവച്ചിരുന്നു, മൂന്നു മണിക്കൂറിന് 2500 രൂപയാണ് ചാര്‍ജ്. തടാകത്തിലേക്ക് പോകാനും തിരിച്ചുവരാനും കൂടി 90 മിനിറ്റ് ജലയാത്രയാണ് യുവരാജ് പറഞ്ഞിരുന്നത്. അതിനുപുറമെ ഒന്നര മണിക്കൂര്‍ ഫൊട്ടോഗ്രഫിയ്ക്കുള്ള സമയവും കൂടി ചേര്‍ത്താണ് ചാര്‍ജ് ഈടാക്കുന്നത്.
കോട്ടയത്തു നിന്ന് കുമളി, ഡിണ്ടുകല്‍, ട്രിച്ചി വഴിയാണ് യാത്ര. തണുപ്പും ചുടും മാറിമറിയുന്ന കാലാവസ്ഥ. കുമളിയെത്താന്‍ സമയമെടുത്തതൊഴിച്ചാല്‍ നാഷണല്‍ ഹൈവേയിലൂടെയുള്ള ഡ്രൈവിങ് സുഖകരമായിരുന്നു. രാത്രിയാത്രയില്‍ ട്രാഫിക് കുറവാണ്, ഉറക്കത്തിനു കൂടി കടിഞ്ഞാണിട്ടാല്‍ ഈസിയായി ചെന്നൈയിലെത്താം. പുലര്‍ച്ചെ നാലോടെ കാര്‍ ചെന്നൈ നഗരത്തെ തൊട്ടു. ഫ്രഷാകാന്‍ മാത്രം കുറച്ചു സമയം, അടുത്ത യാത്ര പുലിക്കാട്ടേക്കാണ്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് 60 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം പുലിക്കാട്ട് തടാകത്തിലെത്താന്‍. മത്സ്യ തൊഴിലാളികളുടെ കുഞ്ഞു ഗ്രാമം. തമിഴ്നാട്- ആന്ധ്രാപ്രദേശ് ബോര്‍ഡറിലാണ് ഈ തടാകം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഉപ്പുജല തടാകമാണ് പുലിക്കാട്ട് ലേക്ക്, പകുതി തമിഴ്നാടും പകുതി ആന്ധ്രയിലുമായി വ്യാപിച്ചുകിടക്കുന്നു.
വെളിച്ചം വീണു തുടങ്ങിയതോടെ നിരത്തില്‍ വാഹനങ്ങളുടെ ബഹളം. ഏഴോടെ ഞങ്ങള്‍ പുലിക്കാട്ട് ഗ്രാമത്തിലെത്തി. മീന്‍ പിടിക്കാന്‍ തയാറാക്കി നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകള്‍, മീൻവല ഒരുക്കുന്ന തിരക്കിലാണ് പുരുഷന്മാര്‍. സ്ത്രീകള്‍ വെള്ളം തളിച്ച് നടപ്പാത വൃത്തിയാക്കി, കോലപ്പൊടി കൊണ്ട് മുറ്റം അലങ്കരിച്ച് പുലരിയെ വരവേറ്റു. കടൽക്കരയുടേതിന് സമാനമാണ് തീരം, കുഞ്ഞലകളിൽ തട്ടി ആടിയുലയുന്ന വള്ളങ്ങൾ. പഞ്ചാരമണലിൽ ആരോ വിതറിയിട്ട പോലെ ചെറുചിപ്പികൾ, അവയുടെ നേര്‍ത്ത അനക്കങ്ങൾ പോലും ഞങ്ങളെ അതിശയിപ്പിച്ചു. എങ്ങും മീന്‍മണം തങ്ങിനില്‍ക്കുന്ന അന്തരീക്ഷം, പരിചയിക്കാത്തതു കൊണ്ടാവണം ചെറിയൊരു അസ്വസ്ഥത വന്നു മൂടി.
യുവരാജ് അല്‍പം തടിച്ച്, കുറിയ മനുഷ്യനാണ്. മുഖത്ത് സദാ ഒട്ടിച്ചുവച്ച ചെറുപുഞ്ചിരി. ‘അമ്മാ നീറ്റായിറുക്ക്.. വാഷ്റൂം യൂസ് പണ്ണിക്കുങ്കോ...’; യുവരാജിന്റെ ആഥിത്യമര്യാദ സ്നേഹത്തോടെ ഞാന്‍ നിരസിച്ചു. ‘എത്രയും പെട്ടെന്ന് എനിക്ക് ഫ്ലെമിങ്ങോസിനെ കാണണം. ഉറക്കമൊഴിച്ചു ഓടിവന്നത് അതിനാണ്, ഒന്ന് കാണിച്ചു തരൂ...’, മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.
മോട്ടോര്‍ ഘടിപ്പിച്ച മത്സ്യബന്ധനത്തിനുള്ള ബോട്ടിലാണ് യാത്ര. ഒരു ബൈനോക്കുലറും കയ്യില്‍ പിടിച്ച് യുവരാജ് റെഡിയായി ബോട്ടില്‍ കയറി, എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കി ഞങ്ങളെ വിളിച്ചു. പക്ഷികളെ കുറിച്ച് അത്യാവശ്യം നല്ല അറിവുള്ളയാളാണ് യുവരാജ്. കൃത്യം ഏഴര, യുവരാജിനൊപ്പം തടാകത്തിലെ നീല ജലാശയത്തിനൊപ്പിച്ച് ഓളത്തിലും താളത്തിലും ഞങ്ങളും പതിയെ നീങ്ങി തുടങ്ങി.
പൊട്ടിപ്പൊളിഞ്ഞ കരിങ്കൽ ഭിത്തികൾക്കിടയിലൂടെയാണ് തടാകത്തിലേക്കുള്ള പ്രവേശനം. മുന്നിൽ കടലു പോലെ പരന്നുകിടക്കുന്ന ജലാശയം. ആകാശത്തിനും വെള്ളത്തിനും ഒരേനിറം, രണ്ടും ഒരുമിച്ച് നേർവരയാകുന്ന സുന്ദരകാഴ്ച. അങ്ങിങ്ങായി ചെറിയ പച്ചതുരുത്തുകള്‍ കാണാം. വെള്ളത്തില്‍ ഊളിയിട്ട് കക്ക വാരി ചാക്കുകളില്‍ നിറയ്ക്കുന്നവര്‍ കൗശലക്കാരനായ നീര്‍കാക്കയെ ഓര്‍മിപ്പിച്ചു. മീൻ പിടിക്കുന്ന പലതരം ബോട്ടുകളാണ് മറ്റൊരു കാഴ്ച.
യാത്രയിലുടനീളം തലയ്ക്ക് മുകളില്‍ വട്ടമിട്ട് പറന്ന് പെലിക്കനുകള്‍, വെള്ളത്തിനു മുകളിൽ ചുംബിച്ചും പൊങ്ങിപ്പറന്നും ആകാശനൃത്തം ചെയ്യുന്ന സീഗള്ളുകള്‍, കരി ആളയുടെ മനോഹരമായ ടേണുകൾ, തീരത്ത് ധ്യാനനിരതനായി ഇരിക്കുന്ന ഗ്രേ ഹെറോൺ, ക്യാമറ കണ്ടതോടെ ജലാശയത്തിനുള്ളില്‍ മുഖം ഒളിപ്പിച്ച് പെയിന്റഡ് സ്ട്രോക്കുകള്‍, കർഷകന്റെ കലപ്പ പോലുള്ള നീളന്‍ കൊക്കുകൾ കൊണ്ട് തടാകം ഉഴുതു മറിക്കുന്ന യൂറേഷ്യൻ കര്‍ലിയോ എന്ന വാൾക്കൊക്കൻ.. പറവകളുടെ സാമ്രാജ്യത്തിൽ അകപ്പെട്ട പോലെ വർണ്ണനാതീതമായ കാഴ്ചകൾ.
ഞാന്‍ കാത്തിരുന്ന 45 മിനിറ്റ് കഴിഞ്ഞിരുന്നു, എവിടെ അരയന്നകൊക്കുകള്‍? തടാകത്തിനു പിന്നെയും നീളം കൂടുകയാണെന്നു തോന്നി. ജലവും ആകാശവും ചേര്‍ന്ന് മഴവില്ലിന്റെ ആകൃതി. എവിടെയെങ്കിലും പിങ്ക് പൊട്ട് തെളിയുന്നുണ്ടോ? കണ്ണുകള്‍ ‘കൂര്‍പ്പിച്ചു’. ഇടയ്ക്കിടെ ഞാന്‍ യുവരാജിന്റെ മുഖത്തേക്കു പാളി നോക്കി, യാതൊരു ഭാവവ്യത്യാസവുമില്ലാതെ വിദൂരതയിലേക്ക് കണ്ണുംനട്ട് അയാള്‍ നിന്നു. എന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. ഒന്നര മണിക്കൂര്‍ കഴിയുന്നു, പ്രതീക്ഷകള്‍ അസ്തമിച്ചു. ദൂരത്തെവിടെയും ഫ്ലെമിങ്ങോസിന്റെ നിഴലാട്ടം പോലുമില്ല. നിറയുന്ന കണ്ണുകള്‍ കൈ കൊണ്ട് മറച്ച് ഞാന്‍ വെളിച്ചത്തിലേക്ക് നോക്കി, വേനല്‍ചൂട് കൈകളും മുതുകും പൊള്ളിച്ചു. ഇന്നിതുവരെ എത്ര ദൂരം താണ്ടി, ശരിക്കും ഉറങ്ങിയിരുന്നില്ല, നേരത്തിനു ഭക്ഷണം കഴിച്ചില്ല.. നിരാശയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ വന്ന വഴികള്‍ ഒന്നൊന്നായി മനസില്‍ തെളിഞ്ഞു.
തമിഴ്നാട് നിന്നും ആന്ധ്രയുടെ ജലാശയത്തിലേക്ക് ബോട്ട് കടന്നു. ആന്ധ്രയുടെ ഭാഗമായ നെല്ലൂർ ഗ്രാമത്തിന്റെ അതിർത്തിയിലൂടെയാണ് യാത്ര. മത്സ്യബന്ധനത്തിനുള്ള ബോട്ടുകളാണ് കൂടുതലും, ദൂരെ പറവകളുടെ ഒരു കൂട്ടം വട്ടമിട്ടു പറക്കുന്നത് കണ്ടു. ‘ലാസ്റ്റ് ഡേ വന്ത് അങ്കെ താൻ പാർത്തേ..’, യുവരാജിന്റെ വാക്കുകൾ കേട്ടപാതി കേൾക്കാത്തപാതി ഞങ്ങൾ അങ്ങോട്ടു നോക്കി. കൊതിയന്മാരായ സീഗള്ളുകൾ മീൻവലകൾക്ക് ചുറ്റും പറക്കുകയാണ്. അതുവരെ അടക്കിവച്ച സങ്കടത്തിന്റെ അലകൾ ഇരച്ചെത്തി, കടുത്ത നിരാശ നെഞ്ചിടിപ്പ് കൂട്ടി, വിയർപ്പ് പടർന്ന് വിരലുകൾ തണുത്തു. താഴെ വീഴാതിരിക്കാൻ ക്യാമറ മുറുക്കെ പിടിച്ചു. ഒന്നു കണ്ടാല്‍ മാത്രം മതി, ഒരെണ്ണത്തെയെങ്കിലും.. മനസ് ആ വഴിയ്ക്ക് ചിന്തിച്ചു തുടങ്ങി.
‘ഹേയ്.. അങ്കെ പാറുങ്കോ..’, ബൈനോക്കുലര്‍ മാറ്റി യുവരാജ് തടാകത്തിന്റെ വലതുവശത്തേക്ക് വിരല്‍ ചൂണ്ടി. ഓര്‍മകളില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ഞാന്‍ ധൃതിയില്‍ ക്യാമറ പരമാവധി സൂ ചെയ്തു. അങ്ങുദൂരെ പ്രതീക്ഷയുടെ ഇത്തിരിവെട്ടം, ഹൃദയം ആവേശത്താല്‍ തുള്ളിച്ചാടി. അല്‍പം അകലെയാണ് ഞങ്ങള്‍ കാത്തിരുന്ന ആ ദൃശ്യവിസ്മയം. തടാകത്തിന്റെ വശങ്ങളിലെ അടിത്തട്ടിൽ പാറകളും ചെളിയുമാണ്. ബോട്ട് ഒരു പരിധിയില്‍ കൂടുതല്‍ അടുപ്പിക്കുക അസാധ്യം. പായല്‍ പിടിച്ച, ചെളി നിറഞ്ഞ തിട്ടയോട് ബോട്ട് അടുപ്പിച്ചു നിര്‍ത്തി, എന്‍ജിന്‍ ഓഫാക്കി. കാഴ്ചയുടെ പൊന്‍വസന്തം കണ്‍മുന്നില്‍ ദൃശ്യമായി. പിങ്ക് പൊട്ടു പോലെ തൂവെള്ള ഉടുപ്പിട്ട സുന്ദരീസുന്ദരന്മാര്‍, ദി ഗ്രേറ്റര്‍ ഫ്ലെമിങ്ങോസ്! വെള്ളത്തിനു മുകളിലൂടെ നടക്കുകയാണെന്ന് തോന്നിപ്പിക്കും വിധമാണ് അവയുടെ നില്‍പ്.
ഒരു മണിക്കൂർ എന്റെ മുന്നിലുണ്ട്, പരിസരം മറന്നു, ബോട്ടിൽ ഇരുന്നും കിടന്നുമെല്ലാം ക്യാമറക്കണ്ണുകൾ തുരുതുരെ ചിമ്മിതുറന്നു. ഹൃദയാകൃതിയിൽ പ്രണയം പങ്കിട്ട് നിൽക്കുന്ന അരയന്നകൊക്കുകള്‍, ആഗ്രഹിച്ച ഫ്രെയിം അനുഗ്രഹം പോലെ മുന്നിൽ വന്നു. നീളമുള്ള കാലുകളും കഴുത്തുമാണ് ഫ്ലെമിങ്ങോസിന്റെ പ്രത്യേകത. ഇവയുടെ തൂവലുകൾക്ക് പിങ്ക് കലർന്ന വെളുപ്പാണ്, കാലുകൾ പൂർണ്ണമായും പിങ്ക് നിറത്തിലാണ്. കടും പിങ്ക് നിറത്തില്‍ താഴേക്ക് വളഞ്ഞുനീണ്ട കൊക്കുകൾ, അറ്റത്തായി കറുപ്പുനിറം, തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മുട്ടിച്ച് അവ പരസ്പരം ചുംബിച്ചു. കൂട്ടത്തിൽ പൂർണ്ണ വളർച്ചയെത്താത്ത ഫ്ലമിങ്ങോസ് ആണ് കൂടുതലും, അവയ്ക്ക് ചാരനിറമാണ്, കൊക്കുകൾക്ക് ഇളംനീല നിറം. പോഷകങ്ങൾ അടങ്ങിയ നല്ല ഭക്ഷണം കിട്ടിയാലെ നിറം മാറി പിങ്ക് നിറം വരുകയുള്ളൂ.. കലഹപ്രിയരെ പോലെ ചിറകിട്ടടിച്ച് അവ വെള്ളത്തിനു മുകളിലൂടെ പറന്നുനടന്നു. പട്ടാളച്ചിട്ടയിലുള്ള നടപ്പാണ് ഏറെ രസകരം. നീണ്ട കാലുകൾ ഒരുപോലെ വച്ച്, ലെഫ്റ്റ് റൈറ്റ് നോക്കാതെ വരിനിന്ന് പോകുന്ന മനോഹാരിത.
മലയാളികള്‍ക്ക് വലിയ അരയന്നക്കൊക്കുകളാണ് ഗ്രേറ്റര്‍ ഫ്ലെമിങ്ങോസ്. വലിയ പൂനാര, നീർനാര എന്നൊക്കെ പറയും. രാജഹംസങ്ങളുമായി ബന്ധമില്ലെങ്കിൽ കൂടിയും വലിയ രാജഹംസം എന്നും പേരുണ്ട്. നൂറിലധികം വരുന്ന കൂട്ടമായാണ് ദേശാടനം, ഒറ്റരാത്രി കൊണ്ട് അറുനൂറിൽപ്പരം കിലോമീറ്ററുകൾ പറക്കാറുണ്ട്. ഉപ്പിന്റെ അംശമുള്ള തണ്ണീർത്തടങ്ങളും ചതുപ്പ് നിലങ്ങളുമാണ് ഇവയുടെ താവളങ്ങള്‍. നീളമേറിയ കാലുകൾ കൊണ്ട് ചെളിയും മണ്ണും ഇളക്കിമറിച്ചുള്ള ഇരപിടുത്തം ഒന്നു കാണേണ്ടതു തന്നെയാണ്. മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തമായി കൊക്കിന്റെ മുകൾഭാഗം ചലിപ്പിക്കാൻ ഇവയ്ക്ക് കഴിയും. അറുപത് വർഷത്തോളമാണ് ആയുര്‍ദൈര്‍ഘ്യം, ആറു വയസ്സാകുന്നതോടെ പ്രായപൂർത്തിയെത്തും. മുട്ടയിട്ട് പാലൂട്ടി വളർത്തുന്ന പക്ഷിവർഗ്ഗമെന്ന വിശേഷണം കൂടി ഫ്ലെമിങ്ങോസിനുണ്ട്.
സമയം പോയത് അറിഞ്ഞില്ല, നാനൂറ് എംഎം ലെൻസിന്റെ പരിമിതികൾ മറികടന്ന് ഒരു ക്ലോസപ്പ് ഷോട്ട് കൊതിച്ചു. ‘അണ്ണാ.. കൊഞ്ചം മുന്നാടി ക്ലോസാ പോകമുടിയുമാ?’, ഞാൻ യുവരാജിനെ നോക്കി. ‘‘മുടിഞ്ചാ നീങ്ക സൊല്ലവേ വേണ്ടാമ്മാ.. നാൻ കൂട്ടീട്ട് പോയിടുവേ.. ആനാ തണ്ണിയ്ക്ക് കീഴെ വന്ത് പാറൈ, സേറെല്ലാം ഇറുക്ക്.. ബോട്ട് സെരിഞ്ചിടും.’’- യുവരാജിന്റെ വാക്കുകളിൽ ആത്മാർത്ഥത നിറഞ്ഞു.
സൂര്യൻ തലയ്ക്കു മുകളിൽ ജ്വലിച്ചുനിന്നു, ചൂടു കാറ്റിൽ കണ്ണ് മഞ്ഞളിച്ചു. മനസ്സില്ലാമനസ്സോടെ ഞാന്‍ ഫ്ലെമിങ്ങോസിനോട് യാത്ര പറഞ്ഞു. എടുത്തിട്ടും എടുത്തിട്ടും മതിവരാത്ത ഷോട്ടുകൾ, മടക്കയാത്രയിൽ ക്യാമറ സ്ക്രോൾ ചെയ്തു വീണ്ടും വീണ്ടും ആ പടങ്ങൾ കണ്ടുകൊണ്ടിരുന്നു. ക്ഷണനേരം ചുണ്ടിൽ മിന്നിമറഞ്ഞ ആ പുഞ്ചിരി, ‘പ്രിയപ്പെട്ട മകളേ.. അങ്ങനെ നിന്റെ അമ്മയും എടുത്തിരിക്കുന്നു, ദി ഗ്രേറ്റർ ഫ്ലെമിങ്ങോസിനെ..!'.
എഴുത്ത്, ഫൊട്ടോഗ്രഫി: പ്രിയദര്‍ശിനി പ്രിയ