Tuesday 13 November 2018 10:51 AM IST

നല്ല പഠിപ്പുണ്ടായിട്ട് എന്തു ഗുണം ?

R. Sreelekha IPS

13

ഠനം നമുക്ക് വിവേകവും ബുദ്ധിയും തരുമെന്നാണല്ലോ പറയാറ്. ഞാൻ ബിഎ വരെ പഠിച്ചതാണ്. എന്നിട്ടും എന്റെ തലയിൽ യാതൊരു വിവേകവും ഉണ്ടായില്ല. അതുകൊണ്ടാണല്ലോ ഞാൻ ഈ ജയിൽ ശിക്ഷ അനുഭവിക്കുന്നത്.

ബിഎ പരീക്ഷയുടെ റിസൽറ്റ് വരുന്നതിനു മുൻപു തന്നെ എന്നെ വീട്ടുകാർ കെട്ടിച്ചു വിട്ടു. ഞാൻ പരീക്ഷ ജയിച്ചു. പ ക്ഷേ, കൂടുതൽ പഠിക്കാൻ ഭർതൃവീട്ടുകാർ സമ്മതിച്ചില്ല. ഇനി ഇവൾ പഠിച്ചു വലിയ കലക്ടർ ആയിട്ടുവേണ്ടേ നമുക്ക് ജീവിക്കാൻ, എന്ന് പുച്ഛത്തോടെ അമ്മായിയമ്മ പറയുമായിരുന്നു. അങ്ങനെ ഒരു സാധാരണ വീട്ടമ്മയായി ജീവിതം തള്ളി നീക്കവെയാണ് അയാളെ പരിചയപ്പെടുന്നത്. കാണാൻ കൊ ള്ളാമെങ്കിലും ഒരു പരമ ദുഷ്ടൻ. അയാൾക്കെതിരെ പൊലീസിൽ ഒട്ടേറെ കേസുകൾ ഉണ്ട് എന്ന് ഭർത്താവു പറയുമെങ്കിലും അയാൾ അദ്ദേഹത്തിന്റെ സുഹൃത്താണ്. ഒരു റിയൽ എ സ്റ്റേറ്റ് ഏജന്റ് ആയ ഭർത്താവിന് അയാളെപ്പോലെയുള്ള ഗുണ്ടകളെ ആവശ്യമുണ്ടായിരുന്നു.

എനിക്കൊരു മോൻ ഉണ്ടായിരുന്നു. ഒരു ദിവസം അവനെ സ്കൂളിൽ ആക്കി തിരികെ വീട്ടിൽ വന്ന എന്നെ ആ ക്രിമിനൽ ബലാൽക്കാരം ചെയ്തു. അന്നു വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. അതിനു ശേഷം അയാൾ ഭാവഭേദമൊന്നുമില്ലാതെ വീട്ടിൽ നിന്നിറങ്ങി പോയി. എന്റെ ജീവിതം ആകെ കീഴ്മേൽ മ റിഞ്ഞ സംഭവമായിരുന്നു അത്. പേടി കാരണം ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ഇതെങ്ങാനും ഭർത്താവ് അറിഞ്ഞാൽ വീട്ടിൽ കൊലപാതകം നടക്കുമെന്നു തോന്നി.

ദിവസങ്ങൾക്കു ശേഷം അയാൾ ആരുമില്ലാത്ത സമയം നോക്കി വീണ്ടും വീട്ടിൽ വന്ന് എന്നെ കടന്നു പിടിച്ചു. വഴങ്ങിക്കൊടുക്കുകയില്ലാതെ എനിക്കു മാര്‍ഗമുണ്ടായിരുന്നില്ല. ഇത് പലവുരു ആവർത്തിച്ചപ്പോൾ ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിപ്പോയി. ഭർത്താവിനൊപ്പം ജീവിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടെ വയ്യാതായി. എല്ലാം ഉപേക്ഷിച്ച് അയാളോടൊപ്പം ഇറങ്ങിപ്പോയി. എന്റെ പേരും മാനവും കുടുംബവും മോനും എല്ലാം ഞാൻ വലിച്ചെറിഞ്ഞു. സ്വന്തവും ബന്ധവും ഒക്കെ പൊട്ടിച്ച് ഞാൻ അവന്റെ കൂടെ പൊറുക്കാൻ പോയി. പഠിച്ചത് കൊണ്ട് എന്ത് ഗുണം?

കുറച്ചു നാൾ ഞാൻ അയാളുടെ ചെറിയ കുടിലിൽ താമസിച്ചു. ഒരുദിവസം, ‘വാ, നമുക്കൊരു യാത്ര പോകാം’ എന്ന് പറഞ്ഞു എന്നെ ട്രെയിനിൽ കയറ്റി മുംബൈയിൽ കൊണ്ട് പോ യി. രണ്ടു ദിവസം അവിടെമാകെ എന്നെ കാണിച്ചു തന്നു. ഒരു ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു. ഞാൻ ജീവിതത്തിൽ ഒരുപാടു സന്തോഷിച്ച രണ്ടു ദിവസങ്ങൾ.

ചുവന്ന െതരുവിന്‍റെ ഇരുട്ടിലേക്ക്

മൂന്നാം ദിവസം ഒരു തടിച്ചി സ്ത്രീയുടെ വീട്ടിൽ എന്നെ കൊ ണ്ടാക്കി അയാൾ അങ്ങ് പോയി. അത് ചുവന്ന തെരുവിലെ ഒരു വേശ്യാലയമായിരുന്നു എന്ന് ഞാൻ അടുത്ത ദിവസം തന്നെ മനസ്സിലാക്കി. എല്ലാം ഉപേക്ഷിച്ചു ഞാൻ വിശ്വസിച്ചു കൂടെ പോയ ആൾ എന്നെ അതുപോലെയുള്ള ഒരു സ്ഥലത്തു കൊണ്ടു വിൽക്കുക എന്നത് എനിക്കു സഹിക്കാൻ പോലും പറ്റുന്ന കാര്യമായിരുന്നില്ല. അതിലും ദുസ്സഹമായിരുന്നു പിന്നെയുള്ള എന്റെ നാളുകൾ. രക്ഷപെടാൻ പറ്റാത്തത്ര കാവൽക്കാർ ആ കെട്ടിടം ചുറ്റി ഉണ്ടായിരുന്നു. നല്ല ഭക്ഷണം ഒന്നും തരില്ല. വളരെ വൃത്തികെട്ട പുരുഷന്മാരുടെ കൂടെ പോലും പറഞ്ഞു വിടും. കുളിക്കാൻ സോപ്പ് തരില്ല. മോശം വേഷം ആണ് ധരിക്കാൻ തരിക.

അസുഖം വന്നാൽ ഡോക്ടറെ കാണിക്കുകയോ മരുന്ന് ത രികയോ ചെയ്യില്ല. ഒന്ന് ഫോൺ ചെയ്‌തോട്ടെ, ഒരു കത്തെഴുതാൻ പേപ്പർ തരാമോ എന്നോ മറ്റോ ചോദിച്ചുപോയാൽ കരണക്കുറ്റി നോക്കി കിട്ടും നല്ല തല്ല്. അതും അവിടുത്തെ പുരുഷന്മാരെ കൊണ്ടേ ചെയ്യിക്കൂ. നല്ല വേദനയാണ്.

മാസങ്ങൾ വർഷങ്ങൾ ആയി കടന്നു പോയി. തീരെ വയ്യാതെ കിടന്ന ഒരു ദിവസമാണ് അയാൾ വീണ്ടും ആ സ്ഥലത്തേ ക്കു വന്നത്. മറ്റൊരു പെൺകുട്ടിയെ വിൽക്കാൻ വന്നതാകും എന്നാണ് വെറുപ്പോടെ ആദ്യം കരുതിയത്. പക്ഷെ ആൾ എന്റെ അടുത്ത് വന്നു ചോദിച്ചു, ‘വരുന്നോ എന്റെ കൂടെ?’ എന്ന്. ഞാൻ പൊട്ടിക്കരഞ്ഞു പോയി. അവിടെ അകപ്പെട്ടാൽ രക്ഷയില്ല എന്ന് കരുതിയിരുന്ന ഞാൻ, സുഖമില്ലാത്ത എന്നെ രക്ഷിച്ചുകൊണ്ടു പോകാൻ വന്ന ദേവനാണ് അയാൾ എന്നുപോലും ചിന്തിച്ച് പിന്നീട് ഞാൻ അറിഞ്ഞു, എന്നെ ആ തടിച്ചിക്കു മതിയായിരുന്നു. അയാളോട് എന്നെ അവിടെ നിന്നും കൊണ്ട് പോകാൻ അവർ പറഞ്ഞത്രേ. അല്ലെങ്കിലും ഒരു പ്രായം കഴിഞ്ഞാൽ അതുപോലൊരു സ്ഥലത്തു സ്ത്രീകളെ ആ ർക്കാണ് ആവശ്യം?

അങ്ങനെ ഈ മണ്ടി വീണ്ടും അയാളോടൊപ്പം നാട്ടിൽ തിരികെ വന്ന് ജീവിക്കാൻ തുടങ്ങി. അയാൾ എന്റെ ചികിത്സയ്ക്കു സഹായം ചെയ്തു തന്നു. അ പ്പോഴേക്കും എനിക്കയാളോട് മുടിഞ്ഞ പ്രേമവും ആയി. ഇടയ്ക്കിടെ എന്നെ ഏതെങ്കിലും വീട്ടിൽ ജോലിക്കു കൊണ്ട് നിർത്തും. രണ്ടു മൂന്നു മാസം കഴിയുമ്പോൾ വന്നു വിളിച്ചുകൊണ്ടു പോകും. ആ വീട്ടിലെ സകല കാര്യവും ഞാൻ പറഞ്ഞു കൊടുക്കും. സൗകര്യം പോലെ ഒരു രാത്രി അയാൾ അവിടെ കയറി മോഷ്ടിക്കും. ജീവിക്കണ്ടേ?

ഒടുവില്‍ ആ നശിച്ച ദിവസം...

അങ്ങനെയൊരു വീട്ടിൽ ഞാൻ ആറു മാസം നിന്നു. അയാളുടെ നിർദേശ പ്രകാരം അവിടുത്തെ വീട്ടമ്മയുടെ മാല കടമായി വാങ്ങി രണ്ടാഴ്ചക്കു ശേഷം തിരികെ നൽകി വിശ്വാസം ഉറപ്പിച്ചു. പിന്നെ, പതിനായിരം രൂപ വാങ്ങി അതും തിരികെ നൽ കി. നാലാം മാസം 50,000 രൂപയാണ് ചോദിച്ചത്.

അന്നേരം കൈയിൽ കാശില്ലാത്തതു കൊണ്ട് അവർ വളയും മാലയും ഊരിത്തന്നു. മാസം ഒന്ന് കഴിഞ്ഞിട്ടും സ്വർണം തിരികെ കൊടുക്കാതെ വന്നപ്പോൾ അവർ എന്നോട് ചോദിക്കാൻ തുടങ്ങി. ‘ഇന്ന് വൈകിട്ട് ഞാൻ വന്നു കൊടുക്കാം എ ന്ന് പറ’, എന്നു ഞാൻ ചോദിക്കുമ്പോൾ ഒക്കെ പറയും. എ ന്നാൽ വരില്ല. ഒരാഴ്ച കഴിഞ്ഞു വീട്ടമ്മ വിളിച്ചു തന്ന ഫോണിലൂടെ ഞാൻ വിഷമിച്ചു കാര്യം പറഞ്ഞപ്പോൾ ഒരു മണിക്കൂറിനുള്ളിൽ അയാൾ വന്നു. മാലയും വളയും അവർക്കു നൽകി.

അത് വാങ്ങി അവർ തിരിഞ്ഞപ്പോൾ കഴുത്തിലൂടെ തോർത്ത് മുറുക്കി അവരെ നിലത്തിട്ടു. ഞെട്ടി വിളിച്ചു കരഞ്ഞ എന്നോട് പറഞ്ഞു, ‘ആ സ്വർണം എടുത്തിട്ട് വാ, അവർ ചത്തിട്ടൊന്നുമില്ല. ഇത് ഞാൻ ചെയ്യാറുള്ളതാണ്. ബോധം വരുമ്പോ ൾ ഒന്നും ഓർമ കാണില്ല.’ അവിടെയുള്ള വിലപിടിപ്പുള്ളതെല്ലാം എടുത്ത് ഞങ്ങൾ ഇറങ്ങി ഓടി.

ആ സ്ത്രീ അന്നേരം തന്നെ മരിച്ചിരുന്നു. മൂന്ന് നാല് ദിവസ ത്തിനകം പൊലീസ് എന്നെ അറസ്റ്റ് ചെയ്തു. അവരുടെ ചോദ്യം ചെയ്യലിൽ എനിക്ക് എല്ലാം തുറന്നു പറയേണ്ടി വന്നു. കുറെനാൾക്കു ശേഷമാണ് അയാൾ പൊലീസ് പിടിയിൽ ആകുന്നത്. കേസിന്റെ വിചാരണ നീണ്ടപ്പോൾ എനിക്ക് ജാമ്യം കിട്ടി. അപ്പനും അമ്മയും ഇതിനകം ഇഹലോകവാസം വെടിഞ്ഞിരുന്നു. സഹോദരങ്ങൾ തിരിഞ്ഞുനോക്കിയില്ല.

അകന്ന ബന്ധത്തിലുള്ള ഒരാളാണ് വക്കീലിനെ ഏർപ്പാടാക്കി തന്നത്. ആദ്യമൊക്കെ അയാൾ എന്നെ കാണാൻ ജയിലിൽ വരുമായിരുന്നു. പിന്നെപ്പിന്നെ കാണാതായി. ജാമ്യം കിട്ടിയ സമയം ഞാൻ മോനെയും ഭർത്താവിനെയും അന്വേഷിച്ച് കുറെ അലഞ്ഞു. അവർ എവിടെയാണെന്നുള്ള ഒരു വിവര വും കിട്ടിയില്ല. എന്നെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെ യ്ത ആ ദുഷ്ടന്റെ വീട്ടിൽ എന്നെ കയറ്റിയതേയില്ല. അവിടെ വേറൊരു സ്ത്രീ ഉണ്ടായിരുന്നു. അയാളുടെ ഇപ്പോഴത്തെ ഭാര്യ എന്നാണ് സ്വയം അവർ പരിചയപ്പെടുത്തിയത്.

അവനെ പരോളിൽ ഇറക്കാനും സ്നേഹിക്കാനും ഒക്കെ കുറേപ്പേർ ഉണ്ട് എന്നാണറിവ്. തുറന്ന ജയിലിലെ അന്തരീക്ഷം ആസ്വദിക്കുകയാണയാളിപ്പോൾ. ഞാനോ മനം മടുപ്പിക്കുന്ന ഈ സെല്ലിൽ പത്തു പേരിൽ ഒന്നായി കറുത്ത അഴിക ൾക്കുള്ളിലും. കൊലപാതകത്തിന് കൂട്ടു നിന്നതിനും മോഷണത്തിനും എന്നെ എട്ടു വർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ കഴിയാറായി. താമസിയാതെ ഞാൻ പുറത്തിറങ്ങും.

ഇടയ്ക്കൊക്കെ ആരോടെങ്കിലും യാചിച്ചു പരോളിൽ ഇറങ്ങിയിട്ടുണ്ട്. ഒരു മതകേന്ദ്രത്തിലാണ് പരോൾ കിട്ടിയാൽ ഇപ്പോൾ പോവാറ്. ജയിൽ വാസം കഴിഞ്ഞു പുറത്തിറങ്ങി അങ്ങോട്ടേക്കു തന്നെയേ പോകാൻ കഴിയൂ. കാരണം എന്നെ കാത്തിരിക്കാൻ ഈ ലോകത്തിൽ വേറെയാരുമില്ല. അവിടെയുള്ള അമ്മമാർ എന്നെ സ്വീകരിക്കും. നല്ല ജീവിത മാർഗത്തിലേക്ക് അവർ എന്നെ നയിച്ചേക്കും. ആ പ്രതീക്ഷ മാത്രമാണ് ജീവിതത്തിൽ ഇനി ബാക്കിയുള്ളത്.