കഴിഞ്ഞ വർഷം കൊറോണ വ്യാപനം തുടങ്ങിയ സമയം. ആദ്യത്തെ ലോക്ഡൗൺ പ്രഖ്യാപിക്കുന്നു!
ഡെന്നീസ് ജോസഫിന് ഒരു ഫോൺകോൾ. അങ്ങേത്തലയ്ക്കൽ നടി അംബികയാണ്. ലോക്ഡൗൺകാലത്തെ യാത്രയ്ക്കിടയിൽ എയർപോർട്ടിൽ നിന്നാണു അംബിക വിളിക്കുന്നത്. ഒരു സന്തോഷ വർത്തമാനം പറയാൻ.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അംബിക. പല സിനിമകളിലെയും കഥാപാത്രങ്ങളെ അംബിക തന്നെ മ റന്നുപോയി. എന്നാൽ ഇന്നും അംബികയോടു പലരും ചോദിക്കാറുണ്ട് ‘നിങ്ങളല്ലേ... അഡ്വ. ആൻസി?’
ആ ദിവസം എയർപോർട്ടിൽ വച്ചു കണ്ട പ്രായമായ ഒരു സ്ത്രീയും ഇതേ ചോദ്യം ചോദിച്ചപ്പോഴാണ് അംബിക ഡെന്നീസിെന വിളിച്ചത്; ആൾക്കാർ ഇപ്പോഴും ഓർത്തിരിക്കുന്ന ആ കഥാപാത്രത്തിന് നന്ദി പറയാൻ.
35 വർഷം മുൻപ് റിലീസ് ചെയ്ത ‘രാജാവിന്റെ മകൻ’ പല ട്രെൻഡുകൾക്കും തുടക്കമിട്ട സിനിമയായിരുന്നു. നായകനാര്, പ്രതിനായകനാര് എന്നു പറയാൻ പറ്റാത്ത ആന്റി ഹീറോ ഇമേജുള്ള രണ്ടു കഥാപാത്രങ്ങൾ ആഭ്യന്തരമന്ത്രി കൃഷ്ണദാസായി രതീഷും അധോലോകനായകൻ വിൻസെന്റ് ഗോമസായി മോഹൻലാലും. അവർക്കിടയിൽ അന്നേവരെ മലയാള സിനിമ കാണാത്തത്രയും പ്രാധാന്യമുള്ള കരുത്തുറ്റ നായികയായി അംബികയുടെ അഡ്വ. ആൻസി
പാട്ടുപാടി നടക്കുന്നതുപോലെ പ്രേക്ഷകർ ഈ സിനിമയിലെ ഡയലോഗുകൾ പറഞ്ഞുനടന്നിരുന്നു. ഇന്നും പറയുന്നു; ‘ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു. അങ്കിളിന്റെ ഫാദർ ആരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. യെസ് ഐ. ആം എ പ്രിൻസ്... രാജാവിന്റെ മകൻ.’
നിറക്കൂട്ട്, ശ്യാമ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്കു ശേഷം ഡെന്നീസ് ജോസഫിന്റെ തിരക്കഥയായിരുന്നു ‘രാജാവിന്റെ മകൻ.’ യഥാർഥത്തിൽ ജോഷിയാണ് ഈ സിനിമയ്ക്കു കാരണക്കാരൻ. ആ സംഭവം ഡെന്നീസ് പറഞ്ഞതിങ്ങനെ;
‘‘എന്റെ ആദ്യത്തെ രണ്ടു സിനിമകളും സംവിധാനം ചെയ്തത് ജോഷിയാണ്. രണ്ടും സൂപ്പർ ഹിറ്റായിരുന്നു. ജോഷിയാണ് എന്നെ തമ്പി കണ്ണന്താനത്തിനു പരിചയപ്പെടുത്തുന്നത്. ഊട്ടിയിലെ ലൊക്കേഷനിൽ വച്ച്. ആദ്യമായി കാണുമ്പോൾ ഏതോ കൊള്ളസംഘത്തിലെ അംഗമാണ് എന്നാണു ഞാൻ കരുതിയത്. അതായിരുന്നു തമ്പിയുടെ വേഷം. തുടർച്ചയായി മൂന്നു സിനിമ പൊളിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു തമ്പി. നല്ലൊരു തിരക്കഥയുണ്ടെങ്കിലേ കാര്യമുള്ളൂ.
അന്ന് എനിക്ക് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്ത് ചെറിയൊരു മുറിയുണ്ട്. തമ്പി അവിടെ വരും. ഞങ്ങൾ സംസാരിച്ചിരിക്കും. അങ്ങനെ ‘രാജാവിന്റെ മകൻ’ പിറവി കൊണ്ടു.’’
സൗഹൃദങ്ങളിൽ പിറന്ന സിനിമ
രാജാവിന്റെ മകനിൽ യഥാർഥത്തിൽ അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. അന്നുപക്ഷേ തമ്പിയും മമ്മൂട്ടിയും തമ്മിൽ എന്തോ അഭിപ്രായവ്യത്യാസം. അങ്ങനെയാണ് മോഹൻലാൽ വരുന്നത്. ലാലും തമ്പിയും തമ്മിൽ നേരത്തെ സൗഹൃദമുണ്ട്. അങ്ങനെ ‘രാജാവിന്റെ മകൻ’ മോഹൻലാലിന്റെ സിനിമയായി. രണ്ടു നായക കഥാപാത്രങ്ങളെക്കാളും പ്രാധാന്യമുണ്ടായിരുന്നു നായികയ്ക്ക്. സിനിമ തുടങ്ങും മുൻപ് തന്നെ അഡ്വ. ആൻസി എന്ന ജൂനിയർ അഭിഭാഷകയുടെ കഥാപാത്രം വ്യത്യസ്തമായിരിക്കണമെന്ന് തമ്പിയും െഡന്നീസും തീരുമാനിച്ചു. മോഹൻലാലിന്റെ കഥാപാത്രത്തിന് ഒപ്പം നിൽക്കുന്ന നായിക.
അനാഥാലയത്തിൽ വളർന്ന്, ഒരു കുട്ടിയുടെ അമ്മയായി സ്വന്തം കാലിൽ നിൽക്കാൻ തത്രപ്പെടുന്ന ഒരു ജൂനിയർ അഭിഭാഷക. ആഭ്യന്തരമന്ത്രിയുടെയും അധോലോകനായകന്റെയും കുടിപ്പകയ്ക്കു നടുവിൽപ്പെട്ടു പോകുന്ന നായിക. അങ്ങനെയൊരു കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്നത് വെല്ലുവിളിയായിരുന്നു സംവിധായകനും തിരക്കഥാകൃത്തിനും.
െഡന്നീസ് നിർദേശിച്ച പേരുകളിലൊന്നായിരുന്നു അംബിക. അന്ന് രജനികാന്തും കമലഹാസനും തമിഴ് സിനിമകൾ അടക്കി വാഴുന്ന കാലം.
അംബികയില്ലാതെ തമിഴിലും തെലുങ്കിലും സിനിമയില്ല എന്ന അവസ്ഥ. എങ്കിലും തമ്പി പ്രതീക്ഷ കൈവിട്ടില്ല. തമ്പിക്ക് അംബികയോട് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. ‘‘ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കാവുന്ന നടിയായിരുന്നു അന്ന് അംബിക.’’ ഡെന്നീസ് ഓർക്കുന്നു.
തമ്പിയോടുള്ള അടുപ്പം കൊണ്ട് അംബിക സിനിമയിൽ അഭിനയിക്കാമെന്നു സമ്മതിച്ചു. പത്തോ പതിനഞ്ചോ ദിവസം. പ്രതിഫലം ഒന്നേകാൽ ലക്ഷം രൂപ. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ അന്‍പതിനായിരം രൂപ വാങ്ങുന്ന കാലം. തമ്പി സമ്മതിച്ചു. അങ്ങനെ അഡ്വ. ആൻസിയാകാൻ അംബിക വന്നു. ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു.
മമ്മൂട്ടി, മോഹൻലാൽ, രതീഷ് എന്നിങ്ങനെയായിരുന്നു അന്നത്തെ താരനിര. അതുകൊണ്ടാണ് മോഹൻലാലിനൊപ്പം പ്രാധാന്യമുള്ള വേഷത്തിൽ രതീഷും എത്തിയത്. എന്നാൽ രാജാവിന്റെ മകനിലെ നെഗറ്റീവ് ഹീറോയിസം മോഹൻലാലിനെ സിനിമയിലെ രാജാവാക്കി.
ആ പത്തു ദിവസങ്ങൾ
തമ്പിയോടുള്ള താൽപര്യം കൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് മോഹൻലാ ൽ വന്നത്. ഒൻപതോ പത്തോ ദിവസം കൊണ്ട് മോഹൻലാൽ പടം പൂർത്തിയാക്കി മടങ്ങി. യഥാർഥത്തിൽ ആ പത്തു ദിവസം കൊണ്ട് മലയാള സിനിമയിലൊരു സിംഹാസനം നിർമിക്കുകയായിരുന്നു മോഹൻലാൽ.
‘‘തമ്പി തന്നെയാണു നിർമാതാവ് എന്ന് അറിഞ്ഞതുകൊണ്ടാകണം അംബിക പറഞ്ഞത്രയും തുക പ്രതിഫലം വാങ്ങിയില്ല. ഒരു ലക്ഷം രൂപയേ വാങ്ങിയുള്ളൂ എന്നാണ് അറിവ്. മോഹൻലാലിന് ഒരു ലക്ഷം കൊടുത്തെങ്കിലും തമ്പിയോടുള്ള താൽപര്യം കൊണ്ട് 75,000 രൂപയേ വാങ്ങിയുള്ളൂ. പക്ഷേ, ആ സിനിമയ്ക്കു ശേഷം മോഹൻലാലിന് എത്ര ലക്ഷം കൊടുക്കാനും നിർമാതാക്കൾ തയാറായി.’’ ഡെന്നീസ് പറയുന്നു. അഞ്ചു ദിവസം കൊണ്ട് പൂർത്തിയായതാണ് രാജാവിന്റെ മകന്റെ തിരക്കഥ. പല സീനുകളും എഴുതിയത് ലൊക്കേഷനിലാണ്. ഡെന്നീസ് അന്ന് ജോഷിക്കുവേണ്ടിയും എഴുതുന്നുണ്ട്. ‘ആയിരം കണ്ണുകൾ’ എന്ന സിനിമ. രാജാവിന്റെ മകനു വേണ്ടി എഴുതിയ തിരക്കഥാ ഭാഗങ്ങൾ ജോഷിയുടെ സെറ്റിലെത്തിയ സംഭവം വരെയുണ്ട്. തിരക്കഥകൾ പരസ്പരം മാറിപ്പോയതുകൊണ്ട്.
കച്ചവടഫോർമുലകൾക്ക് അപ്പുറമുള്ള ഉദാത്തമായ സൃഷ്ടിയാണ് ‘രാജാവിന്റെ മകൻ’ എന്ന് ഡെന്നീസ് വിശ്വസിക്കുന്നില്ല. അദ്ദേഹം പറയുന്നു; ‘‘മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി കൊടുക്കാൻ എന്റെ എഴുത്ത് കാരണമായി എന്ന് ഞാനൊരിക്കലും അവകാശപ്പെടില്ല. ഞാനല്ലെങ്കിൽ മറ്റൊരാൾ വഴി മോഹൻലാൽ അവിടെ എത്തുമായിരുന്നു.
കരുത്തുറ്റ നായിക
അതുപോലെ അഡ്വ. ആൻസിക്ക് മുൻമാതൃകകൾ ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയാം. എന്നാൽ നമുക്കു ചുറ്റും കാണുന്ന ധീരമായ തീരുമാനങ്ങളെടുക്കുന്ന ചില സ്ത്രീകളുണ്ടല്ലോ? അവരൊക്കെയാണ് ആൻസിയുടെ മാതൃക.’’
മോഹൻലാലിന്റെ വിൻസെന്റ് ഗോമസിന് അഡ്വ. ആൻസിയോടു പ്രണയം തോന്നുന്നത് അവരുെട നിലപാടുകളിലെ കാർക്കശ്യം കൊണ്ടാണ്. അഡ്വ. ആൻസി, നിങ്ങളൊരു അസാധാരണസ്ത്രീയാണ് എന്ന് വിൻസെന്റ് പല പ്രാവശ്യം പറയുന്നുണ്ട്. ഒരിക്കൽ കടൽക്കര വച്ച് തന്നെ ഭർത്താവായി സ്വീകരിക്കണമെന്ന വിൻസന്റിന്റെ ആഗ്രഹം നിരസിച്ച് അവർ പറയുന്നത്; മറ്റൊരാളെ ഭർത്താവായി സങ്കൽപിക്കാൻ എനിക്കു കഴിയില്ല’ എന്നാണ്.
അഡ്വ. ആൻസിയുടെ ജീവിതത്തിലെ നിർണായകഘട്ടത്തിൽ അധോലോകനായകനായ വിൻസെന്റ് ഗോമസ് രക്ഷകനായി എത്തുന്നുണ്ട്. കേരളത്തിൽ അന്ന് ലാൻഡ് ഫോണുകൾ അപൂർവമാണ്. നാലക്ക നമ്പറാണത്. പ്രതിസന്ധിയിൽ അകപ്പെട്ട അഡ്വ. ആൻസിയെ സഹായിക്കാൻ അവരുടെ ഫ്ലാറ്റിലെത്തുന്ന വിൻസെന്റ്് ഗോമസ് കലണ്ടറിൽ അയാളുടെ ഫോൺ നമ്പർ എഴുതിയിടുന്നുണ്ട്. 2255
‘‘എളുപ്പത്തിൽ ഓർക്കാവുന്ന ഒരു നമ്പർ വേണമെന്ന് തോന്നി. അങ്ങനെയാണ് 2255 എന്ന് എഴുതുന്നത്, ആ ഡയലോഗ് പിന്നെ, ആൾക്കാർ പറഞ്ഞുനടന്നു. ‘മൈ ഫോൺ നമ്പർ ഈസ് 2255’ യഥാർഥത്തിൽ അങ്ങനെയൊരു ഫോൺ നമ്പർ ഉണ്ടായിരുന്നു. കോട്ടയത്തെ ഒരു ഡോക്ടറുടെ. സിനിമ ഇറങ്ങിയതിനുശേഷം അദ്ദേഹത്തിന് ഇരിക്കപ്പൊറുതിയുണ്ടായില്ല. ഞാനൊരിക്കൽ കോട്ടയത്തു പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹം പറഞ്ഞത് സിനിമ ഇറങ്ങി പതിറ്റാണ്ടുകളോളം ആൾക്കാർ അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നു എന്നാണ്.
ദാരിദ്ര്യത്തിനു നടുവിൽ നിന്നുകൊണ്ട് ചിത്രീകരിച്ച സിനിമയായിരുന്നു രാജാവിന്റെ മകൻ. ചിത്രം പൂർത്തിയാക്കാൻ തമ്പി കണ്ണന്താനത്തിന് തന്റെ കാറു പോലും വിൽക്കേണ്ടി വന്നു. പക്ഷേ, ആ സിനിമ തിയറ്ററുകളിൽ നിന്നു വാരിയത് ഇന്നത്തെ കോടിക്ലബുകൾക്കും അപ്പുറം.
കൃഷ്ണദാസ് എന്ന ആഭ്യന്തരമന്ത്രിയെ വധിക്കാൻ യന്ത്രത്തോക്കുമായി നിൽക്കുന്ന വിൻസെന്റ്് ഗോമസിന്റെ മുന്നിലേക്ക് എടുത്തുചാടുന്ന അഡ്വ. ആൻസി. തന്റെ മകന്റെ അച്ഛനെ കൊല്ലരുത് എന്നാണ് വിൻസെന്റ് ഗോമസിനോടു പറയുന്നത്. ഒരു നിമിഷം നിസ്സഹായനായി നിന്ന അയാളെ പൊലീസുകാർ വെടിവച്ചു കൊല്ലുന്നു. വിൻസെന്റ് ഗോമസിന്റെ ചില്ലിട്ട ചിത്രത്തിനു മുൻപിലാണ് സിനിമ അവസാനിക്കുന്നത്. പിന്നെ, കാലം കണ്ടത് മോഹൻലാൽ എന്ന താരരാജാവിന്റെ പിറവിയാണ്.
രാജാവിന്റെ മകൻ
‘രാജാവിന്റെ മകൻ’ എന്ന േപര് തനിക്കു കിട്ടിയത് വനിതയിൽ നിന്നാണെന്നു ഡെന്നീസ് ജോസഫ്. വനിതയിൽ അച്ചടിച്ചു വന്ന സാറാ ജോസഫിന്റെ ഒരു കഥയുടെ പേര് ‘രാജാവിന്റെ മകൻ’ എന്നായിരുന്നു. ഡെന്നീസ് ആദ്യമിട്ട പേര് മഹാരാജാവിന്റെ മകൻ എന്നായിരുന്നു . പിന്നീട് തമ്പിയാണ് മഹാരാജാവിനെ രാജാവാക്കിയത്. പേര് ആദ്യമായി കേട്ട പലരും ചോദിച്ചത് കോമഡി സിനിമയാണോ എന്നായിരുന്നു. എന്നാൽ സിനിമ റിലീസ് ചെയ്തതിനുശേഷം ആരും അങ്ങനെ ചോദിച്ചില്ല.