പൂമ്പാറ്റക്കുഞ്ഞിനെ ക്യൂട്ടാക്കാം; സ്ലീവ്‌ലെസ് ഡിസൈനും സ്ലിറ്റുമായി കൂൾ ലുക്കിൽ മിഡി– ടോപ് easy-steps-to-stitch-midi-and-crop-top-measurements-cutting-and-stitching
ടീനേജിന് അണിയാനും സ്റ്റൈലാകാനും ഒത്തിരി ഫാഷനുകളുണ്ടെന്നാണോ വീട്ടിലെ കുട്ടിക്കുറുമ്പിയുടെ പരാതി? ആ പരിഭവത്തിന് ഉത്തരം നൽകാൻ ട്രെൻഡി ലുക്കിലുള്ള മിഡിയും ക്രോപ് ടോപ്പും തയ്ച്ചാലോ. പൂമ്പാറ്റക്കുഞ്ഞിനു പാറിപ്പറന്നു നടക്കാൻ സ്ലീവ്‌ലെസ് ഡിസൈനും മുൻഭാഗത്തെ സ്ലിറ്റുമൊക്കെയായി കൂൾ ലുക്കാണ് ഈ സെറ്റിന്.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ടോപ് ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), സ്കർട് ഇറക്കം. കോൺട്രാസ്റ്റ് നിറത്തിലുള്ള തുണി കൊണ്ടു പോട്‌ലി ബട്ടനുകളും ഉണ്ടാക്കിയെടുക്കണം.
അളവുകൾ മാർക് ചെയ്യാം
ടോപ്പിന്റെ പിൻഭാഗത്തിനുള്ള തുണിയിൽ കഴുത്തകലം, കഴുത്തിറക്കം, ഷോൾഡർ, ടോപ് ഇറക്കം, ചെസ്റ്റ് അളവ് എന്നിവ മാർക് ചെയ്തശേഷം തയ്യൽതുമ്പു കൂടി നൽകി വെട്ടാം.
മുൻഭാഗത്തിനുള്ള തുണിയിൽ ഫ്രണ്ട് ഓപ്പണിങ്ങിനായി ഒരിഞ്ച് വിട്ടശേഷമാണ് കഴുത്തകലം, കഴുത്തിറക്കം, ഷോൾഡർ, ടോപ് ഇറക്കം, ചെസ്റ്റ് അളവ് എന്നിവ മാർക് ചെയ്യേണ്ടത്. അടിവശത്ത് ഷേപ്പിനു വേണ്ടി മൂന്നിഞ്ച് ഇറക്കി മാർക് ചെയ്തശേഷം ഷേപ്പ് വരച്ചു തയ്യൽ തുമ്പു കൂടി നൽകി വെട്ടാം.
സ്കർട്ടിനുള്ള തുണി പിൻഭാഗത്തിനും മുൻഭാഗത്തിനും വെവ്വേറേ മടക്കിയിട്ടു വെട്ടണം. പിന്നിൽ ഇലാസ്റ്റിക് നൽകുന്നതിനാൽ വെയ്സ്റ്റ് അളവിന്റെ പകുതിക്കൊപ്പം ആറിഞ്ച് അധികം നൽകി വേണം അളവു മാർക് ചെയ്യാൻ. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു ഫ്ലെയർ ലൂസ് നൽകാം.
മുൻഭാഗത്തിനുള്ള തുണിയിൽ അളവുകൾ മാർക് ചെയ്യുമ്പോൾ സ്ലിറ്റ് ഓപ്പണിങ്ങിനായി രണ്ടിഞ്ച് അധികം നൽകണം. മുൻപാളിയിൽ ബെൽറ്റ് പിടിപ്പിക്കുന്നതിനാൽ വെയ്സ്റ്റ് അളവിനൊപ്പം ലൂസും തയ്യൽ തുമ്പും കൂടി കണക്കാക്കിയാൽ മതി. പിൻപാളിക്ക് അനുസൃതമായി ഫ്ലെയർ ലൂസ് നൽകാം.
ഈസിയായി തയ്ക്കാം
ടോപ്പിന്റെ മുൻപാളിയും പിൻപാളിയും തമ്മിൽ ഷോൾഡറുകൾ ചേർത്തു തയ്ച്ചശേഷം ഫ്രണ്ട് ഓപ്പണിങ്, കൈക്കുഴി, കഴുത്ത് എന്നിവ കവർ ചെയ്തു തയ്ക്കണം. അടിവശം ഷേപ്പിൽ തയ്ച്ചശേഷം വശങ്ങൾ അറ്റാച്ച് ചെയ്യാം.
സ്കർട്ടിന്റെ പിൻപാളിയിൽ ഇലാസ്റ്റിക് വച്ചു കവർ ചെയ്തു തയ്ക്കണം. മുൻപാളികൾ തമ്മിൽ അറ്റാച്ച് ചെയ്യുന്ന ഭാഗത്തു പോട്‌ലി ബട്ടണുകൾ പിടിപ്പിക്കണം. അടിവശത്തു വേണ്ട അളവിൽ സ്ലിറ്റ് നൽകാം.
ഇനി മുൻപാളിയുടെ മുകൾവശത്തു ബെൽറ്റ് പിടിപ്പിച്ചശേഷം ഇരുപാളികളും തമ്മിൽ അറ്റാച്ച് ചെയ്യാം. അടിവശം മടക്കി തയ്ച്ചാൽ അടിപൊളി മിഡിയും ക്രോപ് ടോപ്പും റെഡി.