ഇതാണു സ്റ്റൈലൻ കോംബിനേഷൻ; കപ്പിൾ ഫാഷനിൽ സ്റ്റൈലായി തിളങ്ങാൻ ഹാരം പാന്റ് അണിയാം Tailoring Tips for Perfect Harem Pants
വിശേഷ അവസരങ്ങളിൽ കപ്പിൾ ഫ്രണ്ട്‌ലി ഡിസൈനുകളിലുള്ള സാരിയും കുർത്തയും ഷർട്ടും ഒപ്പിക്കാൻ പെടാപ്പാടു പെടുന്നവരാണു മിക്കവരും. എല്ലാവരും നിങ്ങളെ മാത്രം ശ്രദ്ധിക്കണം എന്ന സീക്രട് മോഹവുമായി സ്പെഷൽ ഡേ ആഘോഷത്തിനിറങ്ങുമ്പോൾ ലുക്കിൽ ഒട്ടും കോംപ്രമൈസ് ചെയ്യാതെ തന്നെ സ്റ്റൈലായി കോംബിനേഷൻ സാധ്യമാക്കുന്ന ഹാരം പാന്റ് ഡിസൈനാണ് ഇക്കുറി.
ഒരേ നിറങ്ങളിലോ കോംബിനേഷൻ നിറങ്ങളിലോ പരീക്ഷിക്കാവുന്ന ഈ ഹാരം പാന്റിൽ പോക്കറ്റും ബട്ടണുമൊക്കെ നൽകി ഹൈലൈറ്റ് ചെയ്യാം. ക്രോപ് ടോപ്പും ബൂട്ട്സും കൂടി ചേരുമ്പോൾ ഇൻഡോ– വെസ്റ്റേൺ സ്റ്റൈലിൽ നിങ്ങളാകും പാർടിയുടെ പ്രധാന ആകർഷണം. ബീച്ച്, നൈറ്റ് പാർടികളിലും സമ്മർ ഔട്ഫിറ്റായും യാത്രകളിലെ കൂൾ ഡിസൈനർ വെയറായും ഹാരം പാന്റിനെ കൂടെ കൂട്ടാം.
ഇതിനായി ഇനി പറയുന്ന അളവുളെടുക്കാം– വെയ്സ്റ്റ് അളവ്, ഹിപ് അളവ്, പാന്റ് ഇറക്കം. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ലൂസും ഫ്ലെയറും ക്രോച് ഇറക്കവുമൊക്കെ മാറി മാറി പരീക്ഷിക്കാമെങ്കിലും ഹാരം പാന്റിനു വേണ്ടി കുറഞ്ഞതു രണ്ടര മീറ്റർ തുണിയെങ്കിലും വേണ്ടി വരും.
അളവുകൾ മാർക് ചെയ്യാം
പാന്റിനുള്ള തുണി മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ളത് ഒന്നിച്ചു മടക്കിയിട്ട് അളവുകൾ മാർക് ചെയ്യാം. മുകളിൽ ഒന്നര ഇഞ്ച് വീതിയിൽ ബെൽറ്റ് നൽകേണ്ടതിനാൽ ആ അളവ് കഴിച്ചു വേണം ഇറക്കം മാർക് ചെയ്യാൻ.
ക്രോച് ഇറക്കം (കാലുകൾക്കിടയിൽ വരുന്ന ഭാഗം) ഓരോരുത്തരുടെയും ഉയരത്തിനും സൗകര്യത്തിനുമനുസരിച്ചു വ്യത്യാസപ്പെടുത്താം. കാലിന്റെ അടിവശത്ത് ഇലാസ്റ്റിക് നൽകുന്നതിനു വേണ്ടി അൽപം ലൂസ് നൽകിയ ശേഷം വെട്ടാം.
വെയ്സ്റ്റിലെ ബെൽറ്റിനു വേണ്ടി നാലിഞ്ച് വീതിയിൽ നീളൻ പീസും മുറിക്കണം.
ഈസിയായി തയ്ക്കാം
കാലുകളുടെ പുറം വശങ്ങൾ ചേർത്തു തയ്ച്ച ശേഷം അടിവശത്തു ലൂപ് നൽകി ഇലാസ്റ്റിക് കോർക്കാം. ഇനി കാലുകളുടെ അകവശങ്ങൾ ചേർത്തു തയ്ക്കണം.
വെയ്സ്റ്റ് വശത്തിനു വേണ്ടിയുള്ള ബെൽറ്റിൽ ഇലാസ്റ്റിക് വച്ച് പാന്റിന്റെ മുകൾവശത്ത് അറ്റാച്ച് ചെയ്താൽ ഹാരം പാന്റ് റെഡി. സൈഡ് പോക്കറ്റോ ബട്ടനോ വള്ളിയോ ഒക്കെ പിടിപ്പിച്ചു പാന്റിന്റെ ലുക്ക് കളറാക്കാം.