ഓൺലൈനിൽ വാങ്ങാം, ‘ഓഫ്’ ആവാതെ... ചതിവലയിൽ വീണാൽ എന്തൊക്കെ നിയമസഹായങ്ങൾ ലഭിക്കും?
ഒാൺലൈനിൽ മൊബൈൽ ഒാർഡർ ചെയ്തിട്ട് പാക്കറ്റ് തുറക്കുമ്പോൾ ഇഷ്ടിക കിട്ടുന്നതും അ ക്കൗണ്ടിൽ നിന്നു പണം പോയ ശേഷം സോഷ്യൽമീഡിയ പേജിന്റെ പൊടി പോലും കണ്ടുപിടിക്കാൻ പറ്റാത്തതും ബുട്ടീക്കുകളുടെ വ്യാജ ഇൻസ്റ്റഗ്രാം പേജ് നിർമിച്ചു പണം തട്ടുന്നതും തുടങ്ങി നിരവധി പരാതികളാണു ദിവസേന റജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പുകാരുടെ അടുത്ത ഇര നിങ്ങളാവാതിരിക്കാൻ ശ്രദ്ധിക്കാം.
ഒാർഡർ ചെയ്യും മുൻപ്
∙വിശ്വസനീയമായ സൈറ്റുകളിൽ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. സോഷ്യൽമീഡിയ പേജുകൾ ആണെങ്കിൽ കമന്റുകൾ വായിച്ച് ഉൽപ്പന്നത്തെക്കുറിച്ചും സർവീസിനെക്കുറിച്ചും മനസ്സിലാക്കുക.
∙പരിചിതമല്ലാത്ത പേജായാലും സൈറ്റായാലും ആരാണു നടത്തുന്നതെന്നും അവരുടെ വിവരങ്ങളും തിരയുക. ഗൂഗിൾ ചെയ്ത് അവര്‍ ഏതെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുക.
∙ബ്രാൻഡ് ലോഗോയും പ്രൊഫൈൽ പേരും തമ്മിൽ ബന്ധമുണ്ടോ എന്നു ശ്രദ്ധിക്കുക. പ്രൊഫൈലിലെ അക്ഷരത്തെറ്റ്, മോശം വ്യാകരണം, നിലവാരമില്ലാത്ത ലേ ഒൗട്ട് എന്നിവയെല്ലാം ഉണ്ടെങ്കിൽ കൂടുതൽ ജാഗ്രതയാവാം. കോൺടാക്ട് നമ്പരിലെയും മെയിൽ െഎഡിയിലെയും അവ്യക്തതയും സംശയത്തോടു കൂടി കാണണം.
∙ HTTPS എന്നതും പാഡ് ലോക്ക് ചിഹ്നവും ബ്രൗസറിലെ യുആർഎൽ–ൽ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇത് ആധികാരികതയും എൻക്രിപ്ഷനും സൂചിപ്പിക്കുന്നു.
∙ അവിശ്വസനീയമായ ഒാഫറുക ൾ സൂക്ഷിക്കുക. ആയിരം രൂപയുടെ ഉൽപ്പന്നം പത്തു രൂപയ്ക്കു നൽകുന്ന ‘തകർപ്പൻ’ ഒാഫറുകളിൽ തലവയ്ക്കരുത്
∙ പ്രൊഡക്ടിനെക്കുറിച്ചു കൃത്യമായ വിവരങ്ങൾ (പ്രൊഡക്ട് ഡിസ്ക്രിപ്ഷൻ) നൽകിയിട്ടുണ്ടോ എന്നു പ രിശോധിക്കാം. പൂർണമല്ലാത്തവ സുക്ഷിക്കണം.
തട്ടിപ്പിന് ഇരയായാൽ
∙ വാങ്ങിയ ഉൽപ്പന്നം കേടുപാടോടെയാണു ലഭിച്ചതെങ്കി ൽ മാറ്റിത്തരാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ട്. അതുകൊണ്ടു തന്നെ നിർമാതാക്കളെയും വിതരണക്കാരെയും പരാതി അറിയിച്ചു പരിഹാരം ആവശ്യപ്പെടുക.
∙ കസ്റ്റമർ സർവീസിൽ പരിഹാരം ഉണ്ടായിട്ടില്ലെങ്കിൽ ഉൽപ്പന്നത്തിന്റെ നിർമാതാവ് മാനേജിങ് ഡയറക്ടർ,സിഇഒ തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇ മെയില്‍ മുഖേനയോ റജിസ്റ്റേഡ് പോസ്റ്റ് വഴിയോ പരാതി നൽകുക. എന്നിട്ടും പരിഹാരം ലഭിച്ചില്ലെങ്കിൽ ഉപഭോക്തൃ തർക്ക പ രിഹാര കമ്മിഷനിൽ പരാതി സമർപ്പിക്കുക. ഉൽപ്പന്നം പരിശോധിക്കാനുള്ള അപേക്ഷയും നൽകണം.
∙ ഒാൺലൈനായും പരാതി സമർപ്പിക്കാം. ഇ ജാഗ്രതി(e-jagriti.gov.in) എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യാം. ഹെൽപ് ലൈന്‍ നമ്പരുകൾ 011-2430-5702, 011-2430-5703, 011-2430-5728, 011-2430-5752, 011-2430-5766.
പരാതി സമർപ്പിച്ച ശേഷം പ്രസ്തുത പരാതികളും അ നുബന്ധ രേഖകളും (ഹാർഡ് കോപ്പി) അതതു ജില്ലാ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ സമർപ്പിക്കണം. എല്ലാ ജില്ലാ ആസ്ഥാനത്തും ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. അതതു ജില്ലകളിലെ കമ്മിഷനുകളുടെ സൈറ്റുകളില്‍ കയറിയാൽ വിലാസവും ഫോൺ നമ്പരും ലഭ്യമാണ്. ജില്ലയുടെ പേരിനൊപ്പം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ എന്നു ഗൂഗിളിൽ തിരഞ്ഞാൽ മതി.
∙ കൺസ്യൂമർ കോടതിയിൽ പോവുന്നതിനു മുൻപ് സർക്കാരിന്റെ ഗുണമേന്മ മുദ്രകൾ ഉണ്ടെങ്കിൽ(ഹാൾ മാർക്ക്, െഎഎസ്െഎ മാർക്ക്, അഗ് മാർക്ക് ) ആ വകുപ്പുകൾക്കു പരാതി നൽകാം. കൂടാതെ കേന്ദ്ര സർക്കാരിന്റെ കൺസ്യൂമർ ഹെൽപ് ലൈൻ,കേന്ദ്ര ഉപഭോക്തൃ വകുപ്പിനു കീഴിലുള്ള സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റി ഇവയിലോ പരാതി അറിയിക്കാം.
∙ പരാതിക്കാരന്റെ സ്ഥിരം വിലാസം ഉള്ള ജില്ലയിലോ നിലവിൽ താമസിക്കുന്ന ജില്ലയിലോ ആര്‍ക്കെതിരെയാണോ പരാതി കൊടുക്കുന്നത് അവരുടെ വിലാസമുള്ള ജില്ലയിലോ ഉള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകാം.
∙ 50 ലക്ഷം വരെ മൂല്യമുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള പരാതി ജില്ലാകമ്മിഷനിലും 50 ലക്ഷത്തിനും രണ്ടു കോടിക്കും ഇടയിലുള്ളത് സംസ്ഥാന കമ്മിഷനിലും അതിനു മേലെയുള്ളത് നാഷനൽ കമ്മിഷനിലുമാണു നൽകേണ്ടത്.
സമയം പ്രധാനപ്പെട്ടത്
തട്ടിപ്പിന് ഇരയായാൽ സുവർണ മണിക്കൂർ അഥവാ ഗോൾഡൻ അവർ എന്നറിയപ്പെടുന്ന ആദ്യ ഒരുമണിക്കൂർ നഷ്ടപ്പെടുത്തരുത്. എത്രയും പെട്ടെന്നു സൈബർ സെല്ലിലും ബാങ്കിലും വിവരം അറിയിക്കുക. നിങ്ങൾ പണം അടച്ച അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും തേഡ്പാർട്ടി പ്ലാറ്റ്ഫോമിനെ അറിയിച്ചു പണം ഹോ ൾഡ് ചെയ്യാനും സാധിക്കും. സൈബർ തട്ടിപ്പിന് ഇര ആയാൽ വിളിക്കുക–1930.
റിപ്പോർട്ട് ചെയ്യാൻ– https://www.cybercrime.gov.in
ഏഴ് അരുതുകൾ മനസ്സിലുണ്ടാവണം–
1. പബ്ലിക് വൈ ഫൈ ഉപയോഗിച്ചു ബാങ്കിങ് ഇടപാടുകൾ ചെയ്യരുത്.
2. ഷോപ്പിങ്ങിനിടയിൽ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
3. ബാങ്ക് ജീവനക്കാരാണ് എന്നു പറഞ്ഞാൽ പോലും പിൻ നമ്പർ പറഞ്ഞു കൊടുക്കരുത്.
4. ഒറ്റയടിക്കു ക്യൂആർ കോഡ് സ്കാൻ ചെയ്തു പേയ്മെന്റ് നടത്തരുത്. പേരു വിവരങ്ങൾ ഉറപ്പു വരുത്തി മാത്രം പിൻ ടൈപ് ചെയ്യുക.
5. ഷോപ്പിങ്ങിനിടയിൽ വ്യക്തിഗത വിവരങ്ങൾ നൽകരുത്.
6. പോപ് അപ് ക്ലിക് ചെയ്യരുത്.
7. തട്ടിപ്പിന് ഇരയായാൽ റിപ്പോർട്ട് ചെയ്യാൻ മടിക്കരുത്.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. പട്ടത്തിൽ ധന്യ മേനോൻ, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ആന്റ് ഡയറക്ടർ, അവാൻസോ സൈബർ സെക്യൂരിറ്റി സൊല്യൂഷൻസ് തൃശൂർ. അഡ്വ. ടോം ജോസ്, പ്രസിഡന്റ്, ഫെഡറേഷൻ ഒാഫ് കൺസ്യൂമർ ഒാർഗനൈസേഷൻസ് കേരള, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ കാര്യാലയം, തിരുവനന്തപുരം.