‘ചെരുപ്പ് ധരിക്കാതെ റാംപില്‍ ചുവടുവച്ച് മോഡലുകൾ’; കയ്യടി നേടി ലാക്മേ- എഫ്ഡിസിഐ ഫാഷൻ വീക്ക്
ഫാഷൻ ലോകത്ത് മാറ്റത്തിന്റെ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് ലാക്മേ- എഫ്ഡിസിഐ ഫാഷൻ വീക്ക്. നാലും അഞ്ചും ഇഞ്ച് പൊക്കമുള്ള ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ച് റാപ് വോക്കിനിടെ വീണു പോകുന്ന മോഡലുകള്‍ പലപ്പോഴും സങ്കടക്കാഴ്ചയാണ്. എന്നാല്‍ പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി റൺവേയിൽ ചെരുപ്പുകള്‍ ധരിക്കാതെ റാംപ് വോക്ക് നടത്തിയ മോഡലുകളാണ് ലാക്മേ ഫാഷൻ വീക്കില്‍ ശ്രദ്ധിക്കപ്പെട്ടത്.
ചെരുപ്പ് ധരിക്കാതെ റൺവേയിൽ ആദ്യമെത്തിയത് ബോളിവുഡ് താരസുന്ദരി തബുവാണ്. എമറാൾഡ് ഗ്രീൻ നിറത്തിലുള്ള ബനാറസി ബ്രോക്കേഡ് അനാർക്കലിയാണ് താരം ധരിച്ചിരുന്നത്. സദസ്സിനു മുന്നിലെത്തി വസ്ത്രം വട്ടത്തിൽ കറക്കിയപ്പോഴാണ് താരത്തിന്റെ കാലിൽ ചെരുപ്പില്ലെന്ന് പലരും ശ്രദ്ധിച്ചത്. ഡിസൈനർ മോഹിത് റായിയുടെ ‘നൂർ’ കലക്ഷന്റെ ഷോസ്റ്റോപ്പർ ആയാണ് തബു വേദിയിലെത്തിയത്.
നെക്സ സ്പോട്‌ലൈറ്റ് ഷോയിൽ ഡിസൈനർ നൗഷാദ് അലിയുടെ ‘കണ്ടിന്യൂവം’ കലക്ഷൻ അവതരിപ്പിച്ച മോഡലുകളും ചെരുപ്പില്ലാതെയാണ് റൺവേയിലെത്തിയത്. സാധാരണ ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ച് എത്താറുള്ള മോഡലുകള്‍ ചെരുപ്പുകള്‍ ഉപേക്ഷിച്ച് ആത്മവിശ്വാസത്തോടെ റാംപില്‍ ചുവടുകള്‍ വച്ചപ്പോള്‍ കയ്യടിയോടെയാണ് സദസ്സ് എതിരേറ്റത്. ഫാഷൻ എന്നാൽ കംഫർട് ആണെന്ന് തിരുത്തിയെഴുതുകയാണ് മാറിയ കാലം.