Tuesday 10 January 2023 04:46 PM IST

‘എന്തുവന്നാലും അമ്മ മത്സരിക്കും, മിസിസ് ഇന്ത്യയുമാകും’: സിഐഎസ്എഫിൽ എസ്ഐ, രണ്ട് കുട്ടികളുടെ അമ്മ: അഭിനി അഴകിന്റെ റാണി

Binsha Muhammed

abhini-cisf

തോളിൽ രണ്ട് സ്റ്റാറുമായി യൂണിഫോമിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തലയിൽ അഴകിന്റെ കിരീടം ചൂടുക. അതൊരു വല്ലാത്ത ‘കോംബോ’ തന്നെയാണ്. ഇരട്ടി മധുരമെന്നു പറഞ്ഞാലും കുറഞ്ഞു പോകും. ഈ കഥയിലെ നായിക അഭിനി സുസ്മിത് സിഐഎസ്എഫുകാരിയാണ്. എല്ലാത്തിനുമപരി വീട്ടമ്മയാണ് രണ്ടുമക്കളുടെ അമ്മയാണ്. ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും മനസു പറയുന്നത് കേൾക്കാതിരിക്കാൻ ആകുമോ?, സ്വപ്നങ്ങളെ പാതിവഴിക്ക് ഉപേക്ഷിക്കാനാകുമോ? ഇല്ലെന്നു നൂറുവട്ടം മനസിനോടു പറഞ്ഞും കലഹിച്ചും അവൾ നടന്നു കയറിയത് ആരും കൊതിക്കുന്ന അഴകിന്റെ വേദിയിലേക്ക്.

സംഭവബഹുലമായൊരു പ്രണയ കഥയ്ക്കൊടുവിൽപ്രവീൺ കുമാർ മെഹ്‍ലയുടെ പ്രിയതമയായി രാജസ്ഥാനിലേക്ക് വണ്ടികയറിയവൾ. സിഐഎസ്എഫിലെ പാരാമെഡിക്കൽ വിഭാഗത്തിൽ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥ. വടിവൊത്ത യൂണിഫോമിൽ കർമനിരതയായ ഉദ്യോഗസ്ഥയായി സേവനം അനുഷ്ഠിക്കുന്ന അഭിനി അഴകിന്റെ വേദിയിലേക്ക് പോകാനുള്ള ആഗ്രഹം പറയുമ്പോൾ പ്രവീൺ കുമാറും ആദ്യം മൂക്കത്തു വിരൽവച്ചു. പൊലീസുകാരി മോഡലാകാനോ? എന്ന് പറഞ്ഞ് നെറ്റിചുളിച്ചു. എന്നാൽ തന്റെ പ്രിയപ്പെട്ടവൾ വെറുംവാക്ക് പറഞ്ഞതല്ലെന്ന് മനസിലാക്കാൻ പ്രവീണിന് കുറച്ചു നാൾ കൂടി കാത്തിരിക്കേണ്ടി വന്നു. ഡൽഹിയിൽ നടന്ന ‘മിസിസ് ഇന്ത്യ വണ്‍ ഇൻ എ മില്യൺ’ മത്സരത്തിൽ ‘അംബാസി‍ഡർ ഓഫ് രാജസ്ഥാൻ കീരിടം’ ചൂടി അഭിനി ഏവരേയും ഞെട്ടിച്ചു. ആരും കൊതിക്കുന്ന ആ നേട്ടത്തിന്റെ കഥ ‘വനിത ഓൺലൈനോടു’ പറയുമ്പോൾ അഭിനിയുടെ വാക്കുകളിൽ നിറഞ്ഞ ചാരിതാർഥ്യം. പരേഡ് ഗ്രൗണ്ടിൽ നിന്നും റാംപിലേക്ക് നിശ്ചയദാർഢ്യം കൊണ്ട് നടന്നടുത്ത മുപ്പത്തിയഞ്ചുകാരിയുടെ കഥയിങ്ങനെ...

ഫ്രം കാലടി ടു ദേവ്‍ലി

ട്വിസ്റ്റുകളുടേതാണ് ജീവിതമെന്ന് പറയാറുണ്ട്. എന്റെ പ്രണയത്തിൽ തുടങ്ങി ദേ ഇന്നീ കാണുന്ന നേട്ടങ്ങളിൽ വരെ ആ ട്വിസ്റ്റ് കാണാനുണ്ട്. ആദ്യം പ്രണയകഥയിൽ നിന്നും തുടങ്ങാം. കാലടി സ്വദേശിയായ പെണ്ണ് രാജസ്ഥാൻകാരന്റെ പെണ്ണായ കഥ.– അഭിനി പറഞ്ഞു തുടങ്ങുകയാണ്.

കാലടിയാണ് സ്വദേശം. അച്ഛൻ സുധീർ, റിട്ടയേഡ് എസ്ഐയാണ്. അമ്മ സൈനബ, റിട്ടയേഡ് ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട്. ഒറ്റമോളായതിന്റെ സ്നേഹവും ലാളനയുമൊക്കെ പണ്ടേയുണ്ട് കേട്ടോ. ഡിഗ്രിക്ക് ബിഎസ്‍സി ശങ്കരാചാര്യ കോളജിൽ ഫിസിക്സിന് ചേർന്നതാണ്. പക്ഷേ എന്തെങ്കിലും തൊഴിലധിഷ്ടിത കോഴ്സ് പഠിക്കണമെന്ന ആഗ്രഹം കൊണ്ട് ഡിഗ്രി പഠനം ആദ്യ ഘട്ടത്തിലേ സ്റ്റോപ്പിട്ടു. കൊച്ചിയിലെ ഗവൺമെന്റ് നഴ്സിങ് സ്കൂളിലേക്ക് എത്തുമ്പോൾ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. എത്രയും പെട്ടെന്ന് ജോലി കണ്ടെത്തുക, സ്വന്തം കാലിൽ നിൽക്കുക, അച്ഛനേയും അമ്മയേയും നല്ലപോലെ നോക്കുക. നല്ല മാർക്കോടെ തന്നെ പഠിച്ചിറങ്ങി. സിഐഎസ്എഫിൽ പാരാമെഡിക്കൽ വിഭാഗത്തിൽ നഴ്സിങ് ഓഫീസർ ഒഴിവിലേക്കുള്ള അവസരമാണ് ആദ്യം കണ്ണിലുടക്കിയത്. മനസ് ആഗ്രഹിച്ച ആദ്യത്തെ ലക്ഷ്യം അവിടെ നിറവേറുകയായിരുന്നു. അഭിമുഖവും എഴുത്തുപരീക്ഷയും ഒന്നാം റാങ്കോടെ വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയിൽ ഒന്നാം റാങ്കായിരുന്നു എന്നത് ആ നേട്ടം ഇരട്ടിയാക്കി. ഇന്ത്യയുടെ അഭിമാന സേനയായ സിഐഎസ്എഫിലേക്ക് എത്തുന്നത് അങ്ങനെയാണ്. സിഐഎസ്എഫിന്റെ ആദ്യ സ്റ്റാഫ് നഴ്സിങ് റിക്രൂട്ട്മെന്റായിരുന്നു അത്. ജോലിക്കു കയറി കാലം കടന്നു പോകേ വലിയ ചില നാഴികക്കല്ലുകൾ കൂടി ആ പ്രഫഷൻ എനിക്കായി കരുതി വച്ചിരുന്നു. എസ്ഐ റാങ്കിലുള്ള ഇന്ത്യയിലെ ഒരേയൊരു വനിത പാരാമെ‍ഡിക്കൽ സ്റ്റാഫ് നഴ്സാണ് ഞാന്‍. ട്രെയിനിങ് സമയത്ത് ഓൾ റൗണ്ട് ബെസ്റ്റ് ട്രോഫിയും എനിക്കായിരുന്നു. അങ്ങനെ സന്തോഷകരമായി സിഐഎസ്ഫിൽ തുടരുന്ന കാലം, അവിടെ വച്ചാണ് ഒരു രാജസ്ഥാൻകാരന്റെ പ്രണയം എന്നെ തേടി വരുന്നത്.

abhini-5

കാലം കുറച്ചു പുറകോട്ടു പോകണം. 2012 ഹൈദരാബാദിലെ സിഐഎസ്എഫ് അക്കാദമിയിൽ ട്രെയിനിങ് നടക്കുകയാണ്. അവിടെ വച്ചാണ് രാജസ്ഥാനിലെ സിക്കർ സ്വദേശിയായ പ്രവീൺ കുമാർ മെഹ്‍ലയെ കാണുന്നത്. ആദ്യം സ്വാഭാവികമായൊരു പരിചയപ്പടൽ. പക്ഷേ കക്ഷി എന്റെ പിന്നാലെ കൂടി, പ്രണയം പറഞ്ഞു. ഒറ്റമോളായ ഞാൻ അച്ഛനേയും അമ്മയേയും വിട്ട് രാജസ്ഥാനിൽ പോകേണ്ടി വരുമല്ലോ എന്ന സാഹചര്യം മുന്നിൽക്കണ്ട് ആദ്യമേ നോ പറഞ്ഞു. പക്ഷേ പുള്ളിക്കാരൻ വിട്ടില്ല. കട്ടയ്ക്ക് പ്രണയം തുടർന്നു. ഞാൻ വേണ്ട, ശരിയാകില്ല എന്നു തീർത്തു പറഞ്ഞപ്പോൾ അച്ഛനോട് സംസാരിക്കാമെന്നായി. പക്ഷേ അവിടെ അച്ഛൻ എന്നെ ഞെട്ടിച്ചു. രാജസ്ഥാൻകാരനായതു കൊണ്ട് നീ വേണ്ടെന്നു വയ്ക്കേണ്ട, പയ്യൻ കൊള്ളാമെന്ന് അച്ഛന്റെ കമന്റ്. നീ എവിടെ ആണെങ്കിലും ഹാപ്പി ആയിരിക്കും എന്നു കൂടി പറഞ്ഞതോടെ സംഭവം ഓകെയായി. പിന്നെല്ലാം പെട്ടെന്നായിരുന്നു, കൊച്ചിക്കാരി പെണ്ണ് രാജസ്ഥാന്റെ മരുമകളായി. 2013 നവംബറിലായിരുന്നു വിവാഹം. ഞങ്ങളുടെ സന്തോഷങ്ങളുടെയെല്ലാം ആകെത്തുകയായി രണ്ട് നിധികള്‍ കൂടിയെത്തി. മകൻ ഇഷാന്‍ കുമാർ മെഹ്‍ലയ്ക്ക് 7 വയസാകുന്നു, മകൾ താനിയ മെഹ്‍ലയ്ക്ക് മൂന്നര വയസും.

abhini-2

പണ്ടു പണ്ടേ ആ സ്വപ്നം

യൂണിഫോമിൽ സ്ട്രിക്ട് ഓഫീസറായി മുന്നോട്ടു പോകുമ്പോഴും ഒരു മോഡലാകുക, ഫാഷന്റെ വേദിയിൽ തിളങ്ങുക എന്നൊരു സ്വപ്നം ഉണ്ടായിരുന്നു. വടിവൊത്ത യൂണിഫോമില്‍ അറ്റൻഷനായി നിൽക്കുന്ന ഓഫീസർ ഗൗണും ലെഹങ്കയുമിട്ട് എങ്ങനെ റാംപിലെത്തുമെന്ന കൺഫ്യൂഷന്‍ എനിക്കുണ്ടായിരുന്നു. പക്ഷേ മനസ് മുന്നോട്ടു തന്നെ നയിച്ചു. മിസിസ് ഇന്ത്യ വൺ ഇൻ എ മില്യൺ മത്സരത്തിന് ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ഒന്നു രണ്ടു തവണ കണ്ണിലുടക്കി. ആദ്യം മൈൻഡ് ചെയ്തില്ല. പക്ഷേ എന്നെ പ്രലോഭിപ്പിച്ച് ആ പരസ്യം വീണ്ടും വീണ്ടും എന്റെ ഫീഡിൽ വന്നു. അങ്ങനെയാണ് കണ്ണുംപൂട്ടി അപേക്ഷിക്കുന്നത്. ഭർത്താവിനോട് പറഞ്ഞപ്പോൾ ആദ്യം പുള്ളിക്കാരൻ ഒന്ന് കൺഫ്യൂഷനായി. നിരുത്സാഹപ്പെടിത്തിയില്ലെങ്കിലും നിനക്കിത് പറ്റുമോ എന്ന സംശയമായിരുന്നു അദ്ദേഹത്തിന്. പക്ഷേ എന്റെ മകൻ ഇഷാന്റെ വാക്കുകൾ എനിക്ക് ഇരട്ടി ആവേശം പകർന്നു. ‘എന്തുവന്നാലും അമ്മ മത്സരിക്കും, എന്റെ അമ്മ മിസിസ് ഇന്ത്യയാകും, അത് ഞാന്‍ കാണും.’ ആ വാക്കുകൾ എനിക്ക് തന്ന ഊർജം ചെറുതല്ല.

abhini-1

2022ലാണ് മത്സരത്തിന്റെ ആദ്യ കടമ്പകൾ സംഭവിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺ‌ലൈനായായിരുന്നു മത്സരം. ഓഡീഷൻ, അഭിമുഖം, ടാലന്റ് റൗണ്ട് എന്നിങ്ങനെ എണ്ണം പറഞ്ഞ ഘട്ടങ്ങൾ. എല്ലാം ആത്മവിശ്വാസം കൊണ്ട് മറികടന്നു. കോവി‍ഡ് ഭീതിയൊഴിഞ്ഞതോടെ മത്സരം വെർച്വൽ രംഗത്തു നിന്നും നേർക്കു നേരായി എത്തി. 2022 ഡിസംബറിൽ ഡൽഹിയിലായിരുന്നു വേദി ഒരുങ്ങിയത്. അവസാനവട്ട ടാലന്റ് റൗണ്ടിൽ വിഘ്നേശ്വര സ്തുതി തീമിൽ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിച്ചു. ചോദ്യോത്തര റൗണ്ടിൽ ട്രാൻസ് ജെൻഡർ ഇക്വാളിറ്റിയെക്കുറിച്ച് ശക്തമായി സംസാരിച്ചു. ഇതിനു പുറമേ പൊതു വിജ്ഞാനം അളക്കുന്ന ചോദ്യങ്ങളും. എല്ലാം വളരെ നന്നായി തന്നെ പൂർത്തിയാക്കി. മുംബൈയിൽ നിന്നുള്ള സ്നേഹയെ മിസിസ് ഇന്ത്യയായി പ്രഖ്യാപിക്കുമ്പോൾ മനസൊന്ന് വേദനിച്ചു. സ്നേഹ വിജയി ആയതിൽ അല്ല വിഷമം, ഞാൻ തയ്യാറെടുത്തതും പങ്കെടുത്തതും എല്ലാം വെറുതെയായോ എന്നൊരു തോന്നല്‍. പക്ഷേ എനിക്കുള്ള സുവർണ നേട്ടം ആ വേദി കരുതിവച്ചു. ‘അംബാസിഡർ ഓഫ് രാജസ്ഥാൻ’ എന്ന ശ്രദ്ധേയ നേട്ടം എന്റെ പേരിലെഴുതി പ്രഖ്യാപനം വന്നു. ശരിക്കും പറഞ്ഞാൽ തുള്ളിച്ചാടാൻ തോന്നി. ആരും കൊതിക്കുന്നൊരു നേട്ടം. അതും അഴകിന്റെ വേദിയിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ എനിക്ക്.

കേരളത്തെയാണ് ഞാൻ പ്രതിനിധീകരിച്ചതെങ്കിലും ഇപ്പോൾ താമസിക്കുന്ന സ്ഥലം രാജസ്ഥാൻ ആയതിനാൽ ‘അംബാസിഡർ ഓഫ് രാജസ്ഥാൻ’ എന്ന ടൈറ്റിലാണ് ഇണങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു. എന്തു തന്നെയായാലും ഈ നേട്ടം എനിക്കത്ര മാത്രം വിലപ്പെട്ടതാണ്. ഒന്നും നടക്കില്ല, ശരിയാകില്ല എൻ മുൻവിധികളെ താണ്ടി ദൈവം എനിക്കായി നൽകിയ അംഗീകാരം. അത് ഒത്തിരി വീട്ടമ്മമാർക്ക് പ്രചോദനമാകുമെന്ന് ഞാൻ കരുതുന്നു. പ്രതീക്ഷിക്കുന്നു. ഈ വിജയം മടിച്ചു നിന്ന ഘട്ടത്തിൽ എന്നെ മുന്നോട്ടു നയിച്ച എന്റെ മക്കൾക്ക് സമർപ്പിക്കുന്നു. പിന്നെ എന്റെ എല്ലാമെല്ലാമായ ഭർത്താവിനും. പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും.– അഭിനി പറഞ്ഞു നിർത്തി.